അക്ര: മാറുന്ന ഫാഷന്‍ എന്നും ആളുകള്‍ക്ക് കൗതുകമാണ്. എന്നാല്‍ ഇതു പരിസ്ഥിതിയ്‌ക്ക് നല്‍കിയ വലിയ ആഘാതത്തിന്‍റെ നേര്‍ക്കാഴ്‌ചയാണ് ആഫ്രിക്കന്‍ രാജ്യമായ ഘാനയുടെ ചില തീരങ്ങളില്‍ കാണാന്‍ കഴിയുക. വിവിധ ജലപാതകളിലൂടെ ഒഴുകിയെത്തുന്ന പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്‌ത സെക്കൻഡ്‌ഹാൻഡ് വസ്‌ത്രങ്ങളാണ് ഇവിടെ കുമിഞ്ഞുകൂടി കിടക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഒരു തരത്തില്‍ പറഞ്ഞാല്‍ മാറുന്ന ഫാഷനും പാശ്ചാത്യരുടെ അമിത ഉപഭോഗവും കൂടിയാണ് ആഫ്രിക്കന്‍ തീരങ്ങളെ മലിനമാക്കിയിരിക്കുന്നത്. കാരണം ഉപയോഗിച്ച വസ്‌ത്രങ്ങൾ ഇറക്കുമതി ചെയ്യുന്ന ആഫ്രിക്കയിലെ പ്രമുഖ രാജ്യങ്ങളിലൊന്നാണ് ഘാന. ഇംഗ്ലണ്ട്, കാനഡ, ചൈന, യുഎസ്‌എ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമാണ് ഘാനയിലേക്ക് സെക്കൻഡ്‌ഹാൻഡ് വസ്‌ത്രങ്ങള്‍ എത്തുന്നത്.
ഇറക്കുമതി ചെയ്‌ത വസ്‌ത്രങ്ങള്‍ ഘാന മറ്റ് പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതായി രാജ്യത്തെ യൂസ്‌ഡ് ക്ലോത്തിങ് ഡീലേഴ്‌സ് അസോസിയേഷൻ പറയുന്നുണ്ട്. ഈ ഇറക്കുമതിക്കും കയറ്റുമതിക്കും ഇടയിലാണ് ആഫ്രിക്കന്‍ പരിസ്ഥിതിയെ നശിപ്പിക്കുന്ന വിനാശകരമായ പ്രവര്‍ത്തനം അരങ്ങേറുന്നത്.
രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന വസ്‌ത്രങ്ങളില്‍ ചിലത് വളരെ മോശമായ രൂപത്തിലാണ് എത്തുന്നത്. മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാവാത്ത കീറിപ്പറഞ്ഞ മോശം വസ്‌ത്രങ്ങള്‍ കച്ചവടക്കാര്‍ വലിച്ചെറിയുകയാണ് പതിവ്. ഇവയാണ് ഘാനയുടെ തീരങ്ങളില്‍ മാലിന്യക്കൂമ്പാരമായി നിറയുന്നത്.
ഘാനയിലേക്ക് പ്രതിവാരം കയറ്റുമതി ചെയ്യുന്ന ദശലക്ഷക്കണക്കിന് വസ്‌ത്രങ്ങളിൽ ശരാശരി 40% മാലിന്യമായി അവസാനിക്കുന്നുവെന്നാണ് ചില സംഘടനകള്‍ പറയുന്നത്. വലിയ അളവില്‍ എത്തുന്ന സെക്കൻഡ്‌ഹാൻഡ് വസ്‌ത്രങ്ങളില്‍ അഞ്ച് ശതമാനം വിൽക്കാനോ പുനരുപയോഗിക്കാനോ കഴിയാത്തതിനാൽ ഉടനടി വലിച്ചെറിയപ്പെടുന്നുവെന്ന് വസ്‌ത്ര വ്യാപാരികളുടെ സംഘടന, രാജ്യത്തിന്‍റെ സെക്കൻഡ്ഹാൻഡ് വസ്‌ത്രവ്യാപാരത്തിന്‍റെ സാമൂഹിക-സാമ്പത്തിക-പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച്, ഈ വർഷം ആദ്യം പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടില്‍ പറയുന്നുമുണ്ട്.
കുറഞ്ഞ വിലയില്‍ മികച്ച ഡിസൈനുകള്‍ വാങ്ങാന്‍ കഴിയുമെന്നതാണ് ഇവിടുത്തെ ജനങ്ങളെ സെക്കൻഡ്‌ഹാൻഡ് വസ്‌ത്രങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുന്നത്. അതിവേഗം വളരുന്ന ജനസംഖ്യ സെക്കന്‍ഡ്‌ഹാന്‍ഡ് വിപണിക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു. എന്നാല്‍ ഇവയില്‍ ഏറെ പങ്കും തലസ്ഥാനമായ അക്രയിലെയും ലഗൂണിലെയും ബീച്ചുകളില്‍ ഉടനീളമുള്ള മാലിന്യക്കൂമ്പരമായി മാറുകയാണ്.
നഗരത്തിലെ പ്രധാന ഡ്രെയിനേജ് ചാനലുകള്‍ വഴിയാണ് ഇത്തരം മാലിന്യങ്ങള്‍ ഗിനിയ ഉൾക്കടലിലേക്ക് ഒഴുകിയെത്തുന്നത്. ഇവയെ തിര തീരത്തേക്ക് എത്തിക്കുകയും ചെയ്യുന്നു.
മാതൃക തീര്‍ത്ത് ഡിസൈനര്‍മാര്‍ : ഈ പ്രശ്‌നത്തിന് നേരിയൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഘാനയിലെ ഒരു കൂട്ടം ഡിസൈനർമാര്‍. മാലിന്യകൂമ്പാരത്തില്‍ നിന്നും എടുത്ത വസ്‌ത്രങ്ങള്‍ പുത്തന്‍ ഫാഷനിലേക്ക് രൂപപ്പെടുത്തിയിരിക്കുകയാണിവര്‍. ഫ്ലോറൽ ബ്ലൗസും ഡെനിം ജീൻസും മുതൽ തുകൽ ബാഗുകൾ, തൊപ്പികൾ, സോക്‌സുകൾ തുടങ്ങി വലിച്ചെറിയപ്പെട്ട വസ്‌തുക്കളിലാണ് ഇവര്‍ പുതുഫാഷന്‍ വിരിയിച്ചിരിക്കുന്നത്.
ഇതു ജനങ്ങളിലേക്ക് എത്തിക്കാന്‍ 'ഒബ്രോണി വാവു' എന്നപേരില്‍ ഇവര്‍ നടത്തിയ ഫാഷന്‍ ഷോ ലോകത്തിന്‍റെ തന്നെ ശ്രദ്ധപിടിച്ചുപറ്റി. ദി ഓര്‍ ഫൗണ്ടേഷന്‍റെ (The Or Foundation) നേതൃത്വത്തിലാണ് ഷോ നടന്നത്. പരിസ്ഥിതിയിലും ഫാഷനിലും ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്.
ടെക്‌സ്റ്റൈൽ മാലിന്യങ്ങള്‍ പരിസ്ഥിതിയെ തകര്‍ക്കാതിരിക്കാനാണ് തങ്ങളുടെ ശ്രമമെന്നും അതിനാലാണ് അവ ഉപയോഗിച്ച് പുത്തന്‍ ഫാഷന്‍ സൃഷ്‌ടിക്കാന്‍ തീരുമാനിച്ചതെന്നും ഡിസൈനർമാരിൽ ഒരാളായ റിച്ചാർഡ് അസാൻ്റെ പാമർ പറഞ്ഞു.