ദേശീയ പുരസ്‌കാരം നേടിയ 'സൗദി വെള്ളക്ക', 'ഓപ്പറേഷന്‍ ജാവ' തുടങ്ങീ ചിത്രങ്ങളൊരുക്കി പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. മോഹന്‍ലാലും ശോഭനയും കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്ന തുടരും ആണ് തുരണ്‍ മൂര്‍ത്തിയുടേതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.
'ഓപ്പറേഷൻ ജാവ' ആണ് തരുണ്‍ മൂര്‍ത്തിയുടെ ആദ്യ സംവിധാന സംരംഭം. വ്യത്യസ്‌ത കഥ പറച്ചിൽ രീതി കൊണ്ടും മികച്ച ആശയങ്ങൾ കൊണ്ടും സമ്പുഷ്‌ടമായിരുന്നു 'ഓപ്പറേഷൻ ജാവ'. ഇപ്പോഴിതാ തന്‍റെ ആദ്യ സംവിധാനത്തെ കുറിച്ച് ഇടിവി ഭാരതിനോട് പങ്കുവയ്‌ക്കുകയാണ് തരുണ്‍ മൂര്‍ത്തി.
മലയാളത്തിന്‍റെ എക്കാലത്തെയും ക്ലാസിക് ചിത്രമായ 'നാടോടിക്കാറ്റി'ൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് 'ഓപ്പറേഷൻ ജാവ' സംഭവിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ തരുൺ മൂർത്തി.
Tharun Moorthy movie (ETV Bharat) "ആശയപരമായ പുതുമ കൊണ്ട് ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ച സിനിമയാണ് ഓപ്പറേഷൻ ജാവ എന്ന് പറയുമ്പോഴും, മലയാളത്തിൽ ആശയം കൊണ്ടും ആവിഷ്‌കാരം കൊണ്ടും എന്‍റെ സിനിമകളേക്കാൾ മികച്ച എത്രയോ സിനിമകൾ സംഭവിച്ചിട്ടുണ്ട്. മലയാളത്തിന്‍റെ ക്ലാസിക് ചിത്രം നാടോടിക്കാറ്റിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഓപ്പറേഷൻ ജാവ എന്ന സിനിമയുടെ കഥ രൂപപ്പെടുന്നത്. സത്യൻ അന്തിക്കാടും, ശ്രീനിവാസൻ സാറും ഒരുകാലത്ത് പരീക്ഷിച്ച് വിജയിച്ച തൊഴിലില്ലായ്‌മ എന്ന ആശയത്തിന്‍റെ അടിസ്ഥാനം തന്നെയായിരുന്നു ഓപ്പറേഷൻ ജാവ. അത്തരം ഒരു ആശയത്തെ പുതിയ കാലത്തേക്ക് കൊണ്ടുവരുമ്പോൾ എന്ത് പുതുമ നൽകാം എന്നുള്ളതായിരുന്നു ചിന്ത.
എഞ്ചിനിയറിംഗിന് വിദ്യാര്‍ത്ഥി ആയിരുന്നു തരുണ്‍ മൂര്‍ത്തി. എഞ്ചിനിയറിംഗ് പഠനത്തിന് ശേഷം നാലുവർഷം കോളേജ് അധ്യാപകനായി പ്രവർത്തിച്ചു. ശേഷമാണ് ചലച്ചിത്ര മേഖലയിലേക്ക് അദ്ദേഹം കടന്നു വരുന്നത്.
"കമ്പ്യൂട്ടർ എഞ്ചിനിയറിംഗ് ബിരുദധാരിയാണ് ഞാൻ. സൈബർ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആ സമയത്ത് മലയാള സിനിമയ്ക്ക് പുതുമയായിരുന്നു. അതുകൊണ്ട് തന്നെ തനിക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന വിഷയവുമായി മേൽപ്പറഞ്ഞ ആശയത്തെ കോർത്തിണക്കി ഈ സിനിമയുടെ തിരക്കഥ സംഭവിക്കുന്നു. സമൂഹത്തിലെ സാധാരണക്കാരുടെ കഥ പറയുന്ന ചിത്രം കൂടിയായിരുന്നു ഓപ്പറേഷൻ ജാവ. വളരെ പ്രശസ്‌തരായ അഭിനേതാക്കൾ ഈ സിനിമയിൽ അഭിനയിക്കുകയാണെങ്കിൽ കഥയുടെ നാച്ചുറൽ എലമെന്‍റ് നഷ്‌ടപ്പെടുകയും പ്രേക്ഷകർക്ക് സിനിമ കൺവെൻസിംഗ് ആകാതെ വരികയും ചെയ്യും. അങ്ങനെയാണ് സിനിമയിൽ ധാരാളം പുതുമുഖങ്ങളെ ഉൾപ്പെടുത്തുന്നത്," തരുൺ മൂർത്തി പറഞ്ഞു.
