തിരുവനന്തപുരം:മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ നടന്‍ ബൈജു സന്തോഷിനെതിരെ മ്യൂസിയം പൊലീസ് രജിസ്‌റ്റര്‍ ചെയ്‌ത എഫ്‌ഐആറിന്‍റെ പകര്‍പ്പ് പുറത്ത്. ബൈജുവിനെതിരെയുള്ള എഫ്‌ഐആറിന്‍റെ പകര്‍പ്പ് ഇടിവി ഭാരതിന് ലഭിച്ചു. ബൈജുവിനെതിരെ ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) 281 വകുപ്പ് പ്രകാരവും മോട്ടോര്‍ വാഹന നിയമം 185 വകുപ്പു പ്രകാരവുമാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തത്.
പൊതു നിരത്തില്‍ അപകടകരമായി വാഹമോടിച്ചു എന്നതാണ് ബിഎന്‍എസ് 281. ആറ് മാസം തടവോ 1000 രൂപ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്. മദ്യപിച്ച് വാഹനമോടിച്ചതിനാണ് മോട്ടോര്‍ വാഹന നിയമം 185 വകുപ്പ്. ഈ വകുപ്പു പ്രകാരം 10,000 മുതല്‍ 15,000 രൂപ വരെ പിഴയോ ആറ് മാസം തടവു ശിക്ഷയോ ലഭിക്കാവുന്ന കുറ്റമാണ്. രണ്ട് വകുപ്പുകളും ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായതിനാല്‍ ബൈജുവിനെ അറസ്‌റ്റ് ചെയ്‌ത് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്‌റ്റര്‍ ചെയ്‌ത എഫ്‌ഐആറിലെ പ്രഥമ വിവരം ഇങ്ങനെ- ഒക്‌ടോബര്‍ 13ന് രാത്രി 11.45ന് വെള്ളയമ്പലം ജംഗ്‌ഷനില്‍ വച്ച് ബൈജു ഓടിച്ചിരുന്ന കാര്‍ സ്‌കൂട്ടറിലിടിച്ച് വീഴ്ത്തുകയും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയില്‍ ബൈജു മദ്യപിച്ചതായി മനസിലാക്കുകയുമായിരുന്നു. പുലര്‍ച്ചെ മൂന്നു മണിക്ക് മ്യൂസിയം പൊലീസ് ബൈജുവിന്‍റെ അറസ്‌റ്റ് രേഖപ്പെടുത്തി.