ദുല്‍ഖര്‍ സല്‍മാന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ തെലുങ്ക് ചിത്രമാണ് 'ലക്കി ഭാസ്‌കര്‍'. തിയേറ്ററുകളില്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രം ഇപ്പോള്‍ ഒടിടിയില്‍ റിലീസ് ചെയ്‌തിരിക്കുകയാണ്. ദീപാവലി റിലീസായി ഒക്‌ടോബര്‍ 31ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ഒരു മാസം എത്തുന്നതിന് മുന്‍പേ നെറ്റ്‌ഫ്ലിക്‌സില്‍ സ്‌ട്രീമിംഗ് ആരംഭിച്ചു.
മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ ഇന്ന് മുതലാണ് ചിത്രം നെറ്റ്‌ഫ്ലിക്‌സില്‍ സ്‌ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ഒടിടിയില്‍ എത്തിയതിന് പിന്നാലെ ചിത്രം കൂടുതല്‍ പ്രേക്ഷകരിലേയ്‌ക്കും എത്തിയിരിക്കുകയാണ്.
ദീപാവലി റിലീസായി തിയേറ്ററുകളില്‍ എത്തിയ 'ലക്കി ഭാസ്‌കര്‍' ബോക്‌സ് ഓഫീസില്‍ തരംഗമായി മാറിയിരുന്നു. സമീപകാല തെലുങ്ക് റിലീസുകളില്‍ വന്‍ വിജയമായിരുന്നു 'ലക്കി ഭാസ്‌കര്‍'. ആഗോളതലത്തില്‍ ആകെ 110.5 കോടി രൂപയാണ് ചിത്രം ഇതുവരെ കളക്‌ട് ചെയ്‌തത്. ഇന്ത്യയില്‍ നിന്നും 83 കോടി രൂപയും ചിത്രം കളക്‌ട് ചെയ്‌തു. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള നെറ്റ് കളക്ഷന്‍ 72 കോടി രൂപയാണ്.
ഇതോടെ തെലുങ്കില്‍ തുടര്‍ച്ചയായി മൂന്ന് ചിത്രങ്ങള്‍ ബോക്‌സ് ഓഫീസ് ഹിറ്റടിച്ച് ഹാട്രിക് നേടിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. 'മഹാനടി', 'സീതാരാമം' എന്നീ ചിത്രങ്ങളായിരുന്നു ഇതിന് മുമ്പ് ബോക്‌സ് ഓഫീസില്‍ വിജയം കൊയ്‌ത ദുല്‍ഖറിന്‍റെ തെലുങ്ക് ചിത്രങ്ങള്‍.