ലക്‌നൗ: ഉത്തർപ്രദേശ് സര്‍ക്കാരിൻ്റെ ബുള്‍ഡോസര്‍ നടപടിയാണ് ഇപ്പോള്‍ ദേശീയ തലത്തില്‍ ചര്‍ച്ച. പ്രതികളുടെ വീടുകൾ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകർക്കുന്നതിനെതിരെ സുപ്രീം കോടതി വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് വിഷയം വീണ്ടും ചര്‍ച്ചയായിരിക്കുന്നത്. യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ ഒരു പൗരന്‍റെ വാസസ്ഥലം ഇടിച്ച് നിരത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ആയിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.
ഒരു വ്യക്തി കുറ്റക്കാരനാണോ അല്ലയോ എന്ന് സര്‍ക്കാര്‍ എന്ത് അടിസ്ഥാനത്തിലാണ് വിലയിരുത്തുന്നതെന്ന് ചോദിച്ച കോടതി, കോടതിയുടെ ജോലി സർക്കാർ ഏറ്റെടുക്കേണ്ടെന്നും പാർപ്പിടം പൗരന്‍റെ ജന്മാവകാശമെന്നും വ്യക്തമാക്കി. അവകാശ ലംഘനം നടന്നാൽ നഷ്‌ട പരിഹാരത്തിന് അർഹതയുണ്ടാകും, സ്ത്രീകളേയും കുട്ടികളേയും തെരുവിലേക്ക് വലിച്ചിഴക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
യോഗിയുടെ പ്രധാന ബുള്‍ഡോസര്‍ നടപടികള്‍
യുപിയിലെ ഏറ്റവും വലിയ 'ബുൾഡോസർ ആക്ഷൻ' നടന്നത് ലക്‌നൗവിലെ അക്ബർ നഗറിലാണ്. 35000 പേരെ ഭവനരഹിതരാക്കിയ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഒഴിപ്പിക്കൽ നടപടിയായിരുന്നു ഇത്. ഇതിൽ 1800 പേർക്ക് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം വീടുകൾ ലഭിച്ചു. ജനങ്ങൾ ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും വാതിലുകൾ മുട്ടിയെങ്കിലും അന്ന് പരിഹാരം കാണാനായില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ബറേലിയിലെ ഭോജിപുര എംഎൽഎ ഷാജിൽ ഇസ്‌ലാമിനെതിരെയും യോഗിയുടെ ബുൾഡോസർ നടപടി ഉണ്ടായി. ആക്ഷേപകരമായ പരാമർശം നടത്തിയെന്ന് ആരോപിച്ചായിരുന്നു നടപടി. ഷാജിൽ ഇസ്‌ലാമിൻ്റെ ഉടമസ്ഥതയിലുള്ള പെട്രോൾ പമ്പാണ് അന്ന് തകര്‍ത്തത്.
ഏറെ ചര്‍ച്ചയായ മറ്റൊരു പൊളിക്കല്‍ നടപടിയാണ് വാരണാസിയിലെ വരുണാ നദിയുടെ തീരത്ത് നിർമിച്ച രണ്ട് ആഡംബര ഹോട്ടലുകളുടെ പൊളിച്ച് മാറ്റല്‍. ഗ്രീൻ ബെൽറ്റിൽ നിർമിച്ച ഈ ഹോട്ടലുകൾ അഞ്ച് ബുൾഡോസറുകള്‍ ഉപയോഗിച്ചാണ് പൊളിച്ചത്. ഇതിനെ തുടർന്നുണ്ടായ ഹോട്ടൽ ഉടമയും സര്‍ക്കാരും തമ്മിലുള്ള പോര് വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്.
പ്രയാഗ്‌രാജ് അക്രമത്തിലെ മുഖ്യപ്രതി ജാവേദ് അഹമ്മദിൻ്റെ വീടും ബുൾഡോസർ ഉപയോഗിച്ച് തകർത്തിരുന്നു. വീട് തൻ്റെ പേരിലുള്ളതാണെന്ന് കാണിച്ച് ജാവേദിൻ്റെ ഭാര്യ പർവീൺ ഫാത്തിമ അലഹബാദ് ഹൈക്കോടതിയിൽ അന്ന് ഹർജി നൽകി. രേഖകളില്ലാതെയാണ് വീട് നിർമിച്ചതെന്നാണ് അന്ന് സര്‍ക്കാര്‍ വാദിച്ചത്.
മറ്റൊന്ന് ജൗഹർ സർവകലാശാലയുടെ ഉറുദു വിഭാഗം ഗേറ്റ് തകർത്ത സംഭവമാണ്. ബിജെപി അധികാരത്തിലെത്തിയ ശേഷം പൊളിച്ചുമാറ്റിയ ഗേറ്റ് നിർമാണത്തിന് 40 ലക്ഷത്തോളം രൂപ ചെലവഴിച്ചു. 2019 മാർച്ച് 9-നായിരുന്നു സംഭവം.