പ്രേക്ഷകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ - പൃഥ്വിരാജ് ചിത്രമാണ് 'എമ്പുരാന്‍'. മലയാള സിനിമ കണ്ട ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങിയ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. ഈ സാഹചര്യത്തില്‍ 'എമ്പുരാനെ'യും ടീം അംഗങ്ങളെയും കുറിച്ചുള്ള നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂറിന്‍റെ വാക്കുകളാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.
'എമ്പുരാന്‍' പൂര്‍ത്തിയാക്കിയതോടെ ആശിര്‍വാദ് സിനിമാസിന്‍റെ 25 വര്‍ഷത്തെ സ്വപ്‌നം യാഥാര്‍ത്ഥ്യം ആയെന്നാണ് ആന്‍റണി പെരുമ്പാവൂര്‍ ഫേസ്‌ബുക്കില്‍ കുറിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ മികച്ച നടനാണെന്നും പൃഥ്വിരാജ് മികച്ച സംവിധായകന്‍ ആണെന്നും ഈ രണ്ട് പ്രതിഭകള്‍ ഒന്നിച്ചില്ലായിരുന്നെങ്കില്‍ 'എമ്പുരാന്‍' സംഭവിക്കില്ലായിരുന്നു എന്നാണ് ആന്‍റണി പറയുന്നത്.
ആന്‍റണി പെരുമ്പാവൂരിന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റ് നോക്കാം-
"L2E: എമ്പുരാന്‍ പൂർത്തിയാകുന്നതോടെ ആശിർവാദ് സിനിമാസിന്‍റെ 25 വർഷത്തെ സ്വപ്‌നം യാഥാർത്ഥ്യമായി. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്ന് നിർമ്മിക്കുക എന്നതായിരുന്നു ഇക്കാലമത്രയും ഞങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം. വ്യക്‌തിപരമായി, ഇത് എന്‍റെ ഏറ്റവും പ്രിയപ്പെട്ട അഭിലാഷമായിരുന്നു. ഈ പ്രോജക്‌ടിലൂടെ ഞങ്ങൾ ആ സ്വപ്‌നം സാക്ഷാത്കരിച്ചുവെന്ന് ഞാൻ ശരിക്കും വിശ്വസിക്കുന്നു.
മോഹൻലാൽ സാര്‍ ഏറ്റവും മികച്ച നടന്‍ ആണെന്നാണ് ഞാൻ എപ്പോഴും വിശ്വസിക്കുന്നത്. പൃഥ്വിരാജ് സുകുമാരന്‍ രാജ്യത്തെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളും. ഈ രണ്ട് അസാമാന്യ പ്രതിഭകളെയും ഒരുമിപ്പിച്ച്, മുരളി ഗോപിയുടെ തിരക്കഥയുടെ മികവില്‍ എത്തുന്ന ചിത്രം അസാധാരണമായ ഒരു സിനിമാറ്റിക് മാസ്‌റ്റർപീസ് ആയിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.