പ്രശസ്‌ത കന്നട സംവിധായകനും നടനുമായ രാജ് ബി ഷെട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന ആദ്യ മലയാള ചിത്രമാണ് 'രുധിരം'. അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തുന്നത്. സൈക്കോളജിക്കൽ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത് ജിഷോ ലോണ്‍ ആന്‍റണിയാണ്. മലയാളത്തിന് പുറമേ കന്നടയിലും തമിഴിലും ചിത്രം മൊഴിമാറ്റി എത്തുന്നുണ്ട്.
'രുധിരം' എന്ന സിനിമയുടെ ആശയം സംവിധായകൻ ജിഷോ ലോണ്‍ ആന്‍റണിയുടെ മനസില്‍ ഉദിച്ചത് തന്നെയാണ്. സിനിമയുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ ജോസഫിനോട് ആശയം പറയുന്നു. തുടർന്ന് സംവിധായകനും സഹ എഴുത്തുകാരനായ ജോസഫും ചേർന്നാണ് തിരക്കഥ പൂർത്തിയാക്കുന്നത്. ഒരു സിനിമയുടെ ആശയം സംവിധായകന്‍റെ സ്വന്തമാണെങ്കിൽ കഥാപാത്രങ്ങളിലൂടെ യാത്ര ചെയ്യാൻ വളരെയധികം എളുപ്പമായിരിക്കും എന്ന് ജിഷോ പറഞ്ഞു. മറ്റൊരാളുടെ ആശയത്തിൽ എഴുതി പൂർത്തിയാക്കി ഒരു തിരക്കഥ ഒരു സംവിധായകന് ഉൾക്കൊള്ളാൻ ഒരുപാട് സമയമെടുക്കും.
ഈ ചിത്രത്തിന്‍റെ നായകനായ രാജ് ബി ഷെട്ടി സംവിധാനം ചെയ്‌തിട്ടുള്ള സിനിമകളെല്ലാം അദ്ദേഹത്തിന്‍റെ സ്വന്തം ആശയങ്ങൾ തന്നെയായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്‍റെ സിനിമകൾ സംവിധാന മികവിന്‍റെ പൂർണതയിൽ എത്തുന്ന അനുഭവം പ്രേക്ഷകർക്ക് ആസ്വദിക്കാൻ ആവുന്നത്. സംവിധായകൻ ജിഷോ പറഞ്ഞു.
'രുധിരം' എന്ന ചിത്രത്തിലെ രാജ് ബി ഷെട്ടി അവതരിപ്പിക്കുന്ന മാത്യു എന്ന കഥാപാത്രം നമ്മുടെ സമൂഹത്തിന്‍റെ പരിച്ഛേദം തന്നെയാണ്. ഈ കഥാപാത്രത്തെ ഒരു നല്ലവനാണോ മോശക്കാരൻ ആണോ എന്ന് സിനിമ കണ്ടു കഴിഞ്ഞ ശേഷം പ്രേക്ഷകർ വേണം തീരുമാനിക്കാൻ. ഇയാളുടെ സ്വഭാവസവിശേഷതകൾ ഉള്ള നിരവധി ആളുകളെ ജീവിതത്തിൽ താൻ കണ്ടിട്ടുള്ളതായി സംവിധായകൻ പറയുന്നു.
മനുഷ്യനും പ്രകൃതിയും മൃഗങ്ങളും സമന്വയിക്കുന്ന കഥയാണ് ചിത്രത്തിന്‍റേത്. ഈ സിനിമയുടെ ശബ്‌ദം ഓഫ് ചെയ്‌തു വച്ച് കണ്ടാലും പ്രേക്ഷകർക്ക് കഥ മനസ്സിലാകും. സംവിധായകൻ പറഞ്ഞു. ആക്ഷൻ സിനിമകൾ ചെയ്യാൻ വളരെയധികം ഇഷ്ടമുള്ള ആളാണ് രാജ് ബി ഷെട്ടി.
'രുധിരം' എന്ന ചിത്രം ഒരു സൈക്കോളജിക്കൽ ത്രില്ലർ ആണെങ്കിലും സിനിമയുടെ തിരക്കഥ ഡിമാൻഡ് ചെയ്യുന്ന ആക്ഷൻ സീനുകൾ മാത്രമേ ഈ സിനിമയ്ക്ക് വേണ്ടി ചെയ്‌തിട്ടുള്ളു എന്ന് രാജ് ബി ഷെട്ടി പറഞ്ഞു. താൻ അഭിനയിക്കുന്ന സിനിമകളിൽ സ്വന്തമായി തന്നെ ഡബ്ബ് ചെയ്യാൻ വളരെയധികം ഇഷ്ടമാണ്. തമിഴ് തെലുഗു ഭാഷകൾ തനിക്ക് ഒരിക്കലും വഴങ്ങില്ല. എങ്കിലും മലയാളം കുറച്ചൊക്കെ അറിയാം. അഭിനയിക്കുന്ന സിനിമകളിൽ പരമാവധി സ്വന്തം ഭാഷയിൽ തന്നെ ഡബ്ബ് ചെയ്യാൻ ശ്രമിക്കും.