ഞായറാഴ്‌ച്ചയുണ്ടായ വാഹനാപകടത്തിന്‍റെ പശ്ചാത്തലത്തില്‍ പൊതുസമൂഹത്തോട് മാപ്പ് പറഞ്ഞ് നടന്‍ ബൈജു സന്തോഷ്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ബൈജുവിന്‍റെ ക്ഷമാപണം. രാജ്യത്തെ നിയമങ്ങള്‍ പാലിക്കാന്‍ താനും ബാധ്യസ്ഥനാണെന്നും തന്നില്‍ നിന്നും അഹങ്കാരം നിറഞ്ഞ സംസാരം ഉണ്ടായതായി ആര്‍ക്കെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നതായും നടന്‍ ബൈജു.
ഞായറാഴ്‌ച്ചത്തെ അപകടവുമായി ബന്ധപ്പെട്ട് ചില തെറ്റിദ്ധാരണകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു എന്ന് പറഞ്ഞ് കൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. സംഭവത്തിൽ പൊലീസ് തന്നെ സഹായിച്ചിട്ടില്ലെന്നും നിയമപരമായ കേസ് എടുത്തിട്ടുണ്ടെന്നും നടന്‍ അറിയിച്ചു.
"സംഭവത്തിന്‍റെ യഥാർത്ഥ വസ്‌തുത അറിയിക്കേണ്ടത് തന്‍റെ ഉത്തരവാദിത്വമാണ്. ഞായറാഴ്‌ച്ച കവടിയാറിൽ നിന്നും വെള്ളയമ്പലത്തേക്ക് കാറിൽ സഞ്ചരിക്കുകയായിരുന്നു. 65 കിലോമീറ്റർ സ്‌പീഡ് ഉണ്ടായിരുന്നു. വെള്ളയമ്പലത്തിൽ നിന്ന് മ്യൂസിയം ഭാഗത്തേക്ക് പോകാനായിരുന്നു ഉദ്ദേശിച്ചത്. എന്നാൽ വെള്ളയമ്പലത്ത് വെച്ച് മുന്‍വശത്തെ ടയർ പഞ്ചറായി.
വാഹനത്തിന്‍റെ നിയന്ത്രണം നഷ്‌ടമാവുകയും ഒരു സ്‌കൂട്ടർ യാത്രികന്‍റെ ദേഹത്ത് തട്ടുകയും ചെയ്‌തു. ആ ചെറുപ്പക്കാരനോട് ആശുപത്രിയില്‍ പോകണോ എന്ന് ചോദിക്കുകയും ചെയ്‌തു. പിന്നീട് അയാൾക്ക് മുറിവോ ചതവോ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്ന് അറിയാൻ കഴിഞ്ഞു. അയാൾക്ക് പരാതിയില്ലെന്ന് പൊലീസിൽ അറിയിക്കുകയും ചെയ്‌തിരുന്നു. ഈ സംഭവത്തിൽ പൊലീസ് എന്നെ സഹായിച്ചിട്ടില്ല. നിയമപരമായ കേസ് എടുത്തിട്ടുണ്ട്.