ശ്രീനഗര്‍: മൂന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറം കുറച്ച് കശ്‌മീരി കുടിയേറ്റക്കാരെ പുനരധിവസിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ നീക്കത്തില്‍ കശ്‌മീരി പണ്ഡിറ്റുകളുടെ ഇടയില്‍ അഭിപ്രായ ഭിന്നത. കേന്ദ്രസര്‍ക്കാര്‍ ഒമര്‍ അബ്‌ദുള്ളയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് കശ്‌മീരി പണ്ഡിറ്റുകള്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള പദ്ധതി ആവിഷ്ക്കരിച്ചതെന്നാണ് റിപ്പോര്‍ട്ട്. കശ്‌മീരി പണ്ഡിറ്റുകള്‍ എത്രയും പെട്ടെന്ന് സ്വന്തം വീടുകളിലേക്ക് തിരിച്ചെത്താന്‍ ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സ് തലവന്‍ ഫാറൂഖ് അബ്‌ദുള്ള ആഹ്വാനം ചെയ്‌തു. പാര്‍ട്ടി അവരുടെ ശത്രുക്കളല്ലെന്ന ഉറപ്പും അദ്ദേഹം നല്‍കിയിട്ടുണ്ട്.
1989 ല്‍ നുഴഞ്ഞു കയറ്റം ആരംഭിച്ചത് മുതല്‍ പതിനായിരങ്ങള്‍, പ്രത്യേകിച്ച് കശ്‌മീരി പണ്ഡിറ്റുകള്‍ തങ്ങളുടെ സുരക്ഷിതത്വം ഓര്‍ത്ത് പലായനം ചെയ്‌തു. 1997ലെ ജമ്മു കശ്‌മീര്‍ സ്ഥാവര ജംഗമ നിയമം ഇവരെ കുടിയേറ്റക്കാരെന്ന് വിവക്ഷിച്ചു. 62,000 കുടുംബങ്ങള്‍ അവരുടെ വീടുകള്‍ ഉപേക്ഷിച്ച് താഴ്‌വര വിട്ട് പോയെന്നാണ് ഔദ്യോഗിക രേഖകള്‍. ഇവരില്‍ 40,000 പേര്‍ ജമ്മുവില്‍ ജീവിക്കുന്നു. 20,000 പേര്‍ ന്യൂഡല്‍ഹിയിലും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
1989 മുതല്‍ 219 കശ്‌മീരി പണ്ഡിറ്റുകള്‍ താഴ്‌വരയില്‍ കൊല്ലപ്പെട്ടതായി 2010 ല്‍ ജമ്മു കശ്‌മീര്‍ നിയമസഭയില്‍ വച്ച രേഖകള്‍ വ്യക്തമാക്കുന്നു. 1989 നവംബര്‍ നാലിന് കൊല്ലപ്പെട്ട, ജമ്മുകശ്‌മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെകെഎല്‍എഫ്) സ്ഥാപകന്‍ മഖ്ബൂല്‍ ഭട്ടിനെ വധശിക്ഷയ്ക്ക് വിധിച്ച വിരമിച്ച ജില്ലാ -സെഷന്‍സ് ജഡ്‌ജി നീല്‍കാന്ത് ഗഞ്ചു അടക്കമുള്ളവര്‍ ഇതില്‍പ്പെടുന്നു.
താഴ്‌വരയിലേക്ക് മടങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ച 419 കുടുംബങ്ങളുടെ പട്ടിക തങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന് 2019ല്‍ തന്നെ സമര്‍പ്പിച്ചിരുന്നുവെന്ന് ജമ്മുകശ്‌മീര്‍ പീസ് ഫോറം തലവനും കശ്‌മീരി പണ്ഡിറ്റുകളുടെ പ്രതിനിധിയുമായ സതീഷ് മഹാല്‍ദര്‍ പറഞ്ഞു. എന്നാല്‍ തന്‍റെ സമശീര്‍ഷരായ ചിലര്‍ ഇതിനെ എതിര്‍ക്കുകയും ഇതില്‍ ചില വര്‍ഗീയ നിറം നല്‍കാന്‍ ശ്രമിക്കുകയും ചെയ്തെന്നും അദ്ദേഹം ആരോപിച്ചു. ഇത് ഇരുസമൂഹങ്ങളും തമ്മിലുള്ള സ്‌പര്‍ദ്ധയ്ക്കും ഇടയാക്കി.
രാജ്യമെമ്പാടുമുള്ള കശ്‌മീരി പണ്ഡിറ്റുകളുടെ സ്വമേധായ ഉള്ള പ്രയത്നമാണ് കശ്‌മീരിലേക്ക് മടങ്ങുക എന്നത്. നാം കൂട്ടായ ഒരു സമൂഹമാണ്. എന്നാല്‍ കശ്‌മീരി പണ്ഡിറ്റുകളുടെ സംഘടനകള്‍ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും മഹല്‍ദാര്‍ കശ്‌മീരി പണ്ഡിറ്റ് സംഘടനകള്‍ ഈ പദ്ധതിക്കെതിരെ പുറത്തിറക്കിയ സംയുക്ത പ്രസ്‌താവന ചൂണ്ടിക്കാട്ടി ആരോപിച്ചു.
