'പുഷ്‌പ 2 ദി റൂള്‍' പ്രീമിയര്‍ ഷോയ്‌ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസം അല്ലു അര്‍ജുന്‍ അറസ്‌റ്റിലായിരുന്നു. അല്ലു അര്‍ജുന്‍റെ അറസ്‌റ്റിന് പിന്നാലെ വലിയ പ്രതിഷേധങ്ങളാണ് സിനിമയ്‌ക്കകത്തും പുറത്തും ഉണ്ടായത്. താരത്തിന്‍റെ അറസ്‌റ്റില്‍ പ്രതികരിച്ച് നിരവധി സഹതാരങ്ങളും രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരങ്ങളുടെ പ്രതികരണം.
'പുഷ്‌പ'യില്‍ അല്ലുവിന്‍റെ നായികയായി അഭിനയിച്ച രശ്‌മിക മന്ദാനയും വിഷയത്തില്‍ പ്രതികരിച്ചു. സംഭവത്തിൽ തന്‍റെ ഞെട്ടലും ദുഃഖവും താരം പ്രകടിപ്പിച്ചു. "ഇപ്പോൾ കാണുന്നത് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല... എല്ലാം ഒരാളുടെ മേൽ മാത്രം ആരോപിക്കുന്നത് കാണുന്നത് ഹൃദയഭേദകമാണ്," -ഇപ്രകാരമാണ് രശ്‌മിക മന്ദാന എക്‌സില്‍ കുറിച്ചത്.
സെലിബ്രെറ്റികള്‍ ഉള്‍പ്പെടുന്ന സംഭവങ്ങള്‍ക്ക് അമിതമായ ശ്രദ്ധ നല്‍കുന്നതില്‍ നിരാശ പ്രകടിപ്പിച്ചാണ് തെലുഗു സൂപ്പര്‍ താരം നാനി രംഗത്തെത്തിയത്. സാധാരണ പൗരന്‍മാരുമായി താരതമ്യപ്പെടുത്തുമ്പോൾ, മാധ്യമങ്ങളും സർക്കാർ അധികാരികളും സിനിമ താരങ്ങള്‍ ഉൾപ്പെടുന്ന കാര്യങ്ങളെ സമീപിക്കുന്ന രീതിയിലുള്ള പ്രകടമായ വ്യത്യാസം അദ്ദേഹം എടുത്തു പറയുകയും ചെയ്‌തു.
"സിനിമയിലെ ആളുകളുമായി ബന്ധപ്പെട്ട ഏതൊരു കാര്യത്തിലും സർക്കാർ അധികാരികളും മാധ്യമങ്ങളും കാണിക്കുന്ന ആവേശം സാധാരണ പൗരന്‍മാർക്കും ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. നമ്മൾ ഒരു മെച്ചപ്പെട്ട സമൂഹത്തിൽ ജീവിക്കുമായിരുന്നു.
അതൊരു നിർഭാഗ്യകരമായ സംഭവമായിരുന്നു. ഹൃദയഭേദകമായിരുന്നു. നമ്മളെല്ലാവരും ദുരന്തത്തിൽ നിന്ന് പാഠം പഠിക്കുകയും ഇനി മുതൽ കൂടുതൽ ശ്രദ്ധാലു ആയിരിക്കുകയും വേണം. നമ്മളെല്ലാവരും ഇവിടെ തെറ്റുകാരാണ്. ഒരാൾ മാത്രം ഇതിന് ഉത്തരവാദിയല്ല." -ഇപ്രകാരമാണ് നാനി എക്‌സില്‍ കുറിച്ചത്.