മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫൂട്ടേജ് സിനിമയാണ് 'വഴിയെ'. നിർമ്മൽ ബേബി വർഗീസ് ആണ് 'വഴിയെ'യുടെ സംവിധാനം. ലോകത്തിലെ ഏറ്റവും രസകരമായ സിനിമ ആഖ്യാന രീതിയാണ് ഫൗണ്ട് ഫൂട്ടേജ്. സിനിമയ്ക്കുള്ളിൽ, കഥാപാത്രങ്ങളുടെ കയ്യിലിരിക്കുന്ന ക്യാമറകളിലൂടെ ലഭ്യമാകുന്ന ദൃശ്യങ്ങൾ, സിസിടിവി ദൃശ്യങ്ങൾ - ഡാഷ് കാം ദൃശ്യങ്ങൾ തുടങ്ങിയവയിലൂടെ കഥ പറയുന്ന രീതിയാണിത്.
ലോക്ക്ഡൗണ്‍ സമയത്ത് പുറത്തിറങ്ങിയ മഹേഷ് നാരായണൻ സംവിധാനം ചെയ്‌ത് ഫഹദ് ഫാസിൽ പ്രധാന വേഷത്തിലെത്തിയ 'സീയൂ സൂണ്‍' എന്ന ചിത്രവും ഇതേ ജോണറിൽ ഉൾപ്പെടുത്താവുന്ന സിനിമയാണ്. സ്ക്രീനിൽ കാണുന്ന രംഗങ്ങൾ മാനിപ്പുലേറ്റ് ചെയ്യാതെ യാഥാർത്ഥ്യവും ആകസ്‌മികവുമായി സംഭവിക്കുന്നതാണെന്ന് പ്രേക്ഷകരെ തോന്നിപ്പിക്കാൻ ഇത്തരം ഫിലിം മേക്കിംഗ് രീതികൾ വളരെ ഉപകാരപ്രദമാണ്. കൂടുതലും ഹൊറർ സിനിമകളിലാണ് ഇത്തരം ഫിലിം മേക്കിംഗ് രീതി ഉപകരിക്കുന്നത്. ഫൗണ്ട് ഫൂട്ടേജ് വിശേഷങ്ങള്‍ ഇടിവി ഭാരതിനോട് പങ്കുവയ്‌ക്കുകയാണ് സംവിധായകൻ നിർമ്മൽ ബേബി വർഗീസ്.
'വഴിയെ, ഹൊറർ ജോണറിൽ ഒരുക്കിയ മലയാളം ചിത്രമാണ്. ചിലവ് കുറഞ്ഞ രീതിയിൽ സിനിമ ചിത്രീകരിച്ചെടുക്കാൻ ഫൗണ്ട് ഫൂട്ടേജ് എന്ന ആഖ്യാനരീതി ഏറെ ഉപകാരപ്രദമാണ്. വെറും 10,000 രൂപ മുടക്കി മാത്രം ഒരു ചിത്രം നിർമ്മിക്കുക. അത്തരം ഒരു ചിന്തയിൽ നിന്നാണ് 'വഴിയെ'യുടെ ജനനം. വിദേശ സിനിമകൾ ആയിരുന്നു സ്വന്തം സിനിമ രൂപപ്പെടുത്തിയെടുക്കാനുള്ള റഫറൻസ്. 10,000 രൂപ മുതൽമുടക്കി ഒരു ചിത്രം നിർമ്മിക്കുന്നതിന് ഏറ്റവും മികച്ച രീതിയിൽ ഫൗണ്ട് ഫൂട്ടേജ് എന്ന മാർഗം ഉപയോഗിക്കാം എന്ന് തോന്നുകയായിരുന്നു.
സുഹൃത്തുക്കളെ തന്നെയാണ് സിനിമ ചെയ്യാൻ ഒപ്പം കൂട്ടിയത്. പ്രിയപ്പെട്ട സുഹൃത്തായ ജെഫിൻ കേന്ദ്ര കഥാപാത്രമായി. ഏറ്റവും വലിയ വെല്ലുവിളി, സിനിമകളുടെ പശ്ചാത്തല സംഗീതം ഒരുക്കുക എന്നുള്ളതാണ്. അങ്ങനെയാണ് ഹോളിവുഡ് സംഗീത സംവിധായകനായ ഇവാൻ ഇവാൻസ് സിനിമയുടെ ഭാഗമാകുന്നത്. 'കില്ലേഴ്‌സ്', 'അൻടിൽ ഡത്ത്', 'ഫ്യൂച്ചർ മർഡർ', 'ക്രെവ്' തുടങ്ങി 100 ഓളം ഹോളിവുഡ് ചിത്രങ്ങളിലൂടെ പ്രശസ്‌തനാണ് ഇവാൻസ്. ഇത്രയും വലിയ സംവിധായകനായിരുന്നിട്ടും ഈ ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിക്കുന്നതിന് അദ്ദേഹം ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിരുന്നില്ല.