മലയാള സിനിമാ രംഗത്തെ പ്രമുഖർക്കെതിരെയുള്ള ലൈംഗികാതിക്രമ ആരോപണങ്ങൾക്ക് പിന്നാലെയുള്ള വിവാദങ്ങളില്‍ പ്രതികരിച്ച് സംവിധായകൻ ജോഷി ജോസഫ്. മലയാള സിനിമയില്‍ പ്രതിസന്ധി ഉണ്ടെന്നാണ് ജോഷി ജോസഫ് പറയുന്നത്.
'പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) എൻ്റെ വീട് സന്ദർശിച്ചു. ഞങ്ങൾ മൂന്ന് മണിക്കൂർ സംസാരിച്ചു. ഐപിസിയുടെ സെക്ഷൻ 161 വകുപ്പ് പ്രകാരം, ആവശ്യപ്പെടുന്നത് പോലെ, തുടക്കം മുതലുള്ള സംഭവങ്ങളുടെ വിശദമായ വിവരണം ഞാൻ നൽകി. മജിസ്‌ട്രേറ്റിന് മുന്നിൽ, 164 വകുപ്പ് പ്രകാരം മറ്റൊരു മൊഴിയും ഞാൻ നൽകും. തീർച്ചയായും ഇന്ന് മലയാളം സിനിമ ഇൻഡസ്‌ട്രിയിൽ പ്രതിസന്ധിയുണ്ട്.' -ജോഷി ജോസഫ് പറഞ്ഞു.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ചതിന് തൊട്ടുപിന്നാലെ സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര കൊച്ചി സിറ്റി പൊലീസിൽ പരാതി നൽകിയിരുന്നു. ശ്രീലേഖ മിത്രയുടെ പരസ്യമായ ലൈംഗികാരോപണങ്ങളെ തുടർന്നാണ് പരാതി. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് ഇ-മെയിൽ വഴിയാണ് നടി പരാതി നൽകിയത്.
2009ല്‍ രഞ്ജിത്ത് സംവിധാനം ചെയ്‌ത 'പാലേരി മാണിക്യം' എന്ന സിനിയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വേണ്ടി തന്നെ ഫ്ലാറ്റിലേക്ക് ക്ഷണിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തു എന്നാണ് നടിയുടെ പരാതി. ആദ്യം തൻ്റെ കയ്യിൽ സ്‌പർശിക്കുകയും പിന്നീട് ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് കൈ നീട്ടാൻ ശ്രമിക്കുകയും ചെയ്‌തെന്നും പരാതിയില്‍ പറയുന്നു.
'രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'പാലേരി മാണിക്കം' എന്ന സിനിമയിൽ അഭിനയിക്കാൻ എന്നെ ക്ഷണിച്ചു. ചർച്ചയുടെ ഭാഗമായി കൊച്ചി കലൂർ കടവന്ത്രയിൽ രഞ്ജിത്ത് താമസിച്ചിരുന്ന ഫ്ലാറ്റിലേക്ക് എന്നെ വിളിച്ചു. ചർച്ചയ്ക്കിടെ അയാൾ എൻ്റെ കൈയിൽ മുറുകെ പിടിക്കുകയും പിന്നീട് ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് കൈ നീട്ടാൻ ശ്രമിക്കുകയും ചെയ്‌തു.