ദുൽഖർ സൽമാൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കാന്ത'. 'കാന്ത'യുടെ സെറ്റിൽ ഓണം ആഘോഷിച്ച് താരങ്ങള്‍. 'കാന്ത'യുടെ സെറ്റില്‍ നിന്നുള്ള ഓണാഘോഷ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്. സെറ്റില്‍ പരമ്പരാഗത വസ്ത്രങ്ങളിലാണ് ദുൽഖർ സൽമാനും റാണ ദഗുപതിയും എത്തിയിരിക്കുന്നത്. വിഭവസമൃദ്ധമായ സദ്യ ഉൾപ്പെടെ സെറ്റിൽ ഒരുക്കിയിരുന്നു.
ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ്, റാണ ദഗുപതിയുടെ ഉടമസ്ഥതയിലുള്ള സ്‌പിരിറ്റ് മീഡിയ എന്നീ ബാനറുകളില്‍ ദുൽഖർ സൽമാൻ, റാണ ദഗുപതി, പ്രശാന്ത് പോട്ട്ലൂരി, ജോം വർഗീസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിർമ്മാണം. മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫെറർ ഫിലിംസിന്‍റെ ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് 'കാന്ത'.
സ്‌പിരിറ്റ് മീഡിയയ്‌ക്കൊപ്പം ഒരു പുതിയ യാത്ര ആരംഭിക്കുന്നതിൽ താൻ ആവേശഭരിതനാണെന്ന് ദുല്‍ഖര്‍ സൽമാന്‍ പ്രതികരിച്ചിരുന്നു. 'ഇത് ('കാന്ത') മനുഷ്യവികാരങ്ങളുടെ ആഴങ്ങൾ ഉൾക്കൊള്ളുന്ന മനോഹരമായ ഒരു കഥയാണ്. കൂടാതെ ഒരു നടന് അവതരിപ്പിക്കാൻ ധാരാളം സ്കോപ്പും ഈ ചിത്രം നൽകുന്നു. ഈ സിനിമ ആരംഭിച്ചതിലും ഈ സിനിമയ്ക്ക് ജീവൻ നൽകിയതിലും ഞാൻ ത്രില്ലിലാണ്' -ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു. 'കാന്ത' എന്ന ചിത്രത്തിനായി വേഫെറർ ഫിലിംസുമായി സഹകരിക്കുന്നത്, ഈ പ്രോജക്‌ടിന് പുതിയൊരു മാനം നൽകുന്നുവെന്നാണ് റാണ ദഗുപതിയുടെ അഭിപ്രായം.