പ്രമുഖ ആത്മീയ ഗുരു പ്രേമാനന്ദ് മഹാരാജിനെ സന്ദര്‍ശിച്ച് ബോളിവുഡ് താരം അനുഷ്‌ക ശര്‍മയും ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും. ഉത്തര്‍പ്രദേശിലെ വൃന്ദാവനിലാണ് ഇരുവരും മക്കളായ വാമികയ്ക്കും അകായ്‌ക്കൊപ്പവും എത്തിയത്. കൂപ്പുകൈകളോടെയാണ് അദ്ദേഹം സ്വീകരിച്ചത്. മഹാരാജുമായി അനുഷ്‌കയും കോഹ്‌ലിയും ആശയ വിനിമയം നടത്തി. സന്ദര്‍ശനത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഒരു വീഡിയോയില്‍ അനുഷ്‌ക തന്‍റെ ആത്മീയ യാത്രകളെ കുറിച്ച് മഹാരാജയുമായി ചര്‍ച്ച ചെയ്യുന്നത് കാണാം. അദ്ദേഹത്തിന്‍റെ പ്രസംഗങ്ങള്‍ ശ്രദ്ധിക്കാറുണ്ടെന്നും താരം പറയുന്നുണ്ട്.
"കഴിഞ്ഞ തവണ ഞങ്ങള്‍ വന്നപ്പോള്‍ ഞങ്ങള്‍ക്ക് ചില ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. ഞങ്ങളുടെ മനസില്‍ ചോദിക്കണമെന്ന് കരുതിയ ചോദ്യങ്ങള്‍ ഇവിടെ വരുന്നവര്‍ ചോദിക്കുന്നത് കേട്ടു. ഇനി അങ്ങയുടെ ആനുഗ്രഹം മാത്രമാണ് വേണ്ടത്", അനുഷ്‌ക പ്രേമാനന്ദ് മഹാരാജിനോട് പറഞ്ഞു.
"ഇവർ രണ്ട് പേരും വലിയ ധൈര്യശാലികളാണ്. വലിയ നേട്ടങ്ങളിലേക്ക് എത്തിയിട്ടും എല്ലാം ദൈവത്തില്‍ സമര്‍പ്പിക്കുന്നത് വലിയ കാര്യമാണ്. കോഹ്‌ലിക്ക് ദൈവത്തോടുള്ള വിശ്വാസം കോഹ്‌ലിയിലും സ്വാധീനം ചെലുത്തുന്നുവെന്നാണ് ഞങ്ങള്‍ മനസിലാക്കുന്നത്", ഗുരു പ്രേമാനന്ദ് മഹാരാജ് പറഞ്ഞു.