ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'മാളികപ്പുറ'ത്തിന്‍റെ ടീം വീണ്ടും ഒന്നിക്കുന്ന 'സുമതി വളവി'ന്‍റെ ടൈറ്റിൽ റിലീസ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതാണ്. അണിയറ പ്രവർത്തകരുടെ ഭാഗത്തു നിന്നും ചിത്രത്തിന്‍റെ പ്രധാനപ്പെട്ട അപ്ഡേറ്റ് പുറത്തുവന്നിരിക്കുന്നു. സൂപ്പർ ഹിറ്റ് തമിഴ് ചിത്രം 'രാക്ഷസന്‍റെ' ഛായഗ്രഹകൻ പിവി ശങ്കർ 'സുമതി വളവി' ന്‍റെ ഡിഒപി ആയി എത്തുന്നു.
തമിഴിലെ ഹിറ്റ് സിനിമകളുടെ തോഴനായ പിവി ശങ്കർ 'സുമതി വളവി' ലേക്കുള്ള യാത്രയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്... 'മലയാളത്തിൽ നല്ല ഒരു സിനിമ ചെയ്യണം എന്നത് ഏറെക്കാലത്തെ ആഗ്രഹമായിരുന്നു. അഭിലാഷും വിഷ്‌ണുവും മുരളി സാറും 'സുമതി വളവി' ന്‍റെ കഥയും അനുബന്ധ കാര്യങ്ങളും പറഞ്ഞപ്പോൾ ആ വിസ്‌മയ രംഗങ്ങൾ പകർത്താൻ ഞാൻ തയ്യാറിക്കഴിഞ്ഞിരുന്നു. പ്രേക്ഷകർക്കിഷ്‌ടപ്പെട്ട ടീമിനൊപ്പം ഒരു നല്ല സിനിമ സമ്മാനിക്കാൻ ആകുമെന്ന വിശ്വാസത്തോടെ ഞാനും 'സുമതി വളവി' ന്‍റെ ഭാഗമാകുകയാണ്'.
തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം ഹൊറർ കോമഡി ആയാണ് അണിയറയിൽ ഒരുങ്ങുന്നത്. വലിയ താരനിര അണിനിരക്കുന്ന ചിത്രത്തിന്‍റെ ലൊക്കേഷനുകൾ പാലക്കാട്, മൂന്നാർ, കുമളി, കമ്പം, തേനി, വട്ടവട തുടങ്ങിയവയാണ്. ആഗസ്റ്റ് 17-ന് (ചിങ്ങം ഒന്നാം തീയതി) 'സുമതി വളവി' ന്‍റെ പൂജയും ആഗസ്റ്റ് 20 ന് ചിത്രീകരണവും ആരംഭിക്കും.