റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് അഞ്ജു ജോസഫ്. പിന്നീട് മലയാള സിനിമയില്‍ പിന്നണി ഗായകിയായി തിളങ്ങിയ അഞ്ജു നിരവധി ടെലിവിഷന്‍ ഷോകളിലും സജീവമായിരുന്നു. ഇതുകൂടാതെ സ്വന്തമായി കവര്‍ സോംഗുകളും ചെയ്യാറുണ്ട്.
ഇപ്പോഴിതാ ആരാധകരെ ഞെട്ടിച്ച് കൊണ്ട് അഞ്ജുവിന്‍റെ വിവാഹ വാര്‍ത്തയാണ് പുറത്തു വരുന്നത്. വിവാഹം കഴിഞ്ഞ ശേഷമാണ് ഗായിക സോഷ്യല്‍ മീഡിയയില്‍ തന്‍റെ വിവാഹ ചിത്രം പങ്കുവച്ച് കൊണ്ട് ആരാധകരെ അറിയിച്ചിരിക്കുന്നത്. ആദിത്യ പരമേശ്വരനാണ് വരന്‍. ആലപ്പുഴ രജിസ്‌റ്റര്‍ ഓഫീസില്‍ വച്ചായിരുന്നു വിവാഹം.
വിവാഹത്തിന് പിന്നാലെ അഞ്ജുവിന്‍റെ ആദ്യ ബന്ധത്തെ കുറിച്ചാണ് ഏവരും ചര്‍ച്ച ചെയ്യുന്നത്. അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു അഞ്ജു ജോസഫും അനൂപ് ജോണും വിവാഹിതരായത്. ആദ്യ ബന്ധം വേര്‍പിരിഞ്ഞ ശേഷം അഞ്ജു കടുത്ത ഡിപ്രെഷനിലായിരുന്നു. ഇതേകുറിച്ച് അടുത്തിടെ ചില യൂട്യൂബ് മാധ്യമങ്ങളോടും അഞ്ജു തുറന്നു പറഞ്ഞിരുന്നു.
പലവേദികളും പ്രത്യക്ഷപ്പെടുന്ന തന്നോട് ഒരുപരിചയവും ഇല്ലാത്തവര്‍ വന്നിട്ട് വിവാഹ ബന്ധം വേര്‍പ്പെടുത്തിയതിന്‍റെ കാരണം എന്തായിരുന്നുവെന്ന് ആരായുമെന്നും ഇത് തന്നെ വല്ലാതെ ഇറിട്ടേറ്റ് ചെയ്‌തിരുന്നു എന്നുമാണ് അഞ്ജു പറഞ്ഞത്.
"ഡൈവേഴ്‌സിന്‍റെ കാരണം തുറന്നു പറയാന്‍ താല്‍പ്പര്യമില്ല. പറയാനും ഉദ്ദേശിക്കുന്നില്ല. അറിയുന്നത് കൊണ്ട് ആര്‍ക്കും ഒരു ഗുണവും ഇല്ല. അതിനിനി ആര്‍ക്കും ശരിയാക്കാനും കഴിയില്ല. അതിലൊരു എത്തിക്‌സും ഉണ്ട്.
ഒരു പരിചയവും ഇല്ലാത്തവര്‍ അടുത്തുവന്നിട്ട് പേര്‍സണല്‍ കാര്യങ്ങള്‍ ചോദിച്ചാല്‍ ദേഷ്യം വരും. സത്യത്തില്‍ ദേഷ്യമല്ല അവരോട് സഹതാപമാണ് തോന്നുക. അതെനിക്ക് ഇറിട്ടേറ്റിംഗ് എന്നും പറയാന്‍ കഴിയില്ല. എന്തിനാണ് ഇത്ര പേര്‍സണല്‍ കാര്യം ചോദിക്കുന്നത്. അവരുടെ വീക്കില്‍ ഒരു വഴക്കുണ്ടായാല്‍ നമ്മളാരും അത് എന്തിനാണെന്ന് ചോദിക്കില്ലല്ലോ."-ഇപ്രകാരമായിരുന്നു അഞ്ജുവിന്‍റെ വാക്കുകള്‍.
