മലയാള സിനിമയിലെ പ്രമുഖ നടന്‍മാർക്കെതിരെ പീഡന ആരോപണം ഉന്നയിച്ച നടിയുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. പ്രത്യേക അന്വേഷണ സംഘമാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്. ഇതിനു പിന്നാലെ ഗുരുതരമായ വകുപ്പുകൾ ചേർത്ത് എഴു പേർക്കെതിരെ വിവിധ സ്‌റ്റേഷനുകളിൽ കേസെടുത്തു.
മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ നോബിള്‍, വിച്ചു, അഭിഭാഷകന്‍ വി.എസ് ചന്ദ്രശേഖരൻ എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്.
താര സംഘടനയായ അമ്മയില്‍ അംഗത്വം നല്‍കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചെന്ന പരാതിയിലാണ് നടന്‍ ഇടവേള ബാബുവിനെതിരെ കേസെടുത്തത്. എറണാകുളം നോര്‍ത്ത് പൊലീസ് ആണ് കേസെടുത്തത്. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 376-ാം വകുപ്പ് പ്രകാരം ജാമ്യമില്ല വകുപ്പിലാണ് ഇടവേള ബാബുവിനെതിരെ കേസ്.
നടൻ മണിയൻപിള്ള രാജുവിനെതിരെ ഫോർട്ട് കൊച്ചി പൊലീസാണ് കേസെടുത്തത്. 'ഡാ തടിയാ' എന്ന സിനിമയുടെ സെറ്റിൽവച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിളിനെതിരെ പാലാരിവട്ടം പൊലീസും കേസെടുത്തു.
കഴിഞ്ഞ ദിവസം നടന്‍ ജയസൂര്യയ്‌ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. ലൈംഗികമായി ആക്രമിച്ചെന്ന നടിയുടെ പരാതിയില്‍ തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസാണ് നടനെതിരെ കേസെടുത്തത്. സെക്രട്ടേറിയേറ്റിലെ ശുചിമുറിയില്‍ വച്ച് ലൈംഗികമായി ആക്രമിച്ചെന്നാണ് എഫ്.ഐ.ആര്‍. ഐപിസി 354, 354 A, 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്‌ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങീ വകുപ്പുകള്‍ക്കൊപ്പം ജാമ്യമില്ല വകുപ്പും നടനെതിരെ ചുമത്തിയിട്ടുണ്ട്.
ലൈംഗിക പീഡന പരാതിയില്‍ എം.മുകേഷ് എം.എല്‍.എക്കെതിരെയും കേസെടുത്തിട്ടുണ്ട്. കൊച്ചിയിലെ നടിയുടെ പരാതിയില്‍ മരട് പൊലീസാണ് കേസെടുത്തത്. ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് നടനെതിരെ പൊലീസ് കേസെടുത്തത്. ഐപിസി 354, 509, 452 വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. കഴിഞ്ഞ ദിവസം അന്വേഷണ സംഘം 10 മണിക്കൂര്‍ നടിയുടെ മൊഴിയെടുത്തിരുന്നു.
Also Read: കുരുക്ക് മുറുകുന്നു; നടിയുടെ പരാതിയില്‍ മുകേഷിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് - Case Against Kollam MLA Mukesh