ദുൽഖർ സൽമാൻ ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് 'ലക്കി ഭാസ്‌കർ' ടീസർ പുറത്ത്. ഈദിനോടനുബന്ധിച്ച്, വ്യാഴാഴ്‌ച (ഏപ്രിൽ 11) പുറത്തെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുകയാണ്. പ്രേക്ഷകർക്ക് ആകർഷകവും ആഴത്തിലുള്ളതുമായ ഒരു സിനിമായാത്ര 'ലക്കി ഭാസ്‌കർ' സമ്മാനിക്കുമെന്ന് ഉറപ്പ് തരുന്നതാണ് ടീസർ.
വെങ്കി അറ്റ്‌ലൂരിയാണ് ദുൽഖർ സൽമാനെ നായകനാക്കി 'ലക്കി ഭാസ്‌കർ' സംവിധാനം ചെയ്‌തിരിക്കുന്നത്. വെങ്കി അറ്റ്‌ലൂരി തന്നെയാണ് ഈ ചിത്രത്തിനായി തിരക്കഥയെഴുതിയതും. മലയാളം, തെലുഗു, തമിഴ്, ഹിന്ദി എന്നീ 4 ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായാണ് 'ലക്കി ഭാസ്‌കർ' പ്രേക്ഷകരിലേക്ക് എത്തുക. ദുൽഖൽ വീണ്ടുമൊരു പാൻ ഇന്ത്യൻ സിനിമയുമായി എത്തുമ്പോൾ ആരാധകരും ആവേശത്തിലാണ്.
ഈ വർഷം ഫെബ്രുവരിയിലായിരുന്നു ഈ സിനിമയുടെ ഓദ്യോഗിക പ്രഖ്യാപനം പുറത്തുവന്നത്. പിന്നീട് 'ലക്കി ഭാസ്‌കറി'ന്‍റെ ഓരോ അപ്‌ഡേറ്റുകൾക്കായും പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ഈ ചിത്രം ഫോർച്യൂൺ ഫോർ സിനിമാസിൻ്റെ ബാനറിൽ സായ് സൗജന്യയും സിത്താര എൻ്റർടെയ്ൻമെൻസിൻ്റെ ബാനറിൽ സൂര്യദേവര നാഗ വംശിയും ചേർന്നാണ് നിർമിക്കുന്നത്.