മലയാളത്തിലെ യുവനിരയിൽ ശ്രദ്ധേയനായ താരമാണ് ആസിഫ് അലി. ശ്യാമപ്രസാദിന്‍റെ 'ഋതു' എന്ന ചിത്രത്തിലൂടെ മലയാള സിനിമയുടെ വാതിൽ തുറന്ന് അകത്തേക്ക് നടന്നുകയറിയ നടൻ. അവകാശപ്പെടാൻ പാരമ്പര്യത്തിന്‍റെ പകിട്ടോ ഗോഡ്‌ഫാദർമാരുടെ തണലോ ഇല്ലാതെ സ്വയം ആർജിച്ചെടുത്ത നിശ്ചയദാർഢ്യത്തിന്‍റെ കരുത്തുമായാണ് സിനിമയെന്ന മായാലോകത്തേക്ക് ഉറച്ച കാൽവയ്പ്പുകളുമായി അയാൾ കടന്നുവന്നത്. മലയാളസിനിമയുടെ കരുത്തനായ നടന്‍റെ, ആരാധകരുടെ പ്രിയപ്പെട്ട ആസിക്കയുടെ 38-ാം പിറന്നാളാണിന്ന്.
പ്രിയതാരത്തിന്‍റെ 'സ്‌പെഷ്യൽ ഡേ'യിൽ ആസിഫിനെ ആശംസകൾകൊണ്ട് പൊതിയുകയാണ് ആരാധകരും പ്രിയപ്പെട്ടവരും. സിനിമ മേഖലയിൽ നിന്ന് തന്നെ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ താരത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് എത്തുന്നത്. അക്കൂട്ടത്തിൽ മമ്മൂട്ടി കമ്പനി, ദുൽഖർ സൽമാൻ, ജയസൂര്യ, ബിജു മേനോൻ, സൗബിൻ ഷാഹിർ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ, ആന്‍റണി വർഗീസ് പെപ്പെ, ആസിഫിന്‍റെ സഹോദരനും നടനുമായ അഷ്‌കർ അലി തുടങ്ങി നിരവധി പേരുണ്ട്.
മലയാളത്തിന്‍റെ യൂത്ത് ഐക്കണുകളിൽ പ്രധാനപ്പെട്ട മുഖമാണ് ആസിഫിന്‍റേത്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ യുവാക്കളുടെ ഹരമായി മാറിയ നടൻ പ്രേക്ഷകർക്ക് സമ്മാനിച്ചത് വ്യത്യസ്‌തങ്ങളായ സിനിമകളും കഥാപാത്രങ്ങളുമാണ്. ക്യാമറയ്‌ക്ക് മുന്നിൽ ദേഷ്യവും സങ്കടവുമെല്ലാം അനായാസം വഴങ്ങും ആസിഫിന്. യുവത്വത്തിന്‍റെ ആഘോഷങ്ങളും പകിട്ടും മാത്രമല്ല സീരിയസ് വേഷങ്ങളും തനിക്ക് വഴങ്ങുമെന്ന് ഇതിനോടകം ആസിഫ് തെളിയിച്ചിട്ടുണ്ട്.