പ്രയാഗ്‌രാജ് (ഉത്തർപ്രദേശ്): മഹാകുംഭമേളയിലെ ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം ചെയ്യാന്‍ ഭക്ത ജനങ്ങളുടെ ഒഴുക്ക്. തിങ്കളാഴ്‌ച രാത്രി 10 മണി വരെ മാത്രം 15 ദശലക്ഷത്തിലധികം ആളുകളാണ് ഗംഗ, യമുന, സരസ്വദി നദികളുടെ സംഗമസ്ഥാനത്ത് സ്‌നാനം ചെയ്‌തത്. 1 ദശലക്ഷം കൽപവാസികളും ഇതില്‍ ഉൾപ്പെടുന്നു.
ജനുവരി 13 ന് മഹാകുംഭമേള ആരംഭിച്ചത് മുതല്‍ ഇതുവരെ 140 ദശലക്ഷത്തിലധികം ആളുകൾ പുണ്യസ്‌നാനം ചെയ്‌തതായാണ് ഉത്തർപ്രദേശ് സർക്കാരിന്‍റെ കണക്ക്. തിങ്കളാഴ്‌ച ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലുള്ള സംഗമ ത്രിവേണിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പുണ്യസ്‌നാനം നടത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്‌സാപ്പിൽ ലഭിക്കാന്‍ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബാബാ രാം ദേവ്, മറ്റ് സന്യാസിമാരും അമിത് ഷായ്‌ക്കൊപ്പം ഉണ്ടായിരുന്നു. രാജ്‌നാഥ് സിങ്, കിരൺ റിജിജു ഉൾപ്പെടെ നിരവധി കേന്ദ്ര മന്ത്രിമാരും മഹാകുംഭം സന്ദർശിക്കുകയും ത്രിവേണി സംഗമത്തിൽ സ്‌നാനം ചെയ്യുകയും ചെയ്‌തിട്ടുണ്ട്.
വിദേശ രാജ്യങ്ങളില്‍ നിന്നും നിരവധിയാളുകള്‍ മഹാകുംഭമേളിയിലേക്ക് എത്തുന്നുണ്ട്. ഫെബ്രുവരി 26 വരെയാണ് മഹാകുംഭ മേള. പ്രധാന സ്‌നാന തീയതികൾ, ജനുവരി 29 (മൗനി അമാവാസി - രണ്ടാം ഷാഹി സ്‌നാന്‍), ഫെബ്രുവരി 3 (ബസന്ത് പഞ്ചമി - മൂന്നാം ഷാഹി സ്‌നാന്‍), ഫെബ്രുവരി 12 (മാഘി പൂർണിമ), ഫെബ്രുവരി 26 (മഹാ ശിവരാത്രി) എന്നിവയാണ്. 45 കോടിയിലധികം സന്ദർശകര്‍ ഇത്തവണ മഹാകുംഭമേളയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.