എറണാകുളം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ താരസംഘടനയായ അമ്മയിലെ എക്‌സിക്യുട്ടീവ് അംഗങ്ങളെ പിരിച്ചുവിട്ട സാഹചര്യത്തില്‍ താത്‌കാലിക ഭരണ ചുമതല വഹിക്കുന്ന താരങ്ങൾ നാളെ (സെപ്‌റ്റംബര്‍ 18) കൊച്ചിയില്‍ യോഗം ചേരും. ജനറല്‍ ബോഡി യോഗത്തിന്‍റെയും പുതിയ ഭാരവാഹി തെരഞ്ഞെടുപ്പിന്‍റെയും തിയ്യതി നിശ്ചയിക്കാനാണ് യോഗം ചേരുന്നത്. അടുത്ത മാസം 15നുള്ളിൽ ജനറല്‍ ബോഡി യോഗം ചേര്‍ന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കകയാണ് ലക്ഷ്യം. ബുധനാഴ്ച്ച നടന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം. അമ്മ ആസ്ഥാനത്ത് നേരിട്ടെത്തി യോഗം ചേരാനാണ് താരങ്ങള്‍ തീരുമാനിച്ചത്.
ഭരണ സമിതി പിരിച്ചുവിട്ട ശേഷം അമ്മ ആസ്ഥാനം ആളൊഴിഞ്ഞിരിക്കുകയായിരുന്നു. താരങ്ങൾ ആരും ഇവിടേക്ക് വരാറില്ലായിരുന്നു. ഇതോടെയാണ് മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള താത്‌കാലിക ഭരണസമിതി അംഗങ്ങള്‍ വീണ്ടും കലൂരിലെ അമ്മ ആസ്ഥാനത്ത് എത്തി യോഗം ചേരുന്നത്. ഒക്‌ടോബര്‍ മാസം ആദ്യം ജനറല്‍ ബോഡി യോഗം വിളിച്ചു ചേര്‍ത്ത് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാനാണ് ധാരണയായത്.
വ്യാഴാഴ്‌ച ചേരുന്ന യോഗത്തില്‍ ജനറല്‍ ബോഡി യോഗത്തിന്‍റെയും ഭാരവാഹി തെരഞ്ഞെടുപ്പിന്‍റെയും തിയ്യതി തീരുമാനിക്കും. അമ്മ സംഘടനയുടെ നിയമാവലി അനുസരിച്ച് ജനറല്‍ ബോഡിയോഗം ചേരുന്നതിനു മൂന്നാഴ്‌ച മുമ്പ് അംഗങ്ങള്‍ക്ക് നോട്ടിസ് നല്‍കണം. ഇതേ തുടർന്നാണ് താത്‌കാലിക ഭരണസമിതി ജനറൽ ബോഡിയോഗത്തിന്‍റെയും ഭാരവാഹി തെരഞ്ഞെടുപ്പിന്‍റെയും തിയ്യതി തീരുമാനിക്കുന്നത്.
മത്സരിക്കുന്നവർക്ക് നാമനിര്‍ദേശ പത്രിക നല്‍കാന്‍ അവസരം നൽകും. അതേ സമയം ക്രിമിനല്‍ കേസുകളില്‍ പ്രതികളായവര്‍ക്ക് മത്സരിക്കാനാകില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ആരോപണ വിധേയരായ ഭാരവാഹികൾ ഉൾപ്പെടുന്ന താരസംഘടന തന്നെ പിരിച്ചു വിടേണ്ടി വന്നത്.