വരവറിയിച്ചത് മുതൽ ആരാധകർക്കിടയിൽ പ്രധാന ചർച്ചാവിഷയമായ ചിത്രമാണ് ഭ്രമയുഗം (Bramayugam). ചിത്രത്തിന്‍റെ ആദ്യ ദിന കലക്ഷൻ റിപ്പോർട്ടുകൾ ഇപ്പോഴിതാ പുറത്തുവന്നിരിക്കുകയാണ്. രാഹുൽ സദാശിവൻ (Rahul Sadasivan) സംവിധാനം ചെയ്‌ത ചിത്രം റിലീസ് ചെയ്‌ത ആദ്യ ദിനം തന്നെ മികച്ച കലക്ഷന്‍ നേടി.
ഇൻഡസ്ട്രി ട്രാക്കിംഗ് സൈറ്റായ സാക്‌നിൽക് (Industry tracker Sacnilk) റിപ്പോർട്ട് പ്രകാരം ആദ്യ ദിനം ഇന്ത്യൻ ബോക്‌സ് ഓഫിസിൽ 3.10 കോടിയാണ് ഭ്രമയുഗം നേടിയത്. സാക്‌നിൽക്കിൻ്റെ സ്ഥിതിവിവര കണക്കുകൾ പ്രകാരം, ഇന്നലെ ചിത്രം 46.52% ഒക്യുപെൻസി നിരക്ക് രേഖപ്പെടുത്തി. മോണിംഗ് ഷോകളിൽ സിനിമയുടെ ഒക്യുപെൻസി 41.44% ആയിരുന്നു.
ഉച്ചകഴിഞ്ഞുള്ള ഷോകളിൽ 33.89%, ഈവനിംഗ് ഷോകളിൽ 46.46% എന്നിങ്ങനെയും ആയിരുന്നു ഒക്യുപെൻസി. എന്നാൽ, രാത്രി ഷോകളിൽ 64.27% ആയി ഒക്യുപെൻസി വർധിച്ചു. ബെംഗളൂരു ആണ് ഏറ്റവും കൂടുതൽ ഷോകള്‍ നടക്കുന്ന നഗരം. 158 ഷോകളാണ് ബെംഗളൂരുവിൽ നടക്കുന്നത്. കൊച്ചിയിൽ 128 ഷോകളും തിരുവനന്തപുരത്ത് 115 ഷോകളുമുണ്ട്.