തിരുവനന്തപുരം:സിനിമ സീരിയല്‍ താരംദിലീപ് ശങ്കറിന്‍റെ മരണം ആത്മഹത്യയല്ലെന്ന് പോലീസ് പ്രാഥമിക നിഗമനം. ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നാണ് സൂചന. ആത്മഹത്യയിലേക്ക് നയിക്കുന്ന തെളിവുകളൊന്നും പരിശോധനയില്‍ ലഭിച്ചില്ലെന്ന് പോലീസ് വ്യക്തമാക്കി.
ദിലീപ് ശങ്കര്‍ മുറിയില്‍ തലയിടിച്ച് വീണതായാണ് ഇപ്പോഴത്തെ സംശയം. അതേസമയം ആന്തരിക അവയവങ്ങള്‍ ശാസ്‌ത്രീയ പരിശോധനയ്ക്ക് അയച്ചു. മുറിയില്‍ നിന്ന് മദ്യക്കുപ്പികള്‍ ഉള്‍പ്പെടെയുള്ളവ പോലീസ് കണ്ടെത്തിയിട്ടുണ്ട്. പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമായിരിക്കും തുടര്‍ നടപടികള്‍.
ഞായറാഴ്‌ച (ഡിസംബര്‍ 29 )ഉച്ചയോടെയാണ് ദിലീപ് ശങ്കറിനെ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല. രണ്ട് ദിവസം മുമ്പാണ് ദിലീപ് ശങ്കർ ഹോട്ടലിൽ മുറിയെടുത്തതെന്ന് കണ്ടോൺമെൻറ് പോലീസ് അറിയിച്ചത്.
അതേസമയം മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ ഹോട്ടൽ ജീവനക്കാർ മുറി തുറന്ന് നോക്കുകയായിരുന്നു. തുടർന്നാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടന്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സീരിയലുമായി ബന്ധപ്പെട്ട് അഞ്ചുദിവസമായി ദിലീപ് തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. രണ്ടു ദിവസം മുന്‍പാണ് ദിലീപ് സെറ്റില്‍ വന്ന് വര്‍ക്ക് തുടങ്ങിയത്. കഴിഞ്ഞ രണ്ട് ദിവസം വര്‍ക്ക് ഇല്ലായിരുന്നു. ആ ഹോട്ടലില്‍ തന്നെയുണ്ടായിരുന്നു അദ്ദേഹം എന്നാണ് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.
രണ്ടുദിവസമായിട്ട് വിളിച്ചിരുന്നെങ്കിലും ദിലീപ് ഫോണ്‍ എടുക്കുന്നുണ്ടായിരുന്നില്ല. നടന്‍ ഫോണ്‍ എടുക്കാത്തതിനാല്‍ നേരിട്ട് കണ്ട് സംസാരിക്കാനായി സീരിയലിന്‍റെ അണിയറ പ്രവര്‍ത്തകര്‍ ഹോട്ടലില്‍ എത്തിയിരുന്നു. എന്നാല്‍ ദിലിപിന്‍റെ മുറിയില്‍ നിന്ന് ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു.
ദിലീപിന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായാണ് വിവരം. എറണാകുളം സ്വദേശിയാണ് ദിലീപ്. സീരിയല്‍ ചിത്രീകരണത്തിനായാണ് ദിലീപ് തിരുവനന്തപുരത്ത് എത്തിയത്.
മിക്ക സീരിയലുകളിലും പ്രധാന കഥാപാത്രത്തെ ദിലീപ് അവതരിപ്പിച്ചിരുന്നു. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്‌ത അമ്മ അറിയാതെ, ഫള്‌വേഴ്‌സ് ടിവിയിലെ പഞ്ചാഗ്നി, സൂര്യ ടിവിയിലെ സുന്ദരി എന്നി സീരിയലുകളില്‍ ദിലീപ് അഭിനയിച്ചിരുന്നത്. ജൂഡ് അട്ടിപ്പേറ്റി സംവിധാനം ചെയ്‌ത റോസസ് ഇന്‍ ഡിസംബര്‍ എന്ന ചിത്രത്തിലൂടെയാണ് ദിലീപ് ശങ്കര്‍ അഭിനയരംഗത്തേക്ക് എത്തുന്നത്. ചാപ്പാ കുരിശ്, നോര്‍ത്ത് 24 കാതം എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ബേസില്‍ ജോസഫ് ചിത്രമായ പ്രാവിന്‍കൂട് ഷാപ്പിലും ദിലീപ് ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്.
അഭിനയത്തിന് പുറമെ ബിസിനസ് രംഗത്തും സജീവമായിരുന്നു ദിലീപ് ശങ്കര്‍. ചപ്പാത്തി, ദോശമാവ് എന്നിങ്ങനെ റെഡി ടു ഈറ്റ് വിഭവങ്ങളാണ് ദിലീപിന്‍റെ കമ്പനി മാര്‍ക്കറ്റില്‍ എത്തിക്കുന്നത്. ഭാര്യ സുമ, ദേവ,ധ്രുവ് എന്നിവര്‍ മക്കളാണ്.
Also Read:'പെട്ടെന്ന് ഷൂട്ട് തീര്‍ത്ത് മുറിയിലേക്ക് പറഞ്ഞയച്ചു, വിളിച്ചിരുന്നെങ്കിലും ഫോണ്‍ എടുത്തില്ല'; ദിലീപിന്‍റെ വേര്‍പാടില്‍ സീരിയല്‍ അണിയറ പ്രവര്‍ത്തകര്‍