എറണാകുളം:ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദൻ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമ 'തങ്കമണി'ക്കെതിരായ ഹർജി ഹൈക്കോടതി തീർപ്പാക്കി. വിഷയം സെൻസർ ബോർഡ് പരിഗണിക്കുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് കോടതി ഹർജി തീർപ്പാക്കിയത്. ഇടുക്കിയിലെ തങ്കമണി ഗ്രാമത്തിൽ നടന്ന പൊലീസ് വെടിവയ്പ്പും കൊലപാതകവും പ്രമേയമായി വരുന്ന 'തങ്കമണി' സിനിമക്കെതിരെ തങ്കമണി സ്വദേശിയായ ബിജുവാണ് കോടതിയെ സമീപിച്ചത്.
യഥാർത്ഥ സംഭവവുമായി ബന്ധമില്ലാത്ത ബലാൽസംഗ ദൃശ്യങ്ങൾ ഒഴിവാക്കണം എന്നായിരുന്നു ആവശ്യം. അതേസമയം സിനിമയുടെ പേര് മാറ്റുന്നതടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചേക്കും. ഗ്രാമത്തിലെ സ്‌ത്രീകളെ പൊലീസ് ബലാൽസംഗം ചെയ്‌തു എന്നത് ടീസറിലടക്കം കാണുന്നതായും, യഥാർഥ സംഭവത്തിൽ ഇതിന് തക്ക തെളിവുകൾ ഇല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഗ്രാമത്തിലുള്ളവരെ മോശമായാണ് സിനിമയിൽ ചിത്രീകരിക്കുന്നതെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.
അതേസമയം കേന്ദ്ര സെൻസർ ബോർഡ്, സംസ്ഥാന പൊലീസ് മേധാവി,സിനിമയുടെ നിർമ്മാതാക്കൾ, സംവിധായകൻ, നായകൻ ദിലീപ് എന്നിവരായിരുന്നു എതിർ കക്ഷികൾ. 1986 ഒക്‌ടോബര്‍ 21നാണ് ഇടുക്കിയിലെ കാമാക്ഷി ഗ്രാമ പഞ്ചായത്തിലെ തങ്കമണി എന്ന ഗ്രാമത്തില്‍ ഒരു ബസ് സര്‍വീസുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജും വെടിവയ്‌പ്പും നടന്നത്. നിരവധി പേർക്ക് സംഘർഷത്തിൽ മർദനമേൽക്കുകയും ചെയ്‌തിരുന്നു. സ്വകാര്യ ബസ് ജീവനക്കാരും വിദ്യാർഥികളും തമ്മിലുണ്ടായ അടിപിടിയാണ് പിന്നീട് പൊലീസ് വെടിവയ്‌പ്പിൽ കലാശിച്ചത്.
കേരള മനസാക്ഷിയെ നടുക്കിയ ഈ സംഭവത്തിന്‍റെ 37-ാമത് വാര്‍ഷിക ദിനത്തിലാണ് 'തങ്കമണി'യുടെ ഫസ്‌റ്റ് ലുക്ക് പോസ്റ്റർ നിര്‍മാതാക്കള്‍ പുറത്തുവിട്ടത്. ദിലീപിന്‍റെ കരിയറിലെ 148-ാമത് ചിത്രം കൂടിയാണ് 'തങ്കമണി'. നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ ടീസർ സോഷ്യല്‍ മീഡിയയിൽ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.
1986ല്‍ നടന്ന സംഭവത്തെ പരാമർശിച്ച് തുടങ്ങിയ ടീസര്‍ രണ്ട് വ്യത്യസ്‌ത കാലഘട്ടത്തില്‍ നടക്കുന്ന സംഭവങ്ങളെ കോര്‍ത്തിണക്കുന്നതായിരുന്നു. ടീസറില്‍ രണ്ട് വ്യത്യസ്‌ത ഗെറ്റപ്പിലാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. ഒരു ഗെറ്റപ്പില്‍ നിസഹായനായ തടവുകാരനാണെങ്കില്‍ മറ്റേതില്‍ പ്രതികാര ദാഹിയായ ദിലീപിന്‍റെ കഥാപാത്രത്തെയാണ് കാണാനാവുക. 'ദി ബ്ലീഡിങ് വില്ലേജ്' എന്ന ടാഗ്‌ലൈനോട് കൂടി പുറത്തിറങ്ങിയ പോസ്‌റ്ററില്‍ വൃദ്ധന്‍റെ ലുക്കില്‍ പ്രതികാര ഭാവത്തിലുള്ള ദിലീപിനെയാണ് കാണുന്നത്.
സൂപ്പർ ഗുഡ് ഫിലിംസിന്‍റെ ബാനറിൽ ആർബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമിക്കുന്ന 'തങ്കമണി'യിൽ പ്രണിത സുഭാഷ്, നീത പിള്ള എന്നിവരാണ് നായികമാരായി എത്തുന്നത്. തെന്നിന്ത്യന്‍ താരങ്ങളായ ജോണ്‍ വിജയ്, സമ്പത് റാം എന്നിവരും ഈ ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സിദ്ദിഖ്, സുദേവ് നായര്‍, മേജര്‍ രവി, അജ്‌മല്‍ അമീര്‍, മനോജ് കെ ജയന്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, കോട്ടയം രമേഷ്, ജിബിന്‍ ജി, തൊമ്മന്‍ മാങ്കുവ, അരുണ്‍ ശങ്കരന്‍, മാളവിക മേനോന്‍, മുക്ത, രമ്യ പണിക്കര്‍, ശിവകാമി, അംബിക മോഹന്‍, സ്‌മിനു എന്നിവർക്കൊപ്പം 50ലധികം ക്യാരക്‌ടർ ആർട്ടിസ്‌റ്റുകളും 'തങ്കമണി'യിൽ അണിനിരക്കുന്നു.