എറണാകുളം: നിരവധി ദേശീയ അന്തർദേശീയ പുരസ്‌ക്കാരങ്ങൾ നേടിയ "ബിരിയാണി" എന്ന ചലച്ചിത്രത്തിന് ശേഷം റിമ കല്ലിങ്കലിനെ നായികയാക്കി സജിൻ ബാബു സംവിധാനം ചെയ്യുന്ന "തിയറ്റർ - എ മിത്ത് ഓഫ് റിയാലിറ്റി" എന്ന ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ അണിയറപ്രവർത്തകർ പുറത്തു വിട്ടു. അൻജന-വാർസിന്‍റെ ബാനറിൽ അൻജന ഫിലിപ്പ്, വി എ ശ്രീകുമാർ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിർമ്മാണം.
വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ആദ്യമായി ഒരുമിച്ച് അഭിനയിച്ച ‘തെക്ക് വടക്ക്’ എന്ന ചിത്രമായിരുന്നു അൻജന - വാർസ് ഇതിന് മുൻപ് നിർമ്മിച്ചത്. "തിയറ്റർ - എ മിത്ത് ഓഫ് റിയാലിറ്റി"യുടെ ചിത്രീകരണം വർക്കലയിലും പരിസരങ്ങളിലുമായി കഴിഞ്ഞ ദിവസം പൂർത്തിയായി. തെങ്ങിൽ കയറുന്ന റിമയുടെ ചിത്രം ഒരു യുവാവ് പകർത്തുന്ന രീതിയിലുള്ള പോസ്‌റ്ററാണ് ഇപ്പോൾ പുറത്തിറങ്ങിട്ടുള്ളത്.
“ഇക്കാലത്ത് മനുഷ്യർ സ്വന്തം ആവശ്യങ്ങൾക്കും വിശ്വാസങ്ങൾക്കും അനുസരിച്ച് യാഥാർഥ്യങ്ങളെ സ്വന്തമായി വ്യാഖ്യാനിക്കുന്നതാണ് കഥയുടെ പ്രമേയമെന്നാണ് സംവിധായകൻ സജിൻ ബാബു പറഞ്ഞു. വൈറൽ യുഗത്തിന്‍റെ കഥയാണിത്. തിയറ്ററുകളിലൂടെ തന്നെ 'തിയറ്റർ' സിനിമ ജനങ്ങളിൽ എത്തണം. ഇപ്പോൾ പുറത്തിറങ്ങുന്ന കാമ്പുള്ള മലയാളം സിനിമകൾ ഫെസ്‌റ്റിവൽ വേദികളിൽ മാത്രമേ കാണാനാകൂ എന്ന സ്ഥിതി ഉറപ്പായും മാറണം”എന്ന് നിർമ്മാതാവ് അൻജന ഫിലിപ്പ് പറഞ്ഞു.നമ്മുടെ ചുറ്റുപാടും നടക്കുന്ന സംഭവ വികാസങ്ങളെ കണ്ടെത്തിയാണ് "തിയറ്റർ" എന്ന സിനിമയിൽ അവതരിപ്പിക്കുന്നത്. നടന്ന ചില സംഭവങ്ങളുമായി ഒട്ടേറെ സാമ്യം തോന്നുന്നതാണ് പ്രമേയം” എന്നാണ് നിർമ്മാതാവ് വി എ ശ്രീകുമാറിന്‍റെ പ്രതികരണം.
കനി കുസൃതിക്ക് മികച്ച നടിക്കുള്ള മോസ്‌കോ ഫിലിം ഫെസ്‌റ്റിവൽ അവാർഡ്, സംസ്ഥാന പുര്സ്‌ക്കാരം, ഫിലിം ഫെയർ അവാർഡ് തുടങ്ങിയവ നേടിക്കൊടുത്ത സജിൻ ബാബുവിന്‍റെ 'ബിരിയാണി' എന്ന സിനിമ ലോക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അന്തർദേശീയ തലത്തിൽ 150 ലധികം ഫിലിം ഫെസ്‌റ്റിവലുകളിൽ പ്രദർശിപ്പിച്ച സിനിമ ദേശീയ പുരസ്‌കാരം ഉൾപ്പെടെ 45 ലധികം പുരസ്‌ക്കാരങ്ങൾ നേടി.