മലയാളത്തിലെ ശ്രദ്ധേയമായ സിനിമകളിൽ ഒന്നായ 'കപ്പേള', തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന 'മുറ' എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് മുഹമ്മദ് മുസ്‌തഫ. സുരാജ് വെഞ്ഞാറമൂട് പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ തന്‍റെ വിശേഷങ്ങള്‍ ഇടിവി ഭാരതിനോട് പങ്കുവച്ചിരിക്കുകയാണ് മുസ്‌തഫ.
സ്‌കൂള്‍ കാലം മുതൽ നാടക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു മുസ്‌തഫ. കോമഡി, മെഗാ ഷോകൾ, പ്രൊഫഷണൽ നാടകങ്ങൾ തുടങ്ങിയവയൊക്കെ സിനിമയില്‍ എത്തിപ്പിടിക്കാനുള്ള കുറുക്കുവഴികൾ ആയിരുന്നുവെന്ന് മുസ്‌തഫ പറയുന്നു. ഫഹദ് ഫാസില്‍ ചിത്രം 'ആവേശ'വുമായി താന്‍ സംവിധാനം ചെയ്‌ത 'മുറ'യെ താരതമ്യം ചെയ്‌തതിനെ കുറിച്ച് അദ്ദേഹം പ്രതികരിച്ചു.
"ആവേശം എന്ന ചെറുപ്പക്കാരുടെ കഥ പറയുന്ന ചിത്രം പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരിക്കവേ മുറ എന്ന ചിത്രത്തെ ആവേശം എന്ന സിനിമയുമായി താരതമ്യപ്പെടുത്തുന്ന ഒരു പ്രവണത സോഷ്യൽ മീഡിയയിൽ കാണുകയുണ്ടായി. ഇതൊരുപക്ഷേ സിനിമ കാണാത്തവരുടെ അഭിപ്രായങ്ങൾ മാത്രമാണ്.
ചെറുപ്പക്കാരുടെ കഥ പറയുന്നത് കൊണ്ട് ആവേശം എന്ന സിനിമയുമായി മുറ എന്ന ചിത്രത്തെ ചേർത്ത് പറയേണ്ട യാതൊരു കാര്യവുമില്ല. രണ്ട് സിനിമകളിലും ആക്ഷനുണ്ട്, കൗമാര പ്രായത്തിലുള്ളവരുടെ കഥ പറയുന്നുണ്ട്. എന്ന് കരുതി അതുപോലെയാണ് ഇതെന്ന് പറയുന്നതിനോട് ഒരിക്കലും യോജിക്കാനാകില്ല." -മുസ്‌തഫ പറഞ്ഞു.
മുറ എന്ന സിനിമ ചെയ്യാനുണ്ടായ കാര്യത്തെ കുറിച്ചും സിനിമയുടെ തിരക്കഥ ഒരുക്കിയതിനെ കുറിച്ചും അദ്ദേഹം മനസ്സ് തുറന്നു. മലബാറുകാരനായ താന്‍ തിരുവനന്തപുരത്തിന്‍റെ തനത് സംസ്‌കാരം തിരിച്ചറിഞ്ഞ് എങ്ങനെ സിനിമ ചെയ്‌തു എന്നതിനെ കുറിച്ചും മുസ്‌തഫ പറയുന്നു.
"തിരുവനന്തപുരത്തിന്‍റെ ഉള്ളറിഞ്ഞ് എഴുതിയ ചിത്രമാണ് മുറ. സിനിമയുടെ കഥ എന്നോട് പറയുന്നത് ഉപ്പും മുളകും എന്ന ജനപ്രിയ ടെലിവിഷൻ സീരിയലിന്‍റെ തിരക്കഥാകൃത്തായ സുരേഷ് ബാബുവാണ്. 'കപ്പേള'യ്ക്ക് ശേഷം അടുത്ത സിനിമ സംവിധാനം ചെയ്യാനുള്ള കാര്യങ്ങൾ മുന്നോട്ടു പോകവെയാണ് സുരേഷ് ബാബുവിൽ നിന്നും മുറയുടെ കഥ കേൾക്കുന്നത്.
