ജിസ് ജോയ്‌യുടെ സംവിധാനത്തിൽ ആസിഫ് അലിയും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം തലവൻ റിലീസിനൊരുങ്ങുകയാണ്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് 'തലവ'ന്‍റെ വരവിനായി കാത്തിരിക്കുന്നത്. ജിസ് ജോയ്‌യുടെ മുൻകാല ചിത്രങ്ങളിൽ നിന്നും വേറിട്ടതായിരിക്കും തലവൻ എന്ന് നേരത്തെ പുറത്തുവന്ന ട്രെയിലറിൽ നിന്നും വ്യക്തമാണ്. പ്രമോഷന്‍റെ ഭാഗമായി ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും മാധ്യമങ്ങളോട് സിനിമ വിശേഷങ്ങൾ പങ്കുവച്ചു.
സൂര്യ നായകനായ 'കാക്ക കാക്ക' പോലുള്ള ചിത്രങ്ങളിലെ പൊലീസ് കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് ഏറെ ഇഷ്‌ടമാണ്. അത്തരം അമാനുഷികരായ പൊലീസ് കഥാപാത്രങ്ങൾക്ക് മികച്ച പ്രേക്ഷക പിന്തുണയുമുണ്ട്. എന്നാൽ തലവനിലെ തന്‍റെ പൊലീസ് കഥാപാത്രം ഏറെ വ്യത്യസ്‌തമാണെന്ന് ആസിഫ് അലി പറഞ്ഞു.
ജീത്തു ജോസഫ് സംവിധാനം ചെയ്‌ത കൂമൻ എന്ന ചിത്രത്തിലെ പൊലീസ് കഥാപാത്രം സാധാരണക്കാരനാണ്. അത്തരത്തിലുള്ള കഥാപാത്രങ്ങൾക്കും സ്വീകാര്യതയുണ്ട്. കൂമനിൽ നിന്നും കുറച്ചുകൂടി കൊമേഴ്സ്യൽ ഘടകങ്ങളുള്ള പൊലീസ് കഥാപാത്രമാണ് തലവനിലേത്. സൂപ്പർ നാച്ചുറൽ ഘടകങ്ങൾ ഉള്ള പൊലീസ് കഥാപാത്രങ്ങൾ ഞാൻ അവതരിപ്പിച്ചാൽ ഒരുപക്ഷേ വിശ്വസനീയമാകില്ല. ഒരു ഭീകരനായ പൊലീസ് ഉദ്യോഗസ്ഥനായി മാറാൻ എനിക്ക് ഒരിക്കലും സാധിക്കില്ല.
എല്ലാത്തരം കഥാപാത്രങ്ങൾ ചെയ്യാനും ഞാൻ തയ്യാറാണ്. നായകനായി മാത്രമേ സിനിമകൾ ചെയ്യൂ എന്നില്ല. ഉയരെ, ഓർഡിനറി തുടങ്ങിയ സിനിമകളിൽ ഞാൻ വില്ലൻ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. വെറുതെ ഇടി കൊള്ളുന്ന ഒരു വില്ലൻ ആകാൻ ഞാനില്ല.