കേരളം

kerala

ETV Bharat / entertainment

'രസവും സുഖവും തോന്നുന്ന ഉടുപ്പിടൂ.. ലൈംഗിക ദാരിദ്ര്യം പിടിച്ച സമൂഹത്തെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ല'- റിമ കല്ലിങ്കല്‍ - RIMA KALLINGAL TALKS WOMEN DRESS

വ്യവസായി ബോബി ചെമ്മണ്ണൂരിനെ റിമാന്‍ഡ് ചെയ്‌തു.

HONE ROSE BOBY CHEMMANNUR ISSUE  RIMA KALLINGAL SOCIAL MEDIA POST  റിമ കല്ലിങ്കല്‍  ഹണി റോസ്
റിമ കല്ലിങ്കല്‍ (ETV Bharat)

By ETV Bharat Entertainment Team

Published : Jan 9, 2025, 5:55 PM IST

അശ്ലീല പരാമര്‍ശം നടത്തിയെന്ന നടി ഹണി റോസിന്‍റെ പരാതിയെ തുടര്‍ന്ന വ്യവസായി ബോബി ചെമ്മണ്ണൂര്‍ അറസ്‌റ്റിലായതിന് പിന്നാലെ വസ്‌ത്രധാരണ സ്വാതന്ത്ര്യത്തെ കുറിച്ചാണ് സോഷ്യല്‍ മീഡിയയിലെ ചൂടുപിടിച്ച ചര്‍ച്ച. ഇതിനിടെ നിരവധി താരങ്ങളും മറ്റും ഹണി റോസിനെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു. കൂടാതെ ഫെഫ്‌കയും താരസംഘടനയായ അമ്മയുമടക്കം ഹണിക്ക് പിന്തുണ അറിയിച്ചിരുന്നു.

ഇപ്പോള്‍ നടി റിമ കല്ലിങ്കലിന്‍റെ ഒരു പോസ്‌റ്റാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായികൊണ്ടിരിക്കുന്നത്. സ്‌ത്രീകളേ നിങ്ങള്‍ക്ക് രസവും സുഖവും തോന്നുന്ന ഉടുപ്പിടുക എന്നാണ് തന്‍റെ സോഷ്യല്‍ മീഡിയ പേജിലൂടെ താരം കുറിച്ചിരിക്കുന്നത്.

റിമയുടെ കുറിപ്പിന്‍റെ പൂര്‍ണ രൂപം

"പ്രിയപ്പെട്ട സ്‌ത്രീകളേ, ഇടുമ്പോള്‍ നിങ്ങള്‍ക്ക് രസവും സുഖവും തോന്നുന്ന ഉടുപ്പിടുക. ആത്മവിശ്വാസവും സന്തോഷവും തോന്നുന്ന ഉടുപ്പുകള്‍, ലൈംഗിക ദാരിദ്ര്യം പിടിച്ച , അരക്ഷിതവും ഭയം നിറഞ്ഞതുമായ സമൂഹം എന്ത് ചിന്തിക്കുന്നു എന്നോര്‍ത്ത് ആശങ്കപ്പെടാന്‍ മാത്രം നീളമില്ല നമ്മുടെ ജീവിതത്തിന്", റിമ കല്ലിങ്കല്‍ കുറിച്ചു.

ലെെംഗികാധിക്ഷേപം നടത്തിയ കേസില്‍ ബോബി ചെമ്മണ്ണൂരിനെ എറണാകുളം ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു.

നിരന്തരം അശ്ലീല അധിക്ഷേങ്ങള്‍ നടത്തിയെന്നായിരുന്നു ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസിന്‍റെ പരാതി. നടിയുടെ പരാതിയില്‍ ബുധനാഴ്‌ച രാവിലെയാണ് ബോബി ചെമ്മണ്ണൂരിനെതിരെ പോലീസ് കേസെടുത്തത്.

