നടന്‍ ദിലീപ് ശങ്കറിന്‍റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടിയിരിക്കുകയാണ് സീരിയല്‍ താരങ്ങളും അണിയറ പ്രവര്‍ത്തകരും. ഞായറാഴ്‌ച (ഡിസംബര്‍ 27) ഉച്ചയോടെയാണ് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ ദിലീപിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
ഇതുമായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ മരണ കാരണം വ്യക്തമല്ല. സീരിയലിന്‍റെ പ്രൊഡക്ഷനില്‍ നിന്നാണ് ഹോട്ടല്‍ മുറിയെടുത്ത് നല്‍കിയത്. അഞ്ചുദിവസം മുന്‍പാണ് മുറിയെടുത്തത്. അതേസമയം ദിലീപിന് ഗുരുതര അസുഖമുള്ളതായാണ് വിവരം.
ശാരീരികമായി സുഖമില്ലാത്ത അവസ്ഥയിലായിരുന്നു ദിലീപ് എന്നാണ് സീരിയലിന്‍റെ സംവിധായകന്‍ മനോജ് പറയുന്നത്. അതുകൊണ്ട് തന്നെ ചിത്രീകരണം വേഗം തീര്‍ത്ത് മുറിയില്‍ പോയി വിശ്രമിക്കാനായി ദിലീപിനെ വിടുകയായിരുന്നുവെന്നാണ് സംവിധായകന്‍ പറയുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സീരിയലുമായി ബന്ധപ്പെട്ട് അഞ്ചുദിവസമായി ദിലീപ് തിരുവനന്തപുരത്ത് ഉണ്ടായിരുന്നുവെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. രണ്ടു ദിവസം മുന്‍പാണ് അദ്ദേഹം സെറ്റില്‍ വന്ന് വര്‍ക്ക് തുടങ്ങിയത്. ക്രിസ്‌മസിന്‍റെ സമയത്തൊക്കെ ഷൂട്ടിന് എത്തിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസം വര്‍ക്ക് ഇല്ലായിരുന്നു. ആ ഹോട്ടലില്‍ തന്നെയുണ്ടായിരുന്നു അദ്ദേഹം എന്നാണ് സംവിധായകന്‍ വ്യക്തമാക്കുന്നത്.
രണ്ടുദിവസമായിട്ട് വിളിച്ചിരുന്നെങ്കിലും ദിലീപ് ഫോണ്‍ എടുക്കുന്നുണ്ടായിരുന്നില്ല. എന്നാല്‍ ഫോണ്‍ എടുക്കാത്ത പ്രകൃതം അദ്ദേഹത്തിനുണ്ടെന്നും സംവിധായകന്‍ പറയുന്നു. കഴിഞ്ഞ രണ്ട് ദിവസം വര്‍ക്ക് ഇല്ലാത്തതുകൊണ്ട് ഫോണില്‍ മാത്രമേ ബന്ധപ്പെട്ടിരുന്നുള്ളു. എന്നാല്‍ അദ്ദേഹം ഫോണ്‍ എടുക്കാത്തതിനാല്‍ നേരിട്ട് കണ്ട് സംസാരിക്കാനാണ് ഹോട്ടലില്‍ എത്തിയത്. അപ്പോഴാണ് മുറിയില്‍ നിന്ന് ദുര്‍ഗന്ധം വരുന്നത് പോലെ തോന്നി. ഉടന്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.
ദിലീപിന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി തനിക്കറിയാമെന്നും സംവിധായകന്‍ പറഞ്ഞു. സെറ്റില്‍ വരുമ്പോഴൊക്കെ മരുന്ന് കഴിക്കുന്നത് കാണാറുണ്ട്. മുടങ്ങാതെ മരുന്ന് കഴിക്കാന്‍ തങ്ങളെല്ലാവരും ഓര്‍മ്മപ്പെടുത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മിക്ക സീരിയലുകളിലും പ്രധാന കഥാപാത്രത്തെ ദിലീപ് അവതരിപ്പിച്ചിരുന്നു. ജൂഡ് അട്ടിപ്പേറ്റി സംവിധാനം ചെയ്‌ത റോസസ് ഇന്‍ ഡിസംബര്‍ എന്ന ചിത്രത്തിലൂടെയാണ് ദിലീപ് ശങ്കര്‍ അഭിനയരംഗത്തേക്ക് എത്തുന്നത്. ബേസില്‍ ജോസഫ് ചിത്രമായ പ്രാവിന്‍കൂട് ഷാപ്പിലും ദിലീപ് ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്.
Also Read:അഞ്ചു ദിവസം മുന്‍പ് വിളിച്ചതല്ലേ, നിനക്കെന്താ പറ്റിയത്? ദിലീപിന്‍റെ മരണത്തില്‍ ഞെട്ടലോടെ സീമ ജി നായര്‍