'തണ്ണീർമത്തൻ ദിനങ്ങൾ', 'സൂപ്പർ ശരണ്യ' എന്നീ വിജയ സിനിമകൾക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്‌ത ചിത്രമാണ് 'പ്രേമലു'. തിയേറ്ററുകളിൽ മികച്ച കലക്ഷനോടെ ഈ ചിത്രം മുന്നേറുകയാണ്. 'പ്രേമലു' റിലീസിനോട് അനുബന്ധിച്ച് നടത്തിയ ഒരു അഭിമുഖത്തില്‍ സിനിമാസ്വാദകന്‍ എന്ന നിലയിലുള്ള തന്‍റെ അഭിരുചികളെ കുറിച്ച് സംവിധായകൻ ഗിരീഷ് എ ഡി സംസാരിച്ചിരുന്നു (Director Vinayan Facebook post).
അധികം ആഘോഷിക്കപ്പെടാതെ പോയ ചില ചിത്രങ്ങള്‍ താന്‍ റിപ്പീറ്റ് ചെയ്‌ത് കാണാറുണ്ടെന്നും 'ശിപായി ലഹള', 'കല്യാണ സൗഗന്ധികം' പോലുള്ള സിനിമകൾ അക്കൂട്ടത്തിലുണ്ടെന്നും ഗിരീഷ് പറഞ്ഞിരുന്നു. ഇപ്പോഴിതാ ഗിരീഷിന്‍റെ പരാമർശത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഈ രണ്ട് സിനിമകളുടെയും സംവിധായകനായ വിനയന്‍. ഗിരീഷ് എഡി സൂചിപ്പിച്ച തന്‍റെ രണ്ട് ചിത്രങ്ങളും തിയേറ്ററുകളില്‍ വിജയിച്ചതാണെന്നാണ് വിനയൻ പറയുന്നത്. ഫേസ്‌ബുക്കിലൂടെ ആയിരുന്നു വിനയന്‍റെ പ്രതികരണം.
വിനയന്‍റെ ഫേസ്‌ബുക്ക് കുറിപ്പ്:'എന്‍റെ കരിയറിന്‍റെ തുടക്കകാലത്തു ചെയ്‌ത രണ്ടു സിനിമകളാണ് ശിപായി ലഹളയും കല്യാണ സൗഗന്ധികവും. പ്രേക്ഷകർ ഇഷ്‌ടപ്പെടുകയും തീയറ്ററുകളിൽ ഹിറ്റാവുകയും ചെയ്‌ത സിനിമകളായിരുന്നു രണ്ടും. കല്യാണ സൗഗന്ധികത്തിലൂടെയാണ് അന്ന് ഒൻപതാം ക്ലാസുകാരി ആയ ദിവ്യ ഉണ്ണി സിനിമയിൽ നായിക ആവുന്നത്..