തങ്ങള്‍ക്ക് കശ്‌മീരില്‍ എവിടെയെങ്കിലും താമസസൗകര്യങ്ങള്‍ ഒരുക്കിത്തരാനാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കാരണം അവിടെ ആവശ്യമായ വീടുകള്‍ ഇപ്പോഴില്ല. പലരും കിട്ടിയ വിലക്ക് തങ്ങളുടെ കൈവശമുണ്ടായിരുന്ന ഭൂമിയും മറ്റും വിറ്റഴിച്ചാണ് ലോകത്തിന്‍റെ വിവിധയിടങ്ങളിലേക്ക് ചേക്കേറിയത്. ഇത് തങ്ങള്‍ക്ക് ഏറെ അസ്വസ്ഥതയുണ്ടാക്കിയ വില്‍പ്പന ആയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം തങ്ങളുടെ മടക്കം തെല്ലും സ്വാഗതാര്‍ഹമല്ലെന്ന് വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കശ്‌മീരി പണ്ഡിറ്റുകളുടെ പ്രതിനിധിയായ ഡോ. രമേഷ് റെയ്‌ന പറയുന്നു. ഇസ്ലാമിക ഭീകരതയും മറ്റ് ഭീകരതകളും കുടിയേറ്റ തൊഴിലാളികളെ തെരഞ്ഞ് പിടിച്ച് കൊല്ലുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. മടക്കവും പുനരധിവാസവും പുതിയ സര്‍ക്കാരില്‍ നിന്നുണ്ടായ ഒരു പൊതുജന സമ്പര്‍ക്ക പരിപാടിയാണെന്നും റെയ്‌ന പറയുന്നു. കശ്‌മീരി ഹിന്ദുക്കളുടെ ഉന്നത സമിതിയായ ഓള്‍ ഇന്ത്യ കശ്‌മീരി സമാജ് (എഐകെഎസ്)ന്‍റെ അധ്യക്ഷനായിരുന്ന ആളാണ് റെയ്‌ന. നവംബര്‍ പത്തിനാണ് അദ്ദേഹം ഈ പദവി ഒഴിഞ്ഞത്.
പുനരധിവാസത്തിന് കൃത്യമായ മാര്‍ഗരേഖകളില്ലെന്നും, ആത്മവിശ്വാസമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നമ്മുടെ സമുദായത്തില്‍ നിന്ന് കുറച്ച് പുത്തന്‍കൂറ്റുകാര്‍ക്ക് മാത്രമാണ് കശ്‌മീരിലേക്ക് മടങ്ങണമെന്ന ആഗ്രമുള്ളത്. എന്നാല്‍ തങ്ങള്‍ ആരും ഇതിനെ പിന്തുണയ്ക്കുന്നില്ല. ഭൂരിഭാഗം പേരും ഇതിനെ തള്ളുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ ചര്‍ച്ചകള്‍ കൊണ്ടൊന്നും യാതൊരു ഫലവും ഉണ്ടാകില്ലെന്നാണ് ജമ്മുവിലെ ജഗതി ക്യാമ്പില്‍ താമസിക്കുന്ന കശ്‌മീരി പണ്ഡിറ്റ് സുനില്‍ പണ്ഡിതയുടെ പക്ഷം. 4224 കശ്‌മീരി പണ്ഡിറ്റ് കുടുംബങ്ങള്‍ അധിവസിക്കുന്ന ഏറ്റവും വലിയ സെറ്റില്‍മെന്‍റാണിത്. 20000 ത്തിലേറെ പേര്‍ ഇവിടെയുണ്ട്. മാധ്യമങ്ങളിലൂടെ മാത്രമാണ് ഇക്കാര്യങ്ങള്‍ തങ്ങള്‍ അറിഞ്ഞതെന്നും സുനില്‍ പണ്ഡിത കൂട്ടിച്ചേര്‍ത്തു. ഇതൊന്നും ഔദ്യോഗികമല്ല. സര്‍ക്കാര്‍ വ്യക്തമായ ഒരു പദ്ധതിയുമായി മുന്നോട്ട് വന്നാലേ തങ്ങള്‍ക്ക് അതിനേ പിന്തുണയ്ക്കാനോ എതിര്‍ക്കാനോ സാധിക്കില്ല. കൃത്യമായ നയരേഖകളില്ലാതെ തങ്ങള്‍ എങ്ങനെയാണ് ഇതൊക്കെ വിശ്വസിക്കുക എന്നും അദ്ദേഹം ചോദിച്ചു.