Tharun Moorthy (ETV Bharat) ഓപ്പറേഷൻ ജാവ സംഭവിക്കുമ്പോൾ താനൊരു പുതുമുഖ സംവിധായകന്‍ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. "ഞങ്ങളുടെ പ്രൊഡക്ഷൻ ഹൗസ് വളരെ ചെറുതാണ്. അതുകൊണ്ട് സിനിമ എന്തെങ്കിലും തരത്തിലുള്ള ഒരു ഇംപാക്‌ട് പ്രേക്ഷകർക്കിടയിൽ നൽകിയിട്ടില്ലെങ്കിൽ ഞാൻ അടക്കം സിനിമയിൽ സഹകരിച്ചിരിക്കുന്ന എല്ലാവരുടെയും മുന്നോട്ടുള്ള യാത്ര പ്രതിസന്ധിയിലാകും. അതൊക്കെ ഉൾക്കൊണ്ട് പരമാവധി ഒരു മികച്ച പ്രോഡക്‌ട് പ്രേക്ഷകർക്ക് നൽകാൻ ഞങ്ങൾ ശ്രമിച്ചു. സിനിമ റിലീസ് ചെയ്‌ത് വർഷങ്ങൾക്ക് ശേഷവും ഓപ്പറേഷൻ ജാവ പ്രേക്ഷകർക്കിടയിൽ ചർച്ചാ വിഷയമാകുന്നതിൽ സന്തോഷം," തരുൺമൂർത്തി പറഞ്ഞു.
സിനിമ ഇൻഡസ്ട്രി രൂക്ഷ സ്വഭാവത്തോടെ നേരിട്ട് കൊണ്ടിരിക്കുന്ന പ്രതിസന്ധിയാണ് പൈറസി. മാർക്കോ, ബാറോസ്, പുഷ്‌പ 2 തുടങ്ങി വലിയ സിനിമകൾ തിയേറ്ററിൽ റിലീസ് ചെയ്‌ത് രണ്ടാം ദിനം തന്നെ ഒടിടി ക്വാളിറ്റിയുള്ള പ്രിന്‍റുകള്‍ ഓൺലൈനിലൂടെ റിലീസ് ചെയ്യപ്പെടുന്നു. ഓപ്പറേഷൻ ജാവ എന്ന സിനിമയിൽ പ്രേമം സിനിമയുടെ സെൻസർ കോപ്പി ലീക്കായതുമായി ബന്ധപ്പെട്ട് കഥ പറയുന്ന ഒരു സെഗ്‌മെന്‍റ് ഉണ്ട്. യഥാർത്ഥ സംഭവ വികാസത്തെ ആസ്‌പദമാക്കിയാണ് തരുൺ മൂര്‍ത്തി ഈ വിഷയം സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.
Tharun Moorthy (ETV Bharat) ജീവിതത്തിലും, സിനിമയിലും പ്രേമം സിനിമയുടെ പ്രിന്‍റ് പ്രചരിപ്പിച്ചയാള്‍ പിടിയിലായെങ്കിലും ഓൺലൈൻ ലോകത്തെ പൈറസി കുറ്റങ്ങൾക്ക് അറുതി വരുത്താൻ ഇനിയും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. എത്രയൊക്കെ തടയിടാൻ ശ്രമിച്ചാലും പതിന്‍മടങ്ങ് ശക്‌തിയോടെ തമിഴ് റോക്കേഴ്‌സ് അടക്കമുള്ള സിനിമ പൈറസി വെബ്‌സൈറ്റുകള്‍ തിരിച്ചുവരുന്നു. ഈ വിഷയത്തെ കുറിച്ച് തന്‍റെ സിനിമയിൽ ചർച്ച ചെയ്‌ത സംവിധായകൻ എന്ന രീതിയിലും, ധാർമ്മിക ബോധമുള്ള ചലച്ചിത്ര പ്രവർത്തകൻ എന്ന രീതിയിലും തരുൺ മൂർത്തി ഇതേക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായി.
