ചലച്ചിത്രതാരങ്ങളായ അപര്‍ണ ദാസും ദീപക് പറമ്പോലും വിവാഹിതരാകുന്നു. ഏപ്രില്‍ 24ന് വടക്കാഞ്ചേരിയില്‍ വച്ചാണ് ഇരുവരുടെയും വിവാഹം. ഇവരുടെ വിവാഹ ക്ഷണക്കത്തിന്‍റെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
ഫഹദ് ഫാസിൽ - സത്യൻ അന്തിക്കാട് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ 'ഞാന്‍ പ്രകാശന്‍' എന്ന സിനിമയിലൂടെയാണ് അപര്‍ണ ദാസ് അഭിനയ രംഗത്തെത്തുന്നത്. പിന്നീട് 'മനോഹരം' എന്ന സിനിമയിലൂടെ താരം പ്രേക്ഷശ്രദ്ധ നേടി. ഈ ചിത്രത്തില്‍ ദീപക് പറമ്പോലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്‌ത 'മലർവാടി ആർട്‌സ് ക്ലബ്' എന്ന ചിത്രത്തിലൂടെയാണ് ദീപക് പറമ്പോൽ ചലച്ചിത്ര ലോകത്ത് എത്തുന്നത്. പിന്നീട് നിരവധി സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. 'തട്ടത്തിൻ മറയത്ത്', കുഞ്ഞിരാമായണം', കണ്ണൂർ സ്‌ക്വാഡ്' തുടങ്ങിയ സിനിമകളിലെ ദീപക്കിന്‍റെ പ്രകടനം കയ്യടി നേടിയിരുന്നു. വിനീത് ശ്രീനിവാസൻ സിനിമകളിലെ സ്ഥിരം സാന്നിധ്യം കൂടിയാണ് ദീപക്.