സൂപ്പര്‍ സ്‌റ്റാര്‍ യാഷ് നായകനാകുന്ന ഗീതു മോഹൻദാസ് ചിത്രം 'ടോക്‌സികി'ന്‍റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ടീസര്‍ പുറത്തുവന്നതിന് പിന്നാലെ നടിയും സംവിധായികയുമായ ഗീതു മോഹൻദാസിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ വിമർശനങ്ങളുയര്‍ന്നിരുന്നു.
'ടോക്‌സിക്' സിനിമയുടെ ടീസറില്‍ നായകനായ യാഷ് സ്ത്രീയെ എടുത്ത് ഉയര്‍ത്തുന്നതും അവരുടെ ദേഹത്ത് മദ്യം ഒഴിക്കുന്നതുമായ രംഗങ്ങളുണ്ട്. ഈ ടീസര്‍ പുറത്ത് എത്തിയതോടെയാണ് സോഷ്യല്‍ മീഡിയിലെ ചര്‍ച്ചകള്‍ കൊഴുത്തത്.
"കസബ എന്ന സിനിമയെ സ്ത്രീവിരുദ്ധതയുടെ പേരിൽ മലയാളത്തിലെ ഒരു മുൻനിര അഭിനേത്രി വളരെ ശക്തമായ രീതിയിൽ വിമർശിച്ചിരുന്നു. സിനിമകളിൽ ഉയരുന്ന സ്ത്രീ വിരുദ്ധ പരാമർശങ്ങളും അതിക്രമ രംഗങ്ങളും പുരുഷ മേധാവിത്വത്തിന്‍റെ പ്രതിഫലനമാണ് എന്നാണ് അന്ന് നടി പറഞ്ഞത്,
മമ്മൂട്ടി എന്നൊരു നടൻ അത്തരം കഥാപാത്രം ചെയ്യാൻ പാടില്ലായിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു. ടോക്‌സിക് എന്ന ചിത്രത്തിന്‍റെ സംവിധായിക കസബ എന്ന ചിത്രത്തിനെതിരെ വിമർശനം ഉന്നയിക്കുന്ന അഭിനേത്രിക്കൊപ്പം അന്ന് വേദിയിലുണ്ട്.
'Say it say it' എന്ന് പറഞ്ഞ് വിമർശിക്കാൻ അഭിനേത്രിക്ക് പ്രചോദനം കൊടുത്തത് ഇവരൊക്കെ തന്നെയാണ്. സിനിമയിലെ കഥാപാത്രങ്ങൾ, അവരുടെ സ്വഭാവം ഇതൊക്കെ ജീവിതവുമായി കൂട്ടി കലർത്തുന്നത് എന്തിനാണെന്ന് അപ്പോൾ എനിക്ക് മനസ്സിലായില്ല.
കസബ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രം മറ്റൊരു വനിതാ പൊലീസിനോട് കാണിക്കുന്ന ഒരു പ്രവർത്തിയാണ് ഇവരെയൊക്കെ ചൊടിപ്പിച്ചത്. അതിന്‍റെ പേരിൽ എട്ട് വർഷങ്ങൾക്കു മുമ്പ് എന്നെ കുറ്റപ്പെടുത്തിയതിൽ കയ്യും കണക്കുമില്ല" -നിധിന്‍ രഞ്ജി പണിക്കരാണ് ഗീതുമോഹന്‍ദാസിനെതിരെ പരസ്യ വിമര്‍ശനവുമായി രംഗത്ത് എത്തിയത്. ഇതിന് പിന്നാലെ പല കോണില്‍ നിന്നും ഗീതുവിനെ വിമര്‍ശിച്ച് ചിലര്‍ എത്തിയിരുന്നു.