Premam movie (ETV Bharat) "എത്രയൊക്കെ പൈറസിയെ തടയാൻ ശ്രമിച്ചാലും അവർ പൂർവാധികം ശക്‌തിയോടെ തിരിച്ചുവരും. ഭാവിയിൽ സിനിമ ഇൻഡസ്‌ട്രി നേരിടാൻ പോകുന്ന വലിയൊരു പ്രതിസന്ധി തന്നെയാണ് ഇത്. അതിനുള്ള പ്രധാന കാരണം ടെക്‌നോളജിയുടെ വളർച്ചയാണ്. ഓരോ ദിവസവും ടെക്‌നോളജി വളർന്ന് കൊണ്ടിരിക്കുന്നു. നമ്മുടെ ചിന്തകൾക്കോ അറിവുകൾക്കോ എത്രയോ മുന്നേയാണ് ഇപ്പോൾ ടെക്നോളജി സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്. ലോകം മുഴുവൻ ഒരാളുടെ കൈക്കുമ്പിളിലുണ്ട്. അങ്ങനെയുള്ള കാലത്ത് ഇതുപോലുള്ള പൈറസി വെബ്‌സ്‌റ്റുകള്‍ക്ക് താഴിടാന്‍ ഒരിക്കലും ആകില്ല. ഇനി അഥവാ തടയാൻ ശ്രമിച്ചാലും ആ തടസത്തെ മറികടക്കാനുള്ള ടെക്നോളജി ഇപ്പോഴുണ്ട്.
ഓപ്പറേഷൻ ജാവയുടെ റിലീസ് കഴിഞ്ഞ് നാലാം ദിനം, ആറാം ക്ലാസുകാരന്‍ സിനിമയുടെ റിവ്യൂ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്‌തതിനെ കുറിച്ചും അദ്ദേഹം പങ്കുവച്ചു. "ഓപ്പറേഷൻ ജാവ എന്ന സിനിമ റിലീസ് ചെയ്‌ത് മൂന്നാല് ദിവസത്തിന് ശേഷം സൈബർ ലോകത്ത് ഞാനൊരു കാഴ്‌ച്ച കണ്ടു. അഞ്ചാം ക്ലാസിലോ ആറിലോ പഠിക്കുന്ന ഒരു കുട്ടി ഈ സിനിമയെ കുറിച്ചുള്ള റിവ്യൂ യൂട്യൂബിൽ അപ്ലോഡ് ചെയ്‌തിരിക്കുന്നു. സിനിമയെ കുറിച്ച് അവൻ നല്ലത് തന്നെയാണ് പറയുന്നത്. ഈ സിനിമ നിങ്ങൾക്ക് കാണാൻ ആഗ്രഹം ഉണ്ടെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ടെലിഗ്രാം ലിങ്കിൽ ക്ലിക്ക് ചെയ്യുക എന്നുകൂടി അവൻ കൂട്ടിച്ചേർക്കുന്നു. അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടിപ്പോയി. സിനിമ റിലീസ് ചെയ്‌ത് മൂന്നോ നാലോ ദിവസമെ ആയിട്ടുള്ളു. സൈബർ ലോകത്ത് എന്തൊക്കെ ചെയ്യാം എന്തൊക്കെ ചെയ്യാൻ പാടില്ല എന്നൊക്കെ ഒരു കുട്ടിക്ക് മനസ്സിലാക്കി കൊടുക്കുന്ന രീതിയിൽ ഇവിടത്തെ വിദ്യാഭ്യാസ സമ്പ്രദായം പുരോഗമിച്ചിട്ടില്ല," സംവിധായകന്‍ വ്യക്‌തമാക്കി.
