അമല്‍ നീരദ് ചിത്രം 'ബോഗയ്‌ന്‍വില്ല'യെ ഹൃദയത്തിൽ ഏറ്റെടുത്ത പ്രേക്ഷകരോട് നന്ദി പറയാൻ നേരിട്ടെത്തി കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും. ആലപ്പുഴ കൈരളി തിയേറ്ററിലാണ് ഇരുവരും അപ്രതീക്ഷിത സന്ദർശനം നടത്തിയത്. കേക്ക് മുറിച്ച് വിജയ മധുരം ഇരുവരും പങ്കിടുകയുമുണ്ടായി.
'എല്ലാവരോടും വന്ന് കാണാൻ പറയുക' എന്നാണ് തിയേറ്ററിൽ ഉണ്ടായിരുന്നവരോടായി ചാക്കോച്ചൻ പറഞ്ഞത്. 'നിങ്ങൾ ഇനിയും രണ്ടുമൂന്ന് പ്രാവശ്യം വന്ന് കാണൂ' എന്നാണപ്പോൾ ഫഹദ് പറഞ്ഞത്. 'വീട്ടിൽ ചെന്ന് കുരിശുവരച്ച് ഉറങ്ങണം' എന്ന് അപ്പോൾ പ്രേക്ഷകർക്കിടയിൽ നിന്നും വന്നൊരു കമന്‍റ് എല്ലാവരിലും ചിരി പടർത്തി. സിനിമയെ വൻ വിജയമാക്കിയ എല്ലാവർക്കും ബോഗയ്‌ന്‍വില്ല ടീമിന്‍റെ പേരിൽ നന്ദി അറിയിക്കുന്നു എന്നും ചാക്കോച്ചൻ പറഞ്ഞു.
അമൽ നീരദിന്‍റെ സ്റ്റൈലിഷ് മേക്കിങും അതിദൂരൂഹവും ഏവരേയും പിടിച്ചിരുത്തുന്നതുമായ ലാജോ ജോസിന്‍റെ കഥപറച്ചിൽ മിടുക്കും ഒപ്പം ജ്യോതിർമയി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരുടെ സമാനതകളില്ലാത്ത പ്രകടന മികവുമാണ് ബോഗയ്‌ന്‍വില്ലയുടെ പ്രത്യേകതയെന്നാണ് പ്രേക്ഷകരുടേയും നിരൂപകരുടേയും അഭിപ്രായം.
അതേസമയം ബോഗയ്‌ന്‍വില്ല'യ്ക്ക് ബുക്ക് മൈ ഷോയിൽ വമ്പൻ ബുക്കിങ്ങാണ്. കഴിഞ്ഞ 24 മണിക്കൂറിൽ ബുക്ക് മൈ ഷോയിലൂടെ 95.31K ടിക്കറ്റുകളാണ് സിനിമയുടേതായി വിറ്റുപോയിരിക്കുന്നത്. ഓരോ മണിക്കൂറിലും അയ്യായിരത്തിനടുത്ത് ടിക്കറ്റ് ബുക്കിംഗും ലഭിച്ചുകൊണ്ടിരിക്കുകയാണ്.
വലിയ സ്വീകാര്യതയാണ് പ്രേക്ഷക സമൂഹത്തിൽ നിന്നും ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രായഭേദമെന്യേ കുടുംബങ്ങൾ ഒന്നടങ്കം ചിത്രത്തിനായി ഓരോ തിയേറ്ററിലും എത്തിക്കൊണ്ടിരിക്കുകയാണ്. വിവിധ തിയേറ്ററുകളിലായി അമ്പതിലേറെ എക്സ്‍ട്രാ ഷോകളും ഇന്ന് ചാർട്ട് ചെയ്തിട്ടുണ്ട്. കൊച്ചിയിൽ സിനി പോളിസ്, ജി സിനിമാസ്, സെൻട്രൽ ടാക്കീസ്, പിവിആർ, വനിത, പത്മ, ഷേണായീസ് തിയേറ്റർ സ്ക്രീനുകളിൽ രാത്രിയിലും ഹൗസ് ഫുൾ ഷോകകളാണ് നടക്കുന്നത്.