ഹൈദരാബാദ്: തട്ടിക്കൊണ്ടുപോയി ഓഹരി കൈമാറ്റം ചെയ്‌ത കേസിൽ പ്രശസ്‌ത തെലുങ്ക് സിനിമ നിർമ്മാതാവും മൈത്രി മൂവി മേക്കേഴ്‌സ് മേധാവിയുമായ നവീൻ യെർനേനിക്കെതിരെ കേസ്. ചേന്നുപതി വേണുമാധവ് എന്ന വ്യവസായിയുടെ പരാതി പ്രകാരമാണ് പൊലീസ് നടപടി. ടാസ്‌ക് ഫോഴ്‌സിലെ മുൻ ഡിസിപി രാധാകിഷൻ റാവുവും കേസിലെ പ്രതിയാണ്.
ഫോൺ ചോർത്തൽ കേസിലെ മുഖ്യപ്രതികളായ മുൻ ഡിസിപി രാധാകിഷൻ റാവു, ഇൻസ്പെക്‌ടർ ഗട്ടുമല്ലു, എസ് എസ് മല്ലികാർജുൻ എന്നിവർക്കൊപ്പം പഞ്ചഗുട്ട പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നാണ് അറിയുന്നത്. ഇതറിഞ്ഞ എൻആർഐയും വ്യവസായിയുമായ ചേന്നുപതി വേണുമാധവ് ജൂബിലി ഹിൽസ് പൊലീസുമായി ബന്ധപ്പെടുകയും ഫോൺ ചോർത്തൽ കേസിലെ നിരവധി പ്രതികൾ തന്നെ നേരത്തെ തട്ടിക്കൊണ്ടുപോയി കമ്പനിയുടെ ഓഹരികൾ നിർബന്ധിച്ച് കൈമാറ്റം ചെയ്‌തതായി പരാതിപ്പെടുകയും ചെയ്‌തു. രാധാകിഷൻ റാവു തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നും സി ഐ ഗട്ടുമല്ലു സംഘത്തിന് 10 ലക്ഷം രൂപ നൽകിയെന്നുമാണ് പരാതിയിൽ പറയുന്നത്.
2011 ൽ 'ക്രിയ'യുടെ പേരിൽ ആതുരസേവനം തുടങ്ങിയെന്ന് പരാതിയിൽ പറഞ്ഞ വേണു മാധവ്, ആന്ധ്രാപ്രദേശിൽ ഹെൽത്ത് കെയർ സെന്‍ററുകളും ഖമ്മത്ത് ടെലിമെഡിസിനും ദേശീയ പാതകളിൽ എമർജൻസി വാഹനങ്ങളും സ്ഥാപിച്ചിട്ടുണ്ട്. അക്കാലത്ത് ഉത്തർപ്രദേശിൽ ഹെൽത്ത് കെയർ സെന്‍ററുകളുടെ പ്രോജക്‌ട് തങ്ങൾക്ക് ലഭിച്ചിരുന്നുവെന്നും വേണു മാധവ് പരാതിയിൽ പറഞ്ഞു. ആ സമയം സുറെഡ്ഡി ഗോപാല കൃഷ്‌ണ, രാജശേഖർ തലസില, യെർനേനി നവീൻ, മണ്ഡലപു രവികുമാർ എന്നിവരെ പാർട്ട് ടൈം ഡയറക്‌ടർമാരായും ബാലാജി എന്ന വ്യക്തിയെ സിഇഒ ആയും നിയമിച്ചുവെന്നും വേണു മാധവ് അറിയിച്ചു.