സിനിമാപ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് 'ബറോസ്'. 46 കൊല്ലത്തെ അഭിനയ ജീവിതത്തിനിടയില്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ബറോസ്'. ഫാന്‍റസി പിരീഡ് ഴോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ഡിസംബര്‍ 25 ന് ക്രിസ്‌മസ് റിലീസായി ചിത്രം തിയേറ്ററുകളില്‍ എത്തും. ഇപ്പോഴിതാ ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിങിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍.
നാളെ (ഡിസംബര്‍22) രാവിലെ 10 മണി മുതൽ സിനിമയുടെ ബുക്കിംഗ് ആരംഭിക്കുമെന്നാണ് നിർമാതാക്കളായ ആശിർവാദ് സിനിമാസ് പുറത്തുവിട്ടിരിക്കുന്ന വിവരം. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയായതിനാല്‍ അഡ്വാന്‍സ് ബുക്കിങില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് ട്രേഡ് അനലിസ്‌റ്റുകളുടെ വിലയിരുത്തല്‍. ക്രിസ്‌മസ് ദിനത്തില്‍ റിലീസ് ചെയ്യുന്നതിനാല്‍ അവധിയും കുടുംബ പ്രേക്ഷകരെ തന്നെയാണ് ലക്ഷ്യം വയ്ക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
എന്നാല്‍ എല്ലാത്തരം പ്രേക്ഷകര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന സിനിമയായിരിക്കും ബറോസ് എന്ന് നേരത്തെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. അതേസമയം 2024 ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന സിനിമയുടെ പട്ടികയിൽ ബറോസിന് മുന്നിലെത്താൻ സാധിക്കുമോയെന്നാണ് സിനിമാ പ്രേമികള്‍ ഉറ്റുനോക്കുന്നത്. രണ്ടു മണിക്കൂർ 34 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം എന്നാണ് സൂചന. ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായാണ് വിവരം.