തന്‍റെ തുറന്നു പറച്ചില്‍ കൊണ്ട് വിവാഹ ബന്ധം വേര്‍പിരിഞ്ഞ ശേഷവും ആര്‍ക്കെങ്കിലും സന്തോഷം കണ്ടെത്താന്‍ കഴിഞ്ഞാല്‍ താന്‍ സന്തോഷവതിയാകുമെന്നാണ് അഞ്ജു പറയുന്നത്. എപ്പോഴും മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് ജീവിച്ചിരുന്നത് എന്ന സത്യവും ഒടുവില്‍ താന്‍ തിരിച്ചറിഞ്ഞതായും ഗായിക പറഞ്ഞു.
"ഏത് ബന്ധവും അത് അവസാനിക്കുമ്പോള്‍ ഒരുപാട് വേദന ഉണ്ടാകും. അത് ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധം ആവണം എന്നില്ല. മാതാപിതാക്കളുമായോ സുഹൃത്തുക്കളുമായോ പിരിയേണ്ടി വന്നാല്‍ പോലും സങ്കടമാണ്. എത്രയൊക്കെ ഇല്ലെന്ന് പറഞ്ഞാലും ആ വേദന ഉണ്ടാകും.
വേര്‍പിരിയല്‍ വളരെ എളുപ്പമാണെന്നും ഒന്നിച്ച് ജീവിക്കാനാണ് പ്രയാസമെന്നും ചിലര്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാല്‍ അങ്ങനെയല്ല. ഈ അവസ്ഥയിലൂടെ കടന്നു പോയിട്ടുള്ളവര്‍ ഒരിക്കലും അത് പറയില്ല. കാരണം അത്രയും വേദനാജനകമാണ് ആ അവസ്ഥ. അത് നമ്മെ ബാധിക്കും. നമ്മുടെ പങ്കാളിയെയും ബാധിക്കും. എന്നാല്‍ നിങ്ങള്‍ക്ക് സന്തോഷമില്ലെങ്കില്‍ അത് ചെയ്യുന്നത് തന്നെയാണ് നല്ലത്. പോസ്‌റ്റ് ഡൈവേഴ്‌സിന് ശേഷവും ഒരു ജീവിതമുണ്ട്.
ഐഡിയ സ്‌റ്റാര്‍ സിംഗറിലൂടെ വന്ന കാലം മുതല്‍ എനിക്ക് നല്ലൊരു ഇമേജ് ഉണ്ടായിരുന്നു. ആ ഇമേജ് ബ്രേക്ക് ചെയ്യരുതെന്ന് എനിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. അത് ഞാന്‍ എനിക്ക് നല്‍കിയ പ്രഷര്‍ ആയിരുന്നു. അതുകൊണ്ട് തന്നെ വിവാഹ മോചനം എന്ന തീരുമാനത്തിലേക്ക് എത്താന്‍ സമയം എടുത്തു.
പതിയെ ഞാന്‍ തിരിച്ചറിഞ്ഞു, എനിക്ക് എന്നെ ഇഷ്‌ടമല്ലെന്ന്. ഞാന്‍ എപ്പോഴും മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് ജീവിച്ചിരുന്നത്. ഞാന്‍ തന്നെ കണ്ടുപിടിച്ച പാര്‍ട്‌ണര്‍ ആയത് കൊണ്ട് ഇത് എങ്ങനെയെങ്കിലും മുന്നോട്ട് കൊണ്ട് പോകണമെന്ന പ്രഷര്‍ കൊടുത്തുക്കൊണ്ടിരുന്നു. ഡൈവേഴ്‌സ് ആയാല്‍ എങ്ങനെ പുറത്തിറങ്ങി നടക്കും. അങ്ങനെ സംഭവിച്ചാല്‍ നാട്ടുകാരൊക്കെ മാതാപിതാക്കളോട് അതിനെ കുറിച്ച് ചോദിക്കില്ലേ, അവര്‍ക്ക് ഇതൊക്കെ സങ്കടമാകില്ലേ എന്നൊക്കെയായിരുന്നു എന്‍റെ ചിന്ത."-അഞ്ജു ജോസഫ് പറഞ്ഞു.