എആര്‍ റഹ്‌മാന്‍റെയും സൈറയുടെയും വേര്‍പിരിയല്‍ വാര്‍ത്തയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. നീണ്ട 29 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വേര്‍പിരിയുന്ന വിവരം അഭിഭാഷക മുഖേന സൈറ ബാനു അറിയിച്ചത്.
സൈറ ബാനുവിന്‍റെ വിവാഹമോചന പ്രഖ്യാപനത്തിന് പിന്നാലെ എക്‌സിലൂടെ പ്രതികരിച്ച് എആര്‍ റഹ്‌മാനും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സൈറയുമായുള്ള വിവാഹത്തെ കുറിച്ച് എആര്‍ റഹ്‌മാന്‍ മുമ്പൊരിക്കല്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.
സംഗീത കരിയറിലെ തിരക്കുള്ള സമയത്ത് വിവാഹം കഴിക്കാന്‍ പെണ്‍കുട്ടിയെ തിരയാന്‍ പോലും തനിക്ക് സമയം ഉണ്ടായിരുന്നില്ലെന്നാണ് എആര്‍ റഹ്‌മാന്‍ മുമ്പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. വീട്ടുകാര്‍ ഉറപ്പിച്ച വിവാഹമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
"അന്ന് രംഗീലയുമായി ബന്ധപ്പെട്ട ജോലിയില്‍ തിരക്കുള്ള സമയമായിരുന്നു. വിവാഹത്തിന് മികച്ച സമയമാണ് ഇതെന്ന് തോന്നി. ഒരു പെണ്‍കുട്ടിയെ കണ്ടെത്താന്‍ അമ്മയോട് പറഞ്ഞു. ഞാന്‍ പെണ്‍കുട്ടികളോട് അധികം സംസാരിച്ചിരുന്നില്ല. ഒരുപാട് യുവ ഗായികമാരെ സ്‌റ്റുഡിയോയില്‍ കാണാറുണ്ട്, ജോലി ചെയ്യാറുണ്ട്.
എന്നാല്‍ ഒരു ദിവസം ഇവള്‍ എന്‍റെ ഭാര്യ ആകുമെന്ന രീതിയില്‍ ഞാന്‍ ആരെയും നോക്കിയിട്ടില്ല. പെണ്‍കുട്ടികളെ പറ്റി ചിന്തിക്കാന്‍ അന്ന് സമയം കിട്ടിയിരുന്നില്ല. അന്ന് രാപ്പകല്‍ ഇല്ലാതെ പണി എടുക്കുകയായിരുന്നു." -ഇപ്രകാരമാണ് എആര്‍ റഹ്‌മാന്‍ അഭിമുഖത്തില്‍ പറഞ്ഞത്.
വിവാഹവുമായി ബന്ധപ്പെട്ട് മൂന്ന് നിബന്ധനകളാണ് എആര്‍ റഹ്‌മാന്‍ അമ്മ കരീമ ബീഗത്തിന് മുന്നില്‍ വച്ചത്. മനുഷ്യത്വം, വിദ്യാഭ്യാസം, സംഗീതത്തോടുള്ള ആദരവ് ഈ മൂന്ന് കാര്യങ്ങളായിരുന്നു റഹ്‌മാന്‍റെ വിവാഹ നിബന്ധനകള്‍. ആദ്യത്തെ നിബന്ധന ഒഴികെയുള്ള കാര്യങ്ങള്‍ അമ്മയെ സംബന്ധിച്ചിടത്തോളം എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുമായിരുന്നു.
എന്നാല്‍ ആദ്യത്തെ നിബന്ധന മനസ്സിലാക്കി പെണ്‍കുട്ടിയെ തിരയാന്‍ അമ്മ അല്‍പ്പം ബുദ്ധിമുട്ടി. സൈറയെ അമ്മ തിരഞ്ഞെടുത്തതിനെ കുറിച്ചും എആര്‍ റഹ്‌മാന്‍ പറഞ്ഞിരുന്നു. ഒരു തീര്‍ത്ഥാടക കേന്ദ്രമായിരുന്നു ഈ വിവാഹത്തിലേയ്‌ക്കുള്ള തുടക്കം. ഒരു തീര്‍ത്ഥാടക കേന്ദ്രത്തില്‍ പ്രാര്‍ത്ഥനാ നിര്‍ഭരയായി നില്‍ക്കുന്ന ഒരു പെണ്‍ക്കുട്ടിയെ കരീമ ബീഗം കണ്ടു. സൈറയുടെ സഹോദരി മെഹര്‍ ആയിരുന്നു അത്.