എറണാകുളം സെന്‍ട്രല്‍ പോലീസ് ആണ് ബോബി ചെമ്മണ്ണൂരിനെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. വയനാട്ടിലെ ഫാം ഹൗസില്‍ നിന്നാണ് പോലീസ് പ്രത്യേക സംഘം ബോബി ചെമ്മണ്ണൂരിനെ കസ്‌റ്റഡിയില്‍ എടുത്തത്.

സ്ത്രീകള്‍ക്ക് നേരെ അശ്ലീല പരാമര്‍ശം നടത്തുക, അത്തരം പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കല്‍ എന്നീ കുറ്റകൃത്യങ്ങളാണ് ചുമത്തിരിയിക്കുന്നത്.

ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളത്. പരാതിയില്‍ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കിയിരുന്നു. എസിപി ജയകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രത്യേക സംഘത്തില്‍ സെന്‍ട്രല്‍ സി ഐയും സൈബര്‍ സെല്‍ അംഗങ്ങളും ഉള്‍പ്പെടുന്നുണ്ട്.

അതേസമയം ബോബി ചെമ്മണ്ണൂരിനെ അനുകൂലിച്ചെത്തിയ രാഹുല്‍ ഈശ്വരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹണി റോസ് രംഗത്ത് എത്തി. പൂജാരി കുടുംബത്തിലെ രാഹുല്‍ ഈശ്വര്‍ പൂജാരി ആവാതിരുന്നത് നന്നായെന്നും, പൂജാരി ആയിരുന്നെങ്കില്‍ ക്ഷേത്രത്തിലെ സ്‌ത്രീകള്‍ക്ക് രാഹുല്‍ ഡ്രസ് കോഡ് നല്‍കിയേനെ എന്നും ഹണി റോസ് പറഞ്ഞു. എപ്പോഴെങ്കിലും രാഹുലിന്‍റെ മുന്നില്‍ വന്നാല്‍ താന്‍ ശ്രദ്ധിച്ചുകൊള്ളാമെന്നും നടി തന്‍റെ സോഷ്യല്‍ മീഡിയ പേജിലൂടെ കുറിച്ചു.

ഹണി റോസിന്‍റെ വസ്‌ത്രധാരണം മോശമാണെന്ന് പറയാത്ത ആരെങ്കിലും ഉണ്ടോയെന്നാണ് കഴിഞ്ഞ ദിവസം രാഹുല്‍ ഈശ്വര്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചത്. ആണ്‍ നോട്ടങ്ങളെ കച്ചവടവത്‌ക്കരിച്ച ശേഷം താനത് അറിഞ്ഞില്ലെന്നും തനിക്ക് തിരിച്ചറിവില്ലെന്നും പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു.

"ഒരു സ്‌ത്രീയോടും ഒരു രീതിയിലും ആഭാസം പറയുന്നതോ ദ്വയാര്‍ത്ഥ പ്രയോഗം നടത്തുന്നതോ ഒരു സമൂഹവും അംഗീകരിക്കില്ല. പക്ഷേ അഭിനേത്രി ഫറ ഷിബില പറഞ്ഞ അഭിപ്രായവും ഈ കേരളീയ സമൂഹം ചര്‍ച്ച ചെയ്യണം. ആണ്‍ നേട്ടങ്ങളെയും മലയാളിയുടെ ലൈംഗിക ദാരിദ്ര്യത്തെയും ഇവിടുത്തെ പല ആളുകളും ചൂഷണം ചെയ്യുന്നുണ്ട്. അതിന് മാര്‍ക്കറ്റ് ഉണ്ടാക്കുന്നുണ്ട്," രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു",. രാഹുലിന്‍റെ ഈ വാക്കുകളോടായിരുന്നു ഹണി റോസിന്‍റെ പ്രതികരണം.

Also Read:അശ്ലീല അധിക്ഷേപം: ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കി ഹണി റോസ്, മാപ്പ് പറഞ്ഞ് വ്യവസായി

ABOUT THE AUTHOR

...view details