ഞാനൊരു മലബാറുകാരൻ ആയത് കൊണ്ട് തന്നെ തിരുവനന്തപുരത്തിന്‍റെ തനത് സംസ്‌കാരം തിരിച്ചറിഞ്ഞ് എങ്ങനെ സിനിമ ചെയ്യുമെന്ന സംശയം നിങ്ങൾക്കുണ്ടാകാം. തിരുവനന്തപുരം എനിക്ക് അന്യമല്ല. എന്‍റെ കലാജീവിതത്തിൽ വലിയൊരു പങ്ക് തിരുവനന്തപുരം വഹിച്ചിട്ടുണ്ട്. അമൃത ടെലിവിഷൻ സംപ്രേഷണം ചെയ്‌തുക്കൊണ്ടിരുന്ന ബെസ്‌റ്റ് ആക്‌ടര്‍ എന്ന റിയാലിറ്റി ഷോ എന്നിലെ അഭിനേതാവിനെ ഒരുപാട് സഹായിച്ചിട്ടുണ്ട്.
മുറ എന്ന ചിത്രം വളരെ പെട്ടെന്ന് എഴുതി തീർത്ത സിനിമയല്ല. തിരുവനന്തപുരത്തിന്‍റെ ഉൾനാടുകളിലൂടെ ഞാനും തിരക്കഥാകൃത്ത് സുരേഷ് ബാബുവും ധാരാളം സഞ്ചരിച്ചു. നിരവധി സംഭവ വികാസങ്ങൾ കണ്ടെത്തുകയും അനുഭവിക്കുകയും കോർത്തിണക്കുകയും ചെയ്‌തു. അതിന്‍റെ അടിസ്ഥാനത്തിലാണ് തിരക്കഥയുടെ ആദ്യ രൂപം സൃഷ്‌ടിക്കപ്പെടുന്നത്." -മുസ്‌തഫ പറഞ്ഞു.
മുറയില്‍ സുരാജ് വെഞ്ഞാറമൂട് അഭിനയിച്ചതിനെ കുറിച്ചും സംവിധായകന്‍ പറയുന്നു. സുരാജ് വെഞ്ഞാറമൂടിനെ പോലൊരു വലിയ നടനോടൊപ്പം വർക്ക് ചെയ്യാൻ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹം പറയുന്നു. ഹൃദു എന്ന നടന്‍ മലയാള സിനിമയുടെ ഭാവി വാഗ്‌ദാനമാണെന്നും മുസ്‌തഫ പറഞ്ഞു.
"സുരാജ് വെഞ്ഞാറമൂട് സഹോദര തുല്യനായ ഒരു മനുഷ്യനാണ്. സുരാജ് വെഞ്ഞാറമൂടിനോട് കഥ പറഞ്ഞപ്പോൾ തന്നെ അദ്ദേഹം ചെയ്യാമെന്ന് സമ്മതിച്ചു. സുരാജ് ഇതുവരെ ചെയ്‌തിട്ടില്ലാത്ത തരത്തിലുള്ള കഥാപാത്രവും കഥാസന്ദർഭങ്ങളും അദ്ദേഹത്തെ സിനിമയുടെ ഭാഗമാകുന്നതിന് പ്രേരിപ്പിച്ചു.
ഹൃദു എന്ന നടനുമായി വളരെയധികം ആത്‌മബന്ധം ഉണ്ട്. സന്തോഷ് ശിവൻ സംവിധാനം ചെയ്‌ത 'മുംബൈക്കാര്‍', തമിഴ് ചിത്രം 'തഗ്‌സ്' തുടങ്ങി ചിത്രങ്ങളില്‍ ഹൃദു അഭിനയിച്ചിട്ടുണ്ട്. 'മുറ' എന്ന ചിത്രത്തിലെ അദ്ദേഹത്തിന്‍റെ പ്രകടനം ഒരു സംവിധായകൻ എന്ന നിലയിൽ എനിക്ക് ആത്മസംതൃപ്‌തി നൽകി. നല്ല നടനാണ്. മലയാളത്തിന്‍റെ ഭാവി വാഗ്‌ദാനവും." -മുസ്‌തഫ അഭിപ്രായപ്പെട്ടു.
സിനിമയിലേയ്‌ക്ക് ചെറുപ്പക്കാരെ കാസ്‌റ്റ് ചെയ്‌തതിനെ കുറിച്ചും സംവിധായകന്‍ വാചാലനായി. 'മുറ'യ്‌ക്ക് വേണ്ടിയുള്ള കാസ്‌റ്റിംഗ് അത്ര എളുപ്പമായിരുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഓഡിഷൻ ചെയ്‌ത് ഷോർട്ട് ലിസ്‌റ്റ് ചെയ്‌തിട്ടും സിനിമയ്ക്ക് ആവശ്യമായ കഥാപാത്രങ്ങളെ കണ്ടെത്താനായില്ലെന്നും മുസ്‌തഫ വ്യക്‌തമാക്കി.