ഹൈദരാബാദ്: ആലിയ ഭട്ടിനെ ഹിപോക്രാറ്റ് എന്ന് മുദ്രകുത്തി സോഷ്യല്‍മീഡിയ. മുംബൈയിൽ നടന്ന ഗുച്ചിയുടെ ഇവന്‍റിലെ ആലിയ ഭട്ടിന്‍റെ ലുക്കിനെതിരെയാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. കറുത്ത സ്യൂട്ടിനൊപ്പം ലെതര്‍ ബാഗും താരം സ്റ്റൈല്‍ ചെയ്‌തിരുന്നു. ഇത്തരത്തില്‍ തുകല്‍ നിര്‍മ്മിതമായ ബാഗുമായി താരം എത്തിയതോടെയാണ് കപടഭക്ത എന്ന തരത്തിലുള്ള ആരോപണങ്ങള്‍ താരത്തിനെതിരെ ഉയര്‍ന്നത്.
മൃഗസംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിൽ താരത്തിന്‍റെ പങ്കാളിത്തവും കണക്കിലെടുത്താണ് ആരാധകര്‍ നിരാശ പ്രകടമാക്കിയത്. ഗുച്ചി ഇവന്‍റില്‍ നിന്നുള്ള ആലിയയുടെ വീഡിയോകൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതിന് തൊട്ടുപിന്നാലെ തന്നെ ബാഗിനെക്കുറിച്ചുള്ള വിശദാംശങ്ങളും നെറ്റിസൺസ് കണ്ടെത്തി. റെഡിറ്റ് ഉപയോക്താവാണ് പശുകിടാവിന്‍റെ തുകലിനാല്‍ നിര്‍മ്മിതമായ ബാഗാണെന്ന് വെളിപ്പെടുത്തിയത്.
വന്യജീവി കുറ്റകൃത്യങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒടിടി സീരീസായ പോച്ചറിലെ ആലിയയുടെ പങ്കാളിത്തവും വിമര്‍ശനങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. മൃഗങ്ങളുടെ അവകാശങ്ങൾക്കായി വാദിച്ചിട്ടും തുകൽ ഉൽപ്പന്നങ്ങളെ അംഗീകരിച്ചതിന് കാപട്യമെന്ന് മുദ്രകുത്തി. അനധികൃത ആനക്കൊമ്പ് കള്ളക്കടത്തിനെക്കുറിച്ചും ആനകളിൽ അത് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും പ്രതിപാതിക്കുന്ന ആമസോൺ പ്രൈം വീഡിയോ സീരീസായ പോച്ചറിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറാണ് ആലിയ.
വാസൻ ബാല സംവിധാനം ചെയ്യുന്ന 'ജിഗ്ര'യിലാണ് ആലിയ അടുത്തതായി അഭിനയിക്കുക. കരൺ ജോഹറിനൊപ്പം ആലിയ ഈ ചിത്രത്തിന്‍റെ നിർമാണ പങ്കാളിയുമാണ്. കൂടാതെ 'ലവ് ആൻഡ് വാർ' എന്ന സിനിമയിലൂടെ സഞ്ജയ് ലീല ബൻസാലിയുമായി വീണ്ടും കൈകോർക്കാനുള്ള ഒരുക്കത്തിലുമാണ് ആലിയ. രൺബീർ കപൂർ, വിക്കി കൗശൽ എന്നിവരാണ് ഈ ചിത്രത്തിൽ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരുവർക്കൊപ്പവും രണ്ടാം തവണയാണ് ആലിയ ബിഗ് സ്‌ക്രീനിൽ ഒന്നിക്കുന്നത്.