കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ എന്നും പ്രേക്ഷകരെ വിസ്‌മയിപ്പിക്കുന്ന തെന്നിന്ത്യയുടെ പ്രിയതാരം ധനുഷ് ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല. ധനുഷിന്‍റെ സംവിധാനത്തിൽ, താരം തന്നെ പ്രധാന വേഷത്തിലുമെത്തുന്ന സിനിമയുടെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നു. 'D50 എന്ന് താത്‌കാലികമായി ടൈറ്റിൽ നൽകിയിരുന്ന ചിത്രത്തിന് 'രായൻ' എന്നാണ് പേരിട്ടിരിക്കുന്നത്. ധനുഷ് തന്നെയാണ് 'രായൻ' സിനിമയുടെ രചനയും നിർവഹിച്ചത്.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ചിത്രത്തിന്‍റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തുവന്നതോടെ ധനുഷ് ആരാധകരും ഏറെ ആവേശത്തിലാണ്. ത്രസിപ്പിക്കുന്ന, മാസ് ലുക്കിലാണ് ധനുഷ് പോസ്റ്ററിൽ. ഒപ്പം ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്ന സുന്ദീപ് കൃഷനെയും കാളിദാസ് ജയറാമിനെയും കാണാം. മികച്ചൊരു ആക്ഷൻ ത്രില്ലർ തന്നെയാകും 'രായൻ' എന്ന് സൂചന നൽകുന്നതാണ് പോസ്റ്റർ.
നിത്യ മേനൻ ആണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്. പ്രേക്ഷകരുടെ ഇഷ്‌ടതാരം എസ് ജെ സൂര്യ, അപര്‍ണ ബാലമുരളി, ദുഷ്‌റ വിജയൻ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. കൂടാതെ ഇവർക്കൊപ്പം അനിഖ സുരേന്ദ്രൻ, വരലക്ഷ്‌മി ശരത്‍കുമാര്‍ തുടങ്ങി നിരവധി താരങ്ങളും 'രായനി'ൽ അണിനിരക്കുന്നു.