വൈകുന്നേരം ചായയോടൊപ്പം കഴിക്കാൻ മുളക് ബജ്ജിയായാലോ! ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വളരെയധികം ഡിമാന്‍റുള്ള ഒരു വിഭവമാണ് മുളക് ബജ്ജി. കുറച്ച് ചേരുവകൾ മാത്രമെ ഇതുണ്ടാക്കാനായി ആവശ്യമുള്ളൂ. ആർക്കും എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു നാലുമണി പലഹാരം കൂടിയാണിത്. ചുരുങ്ങിയ സമയം കെണ്ട് മുളക് ബജ്ജി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
മുളക് ബജ്ജി
- ബജ്ജി മുളക് - 8 എണ്ണം
- കടലമാവ് - 250 ഗ്രാം
- അരിപ്പൊടി - 1 ടേബിൾ സ്‌പൂൺ
- മുളക് പൊടി - 1 ടീസ്‌പൂൺ
- മഞ്ഞൾ പൊടി - രണ്ട് നുള്ള്
- കായ പൊടി - കാൽ ടീസ്‌പൂൺ
- ബേക്കിങ് സോഡാ - കാൽ ടീസ്‌പൂൺ
- ഉപ്പ് - ആവശ്യത്തിന്
- വെള്ളം - ആവശ്യത്തിന്
- എണ്ണ - ആവശ്യത്തിന്
തക്കാളി ചട്‌ണി
- തേങ്ങ - 1/2 കപ്പ് (ചിരകിയത്)
- തക്കാളി - 1 എണ്ണം
- ഇഞ്ചി - ചെറിയ കഷ്‌ണം
- വെളുത്തുള്ളി - 6 അല്ലി
- മുളക് പൊടി - കാൽ ടീസ്‌പൂൺ
- ഉപ്പ് - ആവശ്യത്തിന്
- വെള്ളം ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം മുളക് നന്നായി കഴുകി വൃത്തിയാക്കി രണ്ടായി മുറിക്കുക. ചില മുളകിന് എരിവ് കൂടുതലായിരിക്കും. അതിനാൽ മുളകിലെ കുരു കളയാൻ മറക്കരുത്. ഒരു പാത്രത്തിലേക്ക് കടലമാവ്, അരിപൊടി, മുളക് പൊടി, മഞ്ഞൾ പൊടി, കായപ്പൊടി, ബേക്കിങ് സോഡ എന്നിവ ചേർത്ത് മിക്‌സ് ചെയ്യുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളവും ഉപ്പും കൂടെ ചേർത്ത് മാവ് തയ്യാറാക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക. നേരത്തെ തയ്യാറാക്കി വച്ച മാവിൽ മുളക് മുക്കി എണ്ണയിലേക്കിട്ട് പൊരിച്ചെടുക്കുക. മീഡിയം ഫ്ലേമിൽ വറുത്തെടുക്കാൻ ശ്രദ്ധിക്കണം.
ബജ്ജിയോടൊപ്പം കഴിക്കാനായി ചട്‌ണി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. അതിനായി ആദ്യം ഇഞ്ചി, വെളുത്തുള്ളി, തക്കാളി എന്നിവ എണ്ണയിൽ വഴറ്റിയെടുക്കാം. ഇതിലേക്ക് മുളക് പൊടി കൂടി ചേർത്ത് വീണ്ടും വഴറ്റുക. ശേഷം അടുപ്പിൽ നിന്ന് ഇറക്കി തണുക്കാൻ വയ്ക്കുക. ഒരു മിക്‌സർ ജാറിലേക്ക് ചിരകിയ തേങ്ങയും നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന അരപ്പും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് അരച്ചെടുക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ കടുക് പൊട്ടിച്ച് ചട്‌ണിയിലേക്ക് ചേർക്കാം. രുചികരമായ ചട്‌ണിയും തയ്യാർ.
Also Read : കറി ഉണ്ടാക്കി സമയം കളയേണ്ട, ബ്രേക്ക്ഫാസ്‌റ്റിനായി ഈ അപ്പം തയ്യാറാക്കാം; റെസിപ്പി