താന്‍ പഠിച്ചിരുന്ന കാലത്ത് സൈബർ ലോകത്തെ കൾച്ചർ എന്താണെന്നോ സൈബർ എത്തിക്‌സ് എന്താണെന്നോ തന്നെ ആരും പഠിപ്പിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഇതൊക്കെ കണ്ടും കേട്ടും സ്വയം ബോധ്യം വരേണ്ട കാര്യങ്ങൾ ആണെന്നാണ് നമ്മുടെ സമൂഹം ഇപ്പോഴും വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
"സൈബർ ലോകത്ത് പെരുമാറേണ്ടത് എങ്ങനെ? സൈബർ ലോകത്ത് ഉപയോഗിക്കേണ്ട ഭാഷ, മാന്യത ഇതൊക്കെ ഇക്കാലത്തും സ്വയം മനസ്സിലാക്കേണ്ട കാര്യങ്ങളായി തന്നെ തുടരുന്നു. നമ്മുടെ രക്ഷിതാക്കളും അധ്യാപകരും, എന്തിന് സര്‍ക്കാരും ഇങ്ങനെ തന്നെയാണ് ഈ വിഷയത്തെ കുറിച്ച് ചിന്തിക്കുന്നത്. ഇപ്പോഴും ഏതെങ്കിലും ഒരു നടിയുടെ ഇൻസ്‌ഗ്രാം പോസ്‌റ്റിന് താഴെ കണ്ണോടിച്ചാൽ കേട്ടാൽ അറയ്ക്കുന്ന ഭാഷാപ്രയോഗങ്ങൾ നമുക്ക് കാണാനാകും. ആരാണ് ഈ രീതിയിൽ പെരുമാറുന്നതെന്ന് അന്വേഷിച്ച് പോയാൽ മിക്കവാറും അതൊരു സ്‌കൂളിൽ പഠിക്കുന്ന കുട്ടിയായിരിക്കും. അതുമല്ലെങ്കിൽ 45 വയസ്സിന് മുകളിലുള്ളവർ. നമ്മുടെ സൈബർ കൾച്ചർ അത്രയേറെ കോംപ്ലിക്കേറ്റഡാണ്. ഇതൊക്കെ പറഞ്ഞ് മനസ്സിലാക്കാനുള്ള സമയം അതിക്രമിച്ച് പോയി. ഇത്തരം കാര്യങ്ങളിൽ ഒരു ബോധവത്‌ക്കരണം നൽകാമെന്ന് തീരുമാനിച്ചാലും വിജയിക്കുമോ എന്ന് സംശയമാണ്," തരുണ്‍ മൂര്‍ത്തി കൂട്ടിച്ചേര്‍ത്തു.
സ്വന്തം സിനിമകള്‍ പൈറസിയില്‍ പെട്ട് പോയാല്‍ ആ സിനിമയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് മാത്രമേ ആ വേദന മനസ്സിലാകൂവെന്നും അദ്ദേഹം പറഞ്ഞു. "വ്യാജ സിനിമകൾ പ്രചരിപ്പിക്കുന്നതിലൂടെ പണം ലഭിക്കുമെന്ന് ആരൊക്കെയോ വിശ്വസിച്ചു പോയി. അവർ സിനിമകൾ അപ്‌ലോഡ് ചെയ്‌താൽ അത് ഡൗൺലോഡ് ചെയ്‌ത് കാണുന്നത് തെറ്റാണെന്ന് മനസ്സിലാക്കാനുള്ള ബോധ്യം നമുക്കും ഇല്ല. കലുഷിതമായ ഓൺലൈൻ അന്തരീക്ഷമുള്ള ഈ കാലഘട്ടത്തിൽ പൈറസിക്കെതിരെ ഇതുപോലുള്ള മാധ്യമങ്ങളിലൂടെ സംസാരിക്കാമെന്ന് മാത്രമേയുള്ളൂ. പൈറസിയുടെ നീരാളി കൈകളിൽ ഒരു സിനിമ പെട്ടുപോയാൽ ആ സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരുടെ വേദന മറ്റുള്ളവർക്ക് മനസ്സിലാകില്ല. അവനവന്‍റഎ ജീവിതത്തിൽ എന്തെങ്കിലും സംഭവിക്കുന്നത് വരെ മറ്റുള്ളവരുടെ വേദന എല്ലാവർക്കും ഒരു കെട്ടുകാഴ്‌ച്ചയാണ്," തരുൺ മൂർത്തി വിശദീകരിച്ചു.
ട്രെയിന്‍ യാത്രയ്‌ക്കിടെ ആളുകള്‍ തങ്ങളുടെ സിനിമകളുടെ വ്യാജ പ്രിന്‍റുകൾ മൊബൈലിൽ കാണുന്നത് കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതൊക്കെ തെറ്റല്ലേ എന്ന് ചോദിച്ചാൽ തങ്ങൾക്ക് കിട്ടുന്നത് കൊണ്ടാണല്ലോ കാണുന്നതെന്ന് മറുപടിയും ലഭിക്കും," തരുൺമൂർത്തി പറഞ്ഞു.
Also Read: വർഷങ്ങൾക്ക് ശേഷം ഒരേ ഫ്രെയിമില്‍ ഹിറ്റ് ജോഡികള്‍.. ആ രീതികളോട് പൊരുത്തപ്പെടാൻ ശോഭനയ്‌ക്ക് മൂന്ന് ദിവസം എടുത്തു, റിലീസ് മാറ്റാനും കാരണമുണ്ട്; തരുണ്‍ മൂര്‍ത്തി പറയുന്നു - THARUN MOORTHY INTERVIEW