കണ്ണൂര്‍: തലശ്ശേരി കാര്‍ണിവല്‍ ലഹരിയില്‍. വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന, തലശ്ശേരി ജനതയെ ഒന്നിപ്പിക്കുന്ന കാര്‍ണിവല്‍ വീണ്ടും ആഘോഷിക്കപ്പെടുകയാണ്. നഗരം ജനസാഗരങ്ങളാല്‍ നിറയുകയാണ്. വര്‍ണ്ണ ദീപാലംങ്കാരങ്ങളുടെ ശോഭയില്‍ തലശ്ശേരിയും പരിസരങ്ങളും ആറാടിയിരിക്കുന്നു.
ചരിത്രമുറങ്ങുന്ന കടല്‍പ്പാലത്തിനോട് ചേര്‍ന്ന നടപ്പാതയും സമീപത്ത് സജ്ജമാക്കിയ ഫുഡ് കോര്‍ട്ടിലും ഫുഡ് ഫെസ്റ്റിവലും ജനങ്ങളാല്‍ നിറയുകയാണ്. ഉച്ച തിരിയുന്നതോടെ തലശ്ശേരി നഗരം കാര്‍ണിവല്‍ ആഘോഷങ്ങള്‍ക്കായി ഉണരുകയായി. വൈകീട്ട് ബ്രണ്ണന്‍ ഹയര്‍ സെക്കന്‍ററി സ്‌ക്കൂള്‍ അങ്കണത്തില്‍ വിവിധ സെമിനാറുകളോടെയാണ് തുടക്കം.
സന്ധ്യയാകുന്നതോടെ ദീപാലങ്കാരങ്ങളാല്‍ മുഖരിതമാകും. നാനാദേശത്തു നിന്നും കുടുംബ സമേതം ജനങ്ങളെത്തുന്നു. ജൂബിലി ഷോപ്പിങ് കോപ്ലക്‌സ് പരിസരത്ത് തയ്യാറാക്കിയ മുഖ്യ വേദിയിലാണ് സ്റ്റേജ് ഷോകള്‍ അരങ്ങേറുന്നത്. അയ്യായിരത്തിലേറെ പേര്‍ക്ക് ഇരുന്ന് കാണാനുളള സംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ആടിയും പാടിയും തലശ്ശേരിയെ രേഖപ്പെടുത്തുകയാണ് കാര്‍ണിവലിന്‍റെ ഒരോ ദിനരാത്രങ്ങളും.