തുടര്‍ന്ന് വിവാഹാലോചനയുമായി മെഹറിന്‍റെ വീട്ടിലെത്തി കരീമ ബീഗം. എന്നാല്‍ മെഹര്‍ വിവാഹിതയാണെന്ന് അറിഞ്ഞതോടെ സഹോദരി സൈറ ബാനു മകന് ഇണങ്ങിയ വധുവാണെന്ന് ഉറപ്പിച്ചു. അങ്ങനെയാണ് റഹ്‌മാന്‍ സൈറ വിവാഹം നടന്നത്. 1995 മാര്‍ച്ച് 12ന് ചെന്നൈയില്‍ വച്ചായിരുന്നു എആര്‍ റഹ്‌മാന്‍ സൈറ വിവാഹം. അന്ന് റഹ്‌മാന് 27 വയസ്സും സൈറയ്‌ക്ക് 21 വയസ്സുമായിരുന്നു.
1995 ജനുവരി ആറിനാണ് എആര്‍ റഹ്‌മാന്‍ സൈറയെ ആദ്യ കാണുന്നത്. അന്ന് റഹ്‌മാന്‍റെ 28-ാം ജന്‍മദിനമായിരുന്നു. ഇതിനെ കുറിച്ചുള്ള എആര്‍ റഹ്‌മാന്‍റെ വാക്കുകളും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. "അന്ന് അതൊരു ദീര്‍ഘ സംഭാഷണം ആയിരുന്നു. പിന്നീട് ഞങ്ങള്‍ ഫോണില്‍ ചാറ്റ് ചെയ്‌തു. അവള്‍ കച്ചിയും ഇംഗ്ലീഷുമാണ് സംസാരിച്ചിരുന്നത്. എന്നെ വിവാഹം ചെയ്യാന്‍ താല്‍പ്പര്യം ഉണ്ടോയെന്ന് ഞാന്‍ ഇംഗ്ലീഷിലാണ് ചോദിച്ചത്."-എആര്‍ റഹ്‌മാന്‍ പറഞ്ഞു.
സൗത്ത് ഇന്ത്യന്‍ കുടുംബവും ഗജറാത്തി പശ്ചാത്തലവുമുള്ള സൈറയുമായി ഒത്തുപോയതിന്‍റെ കഥയും റഹ്‌മാന്‍ പറഞ്ഞിരുന്നു. "ഏതൊരു കുടുംബത്തെയും പോലെ പുതുതായി വരുന്ന ഒരാളുമായി പൊരുത്തപ്പെടാന്‍ കുടുംബത്തിന് അല്‍പ്പം സമയം എടുത്തു. എല്ലാ അമ്മമാരെയും പോലെ എന്‍റെ അമ്മയും പൊസസീവ് ആയിരുന്നു. കൂടാതെ ഞങ്ങളുടേത് ഒരു കൂട്ടുകുടുംബം ആയിരുന്നു. അക്കാലത്ത് ഒരുപാട് അഡ്‌ജസ്‌റ്റ്മെന്‍റുകള്‍ ആവശ്യമായിരുന്നു. 1995ല്‍ ഞങ്ങളുടെ മൂത്ത കുട്ടി ഖദീജയുടെ ജനന ശേഷം എല്ലാ കാര്യവും നല്ല രീതിയിലായി." -റഹ്‌മാന്‍ പറഞ്ഞു.
Also Read: "സമ്മര്‍ദ്ദവും പിരിമുറുക്കങ്ങളും പരിഹരിക്കാനാകാത്ത വിടവ് സൃഷ്‌ടിച്ചു", എആർ റഹ്‌മാന്‍ വിവാഹമോചിതനാകുന്നു