കേരളം

kerala

ETV Bharat / entertainment

അയ്യരും കൂട്ടരും നാളെ മുതൽ നിങ്ങൾക്കരികിൽ; മുകേഷ് - ഉർവശി ചിത്രം റിലീസിന് - മുകേഷ് ഉർവശി എം എ നിഷാദ് ചിത്രം

എം എ നിഷാദ് സംവിധാനം ചെയ്‌ത 'അയ്യർ ഇൻ അറേബ്യ' നാളെ തിയേറ്ററുകളിലേക്ക്

Iyer In Arabia release  Dhyan Sreenivasan Urvashi Mukesh  അയ്യർ ഇൻ അറേബ്യ റിലീസ്  മുകേഷ് ഉർവശി എം എ നിഷാദ് ചിത്രം  ma nishad movie
Iyer In Arabia release

By ETV Bharat Kerala Team

Published : Feb 1, 2024, 5:44 PM IST

Updated : Feb 1, 2024, 10:12 PM IST

സിനിമ ജീവിതത്തിലെ ഇരുപത്തിയഞ്ചാം വർഷത്തിൽ എം എ നിഷാദ് സംവിധാനം ചെയ്‌ത ചിത്രമാണ് 'അയ്യർ ഇൻ അറേബ്യ'. പ്രേക്ഷകരുടെ പ്രിയ താരങ്ങളായ മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ കൃഷ്‌ണ, ഡയാന ഹമീദ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം നാളെ മുതൽ തിയേറ്ററുകളിലെത്തും (Dhyan Sreenivasan, Urvashi, Mukesh starrer Iyer In Arabia)). ഒരു മുഴുനീള കോമഡി എന്‍റർടെയിനറായ 'അയ്യർ ഇൻ അറേബ്യ'യുടെ വരവിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാസ്വാദകർ (Iyer In Arabia release).

കുടുംബ ബന്ധങ്ങൾക്ക് മൂല്യം നൽകി ആക്ഷേപഹാസ്യ രൂപത്തിലാണ് എം എ നിഷാദ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. സംവിധായകൻ എം എ നിഷാദ് തന്നെയാണ് ഈ ചിത്രത്തിന്‍റെ തിരക്കഥയും രചിച്ചിരിക്കുന്നത്. വെൽത്ത് ഐ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ പ്രവാസി വ്യവസായി വിഘ്‌നേഷ് വിജയകുമാറാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

മുകേഷും ഉർവശിയും ദമ്പതികളായാണ് ഈ ചിത്രത്തിൽ വേഷമിടുന്നത്. നീണ്ടനാളത്തെ ഇടവേളയ്‌ക്ക് ശേഷം ഈ എവർഗ്രീൻ ജോഡി തിരികെയെത്തുമ്പോൾ പ്രേക്ഷകപ്രതീക്ഷകളും വാനോളമാണ്. അതേസമയം ഇവരുടെ മകനായിട്ടാണ് ധ്യാൻ ശ്രീനിവാസൻ അഭിനയിക്കുന്നത്. ധ്യാൻ ശ്രീനിവാസന്റെ പ്രണയിനിയുടെ വേഷമാണ് ദുർഗ കൃഷ്‌ണയ്‌ക്ക്. 'ഉടൽ' എന്ന സിനിമയ്‌ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

അടുത്തിടെയാണ് ഈ ചിത്രത്തിലെ പ്രണയം തുളുമ്പുന്ന 'മഴവിൽ പൂവായ്' എന്ന ഗാനം പുറത്തുവിട്ടത്. ബി കെ ഹരിനാരായണന്‍റെ വരികൾക്ക് ആനന്ദ് മധുസൂധനൻ സംഗീതം പകർന്ന ​ഗാനം മികച്ച പ്രതികരണമാണ് നേടിയത്. വിജയ് യേശുദാസും നിത്യ മാമ്മനും ചേർന്നാണ് ഈ ഗാനത്തിന്‍റെ ആലാപനം. നർമ്മത്തിൽ പൊതിഞ്ഞെത്തുന്ന ഈ ചിത്രത്തിന്‍റെ ട്രെയിലറിനും മികച്ച അഭിപ്രായങ്ങൾ ലഭിച്ചിരുന്നു.

ജാഫർ ഇടുക്കി, അലൻസിയർ, മണിയൻ പിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, സിനോജ് സിദ്ധിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്പൂതിരി, രശ്‌മി അനിൽ, വീണ നായർ, നാൻസി, ദിവ്യ എം. നായർ, ബിന്ദു പ്രദീപ്, സൗമ്യ തുടങ്ങി നാൽപത്തിയഞ്ചോളം താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

സിദ്ധാർത്ഥ് രാമസ്വാമിയും ജോൺകുട്ടിയും ആണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹകർ. വിവേക് മേനോൻ ചിത്രസംയോജനവും നിർവഹിക്കുന്നു. ആനന്ദ് മധുസൂദനൻ ആണ് സംഗീതസംവിധാനം. പ്രഭാ വർമ്മ, റഫീഖ് അഹമ്മദ്, ഹരിനാരായണൻ, മനു മഞ്ജിത് എന്നിവർ ഗാനരചനയും നിർവഹിക്കുന്നു.

ശബ്‌ദ ലേഖനം : ജിജുമോൻ ടി ബ്രൂസ്, സൗണ്ട് ഡിസൈൻ : രാജേഷ് പി എം, കലാസംവിധാനം : പ്രദീപ് എം വി, വസ്‌ത്രാലങ്കാരം : അരുൺ മനോഹർ, മേക്കപ്പ് : സജീർ കിച്ചു, പ്രൊഡക്ഷൻ കൺട്രോളർ : ബിനു മുരളി, അസോസിയേറ്റ് ഡയറക്‌ടർ : പ്രകാശ് കെ മധു, സ്റ്റിൽസ് : നിദാദ്, ഡിസൈൻ : യെല്ലോടൂത്ത്‌സ്, പിആർ & മാർക്കറ്റിങ് : തിങ്ക് സിനിമ മാർക്കറ്റിങ് സൊല്യൂഷൻസ് എന്നിവർ ഈ ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകരാണ്.

Last Updated : Feb 1, 2024, 10:12 PM IST

ABOUT THE AUTHOR

...view details