ഹൈദരാബാദ് :കഴിഞ്ഞ വർഷം അവസാനമാണ് സംഗീതജ്ഞൻ ഇളയരാജയുടെ ബയോപിക്കിന്‍റെ പ്രഖ്യാപനം നടന്നത്. ധനുഷ് ആണ് ഇളയരാജയെ തിരശീലയിൽ അവതരിപ്പിക്കുന്നത്. അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ ചിത്രീകരണവുമായി ബന്ധപ്പെട്ട വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഈ വർഷം ഒക്‌ടോബറിൽ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നാണ് അണിയറ പ്രവർത്തകർ നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ നാളെ (മാർച്ച് 20) ഷൂട്ടിങ് ആരംഭിക്കുമെന്നാണ് വ്യക്തമാക്കുന്നത്. ഇതിഹാസ സംഗീതജ്ഞനായ ഇളയരാജയുടെ ജീവിതം ആസ്‌പദമാക്കിയുള്ള സിനിമയ്‌ക്കായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ചലച്ചിത്രലോകം. 47 വർഷത്തിലേറെ നീണ്ടുനിൽക്കുന്ന മഹത്തായ കരിയറിൽ ഇസൈജ്ഞാനി ഇളയരാജ പ്രേക്ഷകർക്ക് നൽകിയത് എണ്ണമറ്റ, മനം കവരുന്ന ഗാനങ്ങളാണ്.
ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രം അടുത്ത വർഷം പകുതിയോടെ തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ധനുഷിന്‍റെ അഭിനയ ജീവിതത്തിലെ ആദ്യ ബയോപിക് കൂടിയാകുമിത്. അതേസമയം 'ക്യാപ്റ്റൻ മില്ലർ' ആണ് ധനുഷിന്‍റേതായി ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ചിത്രം. അരുൺ മാതേശ്വരൻ തന്നെയാണ് ഈ ചിത്രം സംവിധാനം ചെയ്‌തതും. ഇപ്പോഴിതാ ഈ കൂട്ടുകെട്ട് വീണ്ടും എത്തുമ്പോൾ സിനിമാസ്വാദകരും ഏറെ ആവേശത്തിലാണ്.