ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ പ്രതികരണവുമായി അമ്മ. റിപ്പോർട്ടിനെ സ്വാഗതം ചെയ്യുന്നതായി താരസംഘടനയായ അമ്മ വ്യക്തമാക്കി. ഹേമ കമ്മിറ്റി നൽകിയ നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്നും അമ്മ ജനറൽ സെക്രട്ടറി സിദ്ധിഖ് പറഞ്ഞു. കൊച്ചിയിൽ നടന്ന വാര്‍ത്ത സമ്മേളനത്തില്‍, ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമ്മ, ഷോ റിഹേഴ്‌സല്‍ തിരക്കിലായതിനാലാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണം വൈകിയതെന്നും പ്രതികരിക്കാതെ ഒളിച്ചോടിയതല്ലന്നും സിദ്ധീഖ് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ അമ്മയെ ആകെ ആക്ഷേപിക്കുന്നത് ശരിയല്ല. റിപ്പോർട്ട് അമ്മയെ പ്രതിസ്ഥാനത്ത് നിർത്തിയിട്ടില്ലന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ടിന് ഒപ്പമാണ് അമ്മയെന്നും സിദ്ധിഖ് വ്യക്തമാക്കി. 'മാധ്യമങ്ങൾ ഞങ്ങളെ പ്രതിസ്ഥാനത്ത് നിർത്തുന്നത് ഖേദകരമാണ്. അമ്മ കുറ്റക്കാരെ സംരക്ഷിക്കില്ല. കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കിൽ പൊലീസ് കേസെടുത്ത് അന്വേഷിക്കണം. സിനിമയിൽ ഉള്ളവർ എല്ലാവരും മോഷക്കാരാണെന്ന വ്യഖ്യാനം ഉണ്ടാകരുത്. ഒരു തൊഴിൽ മേഖലയെ ആകെ മോശമായി ചിത്രീകരിക്കുന്നത് നല്ലതല്ല.
'സിനിമയിൽ പവർ ഗ്രൂപ്പ് ഉള്ളതായി അറിവില്ല. പവർ ഗ്രൂപ്പ് ആരാണെന്ന് തങ്ങൾക്കറിയില്ല. ഒരു സിനിമയിൽ ആര് അഭിനയിക്കണം എന്ന്, എങ്ങനെ ഒരു ഗ്രൂപ്പ് തീരുമാനിക്കും? ഒരു മാഫിയയോ ഗ്രൂപ്പോ വിചാരിക്കുന്നത് പോലെ സിനിമയെ നിയന്ത്രിക്കാൻ കഴിയില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തെറ്റുപറ്റി എന്ന അഭിപ്രായം അമ്മയ്‌ക്കില്ല. പുകമറ സൃഷ്‌ടിച്ച് കുറ്റവാളികള്‍ അല്ലാത്തവരെ സംശയത്തിൻ്റെ നിഴലിൽ നിർത്തരുത്.' -അമ്മ ജനറൽ സെക്രട്ടറി പ്രതികരിച്ചു.