വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'അന്ധകാരാ'. ദിവ്യ പിള്ള പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി (Andhakara movie teaser out). വയലൻസ് രംഗങ്ങൾ ഉടനീളമുള്ള ടീസർ ശ്രദ്ധ നേടുകയാണ് (Andhakara movie starring Divya Pillai Chandhunadh).
'പ്രിയം', 'ഗോഡ്‌സ് ഓൺ കൺട്രി', 'ഹയ' തുടങ്ങിയ സിനിമകൾ ഒരുക്കി ശ്രദ്ധ നേടിയ വാസുദേവ് സനലിന്‍റെ പുതിയ ചിത്രത്തിനായി പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇപ്പോൾ പുറത്തുവന്ന ടീസറും പ്രേക്ഷക പ്രതീക്ഷകൾ വാനോളം ഉയർത്തുന്നതാണ്. ഫെബ്രുവരിയിലാണ് 'അന്ധകാരാ' തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുക.
ഡ്രീം ബിഗ് ഫിലിംസാണ് ത്രില്ലർ ചിത്രമായ 'അന്ധകാരാ' പ്രദർശനത്തിന് എത്തിക്കുന്നത്. 'ദി ഡാർക്കെസ്റ്റ് മൈൻഡ്‌സ്' (The Darkest Minds- ഇരുണ്ട മനസുകൾ) എന്ന ടാഗ്‌ലൈനുമായി എത്തുന്ന 'അന്ധകാരാ' പ്രേക്ഷകർക്ക് വേറിട്ട കാഴ്‌ചാനുഭവം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ. ദിവ്യ പിള്ളയ്‌ക്കൊപ്പം ചന്തുനാഥും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ധീരജ് ഡെന്നി, വിനോദ് സാഗർ, ആന്‍റണി ഹെൻറി, മറീന മൈക്കൽ, അജിഷ പ്രഭാകരൻ, സുധീർ കരമന, കെ ആർ ഭരത് തുടങ്ങിയവരാണ് മറ്റ് വേഷങ്ങളിൽ അണിനിരക്കുന്നത്.