സൂപ്പർതാരം ചിയാന്‍ വിക്രമിനെ നായകനാക്കി സംവിധായകൻ പാ രഞ്ജിത് ഒരുക്കിയ 'തങ്കലാന്‍റെ' അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു. ഓഗസ്റ്റ് 15ന് ചിത്രം ആഗോളതലത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. അതിന് മുന്നോടിയായിട്ടാണ് ചിത്രത്തിന്‍റെ കേരളത്തിലെ അഡ്വാൻസ് ബുക്കിങ് ഇന്ന് (ഓഗസ്റ്റ് 11) ആരംഭിച്ചത്.
ഗോകുലം ഗോപാലന്‍റെ ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ 'തങ്കലാന്‍റെ' കേരളത്തിലെ പ്രൊമോഷൻ പരിപാടികൾ റദ്ദാക്കി. പ്രൊമോഷന് മാറ്റിവച്ച തുക ശ്രീ ഗോകുലം മൂവീസും ചിത്രത്തിന്‍റെ നിർമാതാക്കളായ സ്റ്റുഡിയോ ഗ്രീനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.
സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ നിർമിച്ച ചിത്രത്തിൽ നായികയായി എത്തുന്നത് പാർവതി തിരുവോത്തും മാളവിക മോഹനനുമാണ്. പ്രശസ്‌ത തമിഴ് നടൻ പശുപതിയാണ് സിനിമയിലെ നിർണായക കഥാപാത്രത്തിന് ജീവൻ പകർന്നിരിക്കുന്നത്. സെൻസറിങ് പൂർത്തിയായപ്പോൾ യു/എ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയ ചിത്രം ഓഗസ്റ്റ് 15ന് വമ്പൻ റിലീസായാണ് ശ്രീ ഗോകുലം മൂവീസ് കേരളത്തിലെത്തിക്കുന്നത്.
തമിഴിലെ ഹിറ്റ് മേക്കറും ദേശീയ അവാർഡ് ജേതാവുമായ ജി വി പ്രകാശ്‌കുമാർ സംഗീതമൊരുക്കിയ ഈ ചിത്രത്തിന് കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ കെ ചിത്രസംയോജനവും നിർവഹിക്കുന്നു. എസ് എസ് മൂർത്തി കലാസംവിധാനം നിർവഹിച്ച 'തങ്കലാന്' സംഘട്ടനമൊരുക്കിയത് സ്റ്റണ്ടർ സാം ആണ്. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യൂഷൻ പാർട്‌ണർ. പിആർഒ: ശബരി.
Also Read:ലൊക്കാര്‍ണോ വേദിയില്‍ കിങ് ഖാന് ആദരം; പർദോ അല്ല കരിയേറ അവാര്‍ഡ് ഏറ്റുവാങ്ങി സൂപ്പര്‍ താരം