എറണാകുളം :സിനിമ റിലീസ് ചെയ്‌ത ഉടന്‍ കഥയടക്കം വെളിപ്പെടുത്തിക്കൊണ്ടുള്ള സിനിമ റിവ്യൂകള്‍ ഇനി നടക്കില്ല. റിവ്യൂ ബോംബിങ്ങുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു (Amicus curiae report on review bombing). സിനിമ റിലീസ് ചെയ്‌ത് 48 മണിക്കൂറിനുള്ളില്‍ റിവ്യൂ നടത്തരുത് എന്നടക്കമുള്ള നിര്‍ണായക നിര്‍ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടാണ് അമിക്കസ് ക്യൂറി ശ്യാം പദ്‌മന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.
റിലീസ് കഴിഞ്ഞുള്ള ആദ്യ 48 മണിക്കൂറില്‍ റിവ്യൂ എന്ന പേരില്‍ വ്ലോഗര്‍മാര്‍ നടത്തുന്ന സിനിമയെ കുറിച്ചുള്ള അപഗ്രഥങ്ങള്‍ ഒഴിവാക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമയിലെ നടീ-നടന്‍മാര്‍, മറ്റ് അണിയറ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെ നടത്തുന്ന വ്യക്തിഗത ആക്രമണങ്ങളും മോശം പരാമര്‍ശങ്ങളും കടുത്ത ഭാഷയില്‍ നടത്തുന്ന വിമര്‍ശനങ്ങളും ഒഴിവാക്കണമെന്നും അമിക്കസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നുണ്ട്.