ചെന്നൈ : ഫെന്‍ജൽ ചുഴലിക്കാറ്റിന്‍റെ ആഘാതം പാർലമെന്‍റിൽ ചർച്ച ചെയ്യാൻ എംപിമാരെ അനുവദിക്കാത്ത കേന്ദ്ര സർക്കാരിനെ വിമർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. തമിഴ്‌നാട് പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസ്വാമിയേയും സ്റ്റാലിന്‍ വിമർശിച്ചു. ചെന്നൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി സ്റ്റാലിൻ.
'പാർലമെന്‍റില്‍ ഫെന്‍ജൽ ചുഴലിക്കാറ്റിനെക്കുറിച്ച് സംസാരിക്കാൻ എംപിമാരെ അനുവദിച്ചില്ല. ഫെന്‍ജല്‍ ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്‌ടങ്ങൾ ഞങ്ങൾ വിലയിരുത്തി റിപ്പോർട്ട് അയയ്ക്കും. അത് ഞങ്ങളുടെ കടമയും ഉത്തരവാദിത്തവുമാണ്. പ്രതികരിക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്, പക്ഷേ അവരത് നിരസിക്കുന്നു.'- സ്റ്റാലിന്‍ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇതൊക്കെയാണെങ്കിലും തങ്ങൾ തങ്ങളുടെ പരമാവധി ചെയ്യുകയാണ്. ആരോപണങ്ങൾ ഉന്നയിക്കുക എന്നത് മാത്രമാണ് പ്രതിപക്ഷ നേതാവ് ചെയ്യുന്നതെന്നും സ്റ്റാലിന്‍ വിമര്‍ശിച്ചു. എന്നാല്‍ സംസ്ഥാന സർക്കാരിന്‍റെ പദ്ധതികൾ എത്രത്തോളം മികച്ചതാണെന്ന് പൊതുജനങ്ങൾക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും കനത്ത മഴയിലും പ്രവർത്തിച്ച ജില്ലാ ഓഫിസർമാരെയും ദുരിതാശ്വാസ സംഘങ്ങളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. 'ഉപമുഖ്യമന്ത്രി, മന്ത്രിമാർ, ജനപ്രതിനിധികൾ, കോ-ഓർഡിനേറ്റിങ് ഓഫിസർമാർ, ജില്ലാ കലക്‌ടർമാർ, റെസ്ക്യൂ ആൻഡ് റിലീഫ് ടീം എന്നിവർ അർപ്പണബോധത്തോടെ പ്രവർത്തിക്കുകയാണ്. സാധാരണ നില പുനഃസ്ഥാപിക്കുന്നതിന് ഞാൻ വ്യക്തിപരമായി സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. എല്ലാ ഗ്രൗണ്ട് ലെവൽ ജോലികളും ഉടൻ പൂർത്തിയാക്കാൻ ഞാൻ ഉദ്യോഗസ്ഥരോട് നിർദേശിച്ചിട്ടുണ്ട്.' സ്റ്റാലിന്‍ പറഞ്ഞു.
ചുഴലിക്കാറ്റ് ബാധിച്ച എല്ലാവര്‍ക്കുമുണ്ടായ നാശനഷ്‌ടങ്ങൾക്ക് മതിയായ നഷ്‌ട പരിഹാരം ലഭിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. 493 അംഗങ്ങൾ അടങ്ങുന്ന 18 രക്ഷാപ്രവർത്തന സംഘങ്ങൾ വിവിധ ജില്ലകളിലായി സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവണ്ണാമലയിൽ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഐഐടി എഞ്ചിനീയർമാരെ സഹായത്തിനായി വിളിച്ചിട്ടുണ്ട് . 147 ക്യാമ്പുകളിലായി 7,000-ത്തിലധികം പേർ ഇപ്പോൾ കഴിയുന്നുണ്ട്. അവർക്ക് വെള്ളം, ഭക്ഷണം, മെഡിക്കൽ സപ്ലൈസ് എന്നിവയുൾപ്പെടെ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്‌തിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.