എറണാകുളം:നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് മരണം. കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലിരിക്കവേയാണ് അന്ത്യം. കവിയൂര്‍ പൊന്നമ്മയുടെ മൃതദേഹം നാളെ രാവിലെ 9 മണി മുതല്‍ ഉച്ചയ്‌ക്ക് 12 മണി വരെ കളമശ്ശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം വൈകിട്ട് നാലിന് ആലുവയിലെ വീട്ടുവളപ്പില്‍. സിനിമ നിര്‍മാതാവും സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന പരേതനായ മണിസ്വാമിയാണ് ഭര്‍ത്താവ്. ഏക മകള്‍ ബിന്ദു. മരുമകന്‍ വെങ്കിട്ടറാം (യുഎസ് യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗനില്‍ പ്രഫസര്‍).
പത്തനംതിട്ടയിലെ കവിയൂരില്‍ ടിപി ദാമോദരന്‍റെയും ഗൗരിയമ്മയുടെയും മകളായി 1944 ജനുവരി 6ന് പൊന്നമ്മ ജനിച്ചു. അന്തരിച്ച കവിയൂര്‍ രേണുക അടക്കം ആറുമക്കളായിരുന്നു. പൊന്നമ്മയ്ക്ക് ഒരു വയസുള്ളപ്പോള്‍ കവിയൂരില്‍ നിന്ന് കോട്ടയത്തെ പൊന്‍കുന്നത്തേക്ക് താമസം മാറി.
1000ത്തിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നാല് തവണ സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1965ല്‍ 'കുടുംബിനി' എന്ന ചിത്രത്തില്‍ രണ്ട് കുട്ടികളുടെ അമ്മയായെത്തിയ പൊന്നി പിന്നീട് അമ്മ വേഷങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു.
മറക്കാനാകാത്ത സിനിമകള്‍:വാത്സല്യനിധിയായ അമ്മ മലയാളത്തിന്‍റെ തിരശീലയില്‍ നിറഞ്ഞു നിന്നത് ആറ് പതിറ്റാണ്ടിന് മേലെയാണ്. മലയാള സിനിമയിലെ അമ്മ എന്ന് ചിന്തിക്കുമ്പോള്‍ തന്നെ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് കവിയൂര്‍ പൊന്നമ്മയുടെ മുഖമാണ്. അസുരവിത്ത്, വെളുത്ത കത്രീന, ക്രോസ് ബെല്‍റ്റ്, നിര്‍മാല്യം, നെല്ല്, തനിയാവര്‍ത്തനം, നഖക്ഷതകള്‍, ഹിസ് ഹൈനസ് അബ്‌ദുള്ള, കിരീടം, ചെങ്കോല്‍, ഭരതം, ഓടയില്‍ നിന്ന്, അന്വേഷിച്ചു കണ്ടെത്തിയില്ല, അസുരവിത്ത്, നദി, ഒതേനന്‍റെ മകള്‍, ശരശയ്യ, വിത്തുകള്‍, ആഭിജാത്യം, ശ്രീ ഗുരുവായൂരപ്പന്‍, ഏണിപ്പടികള്‍, പൊന്നാപുരം കോട്ട, ദേവി കന്യാകുമാരി, തുലാവര്‍ഷം, സത്യവാന്‍ സാവിത്രി, കൊടിയേറ്റം, ചാമരം, സുകൃതം, കരിമ്പന, ഓപ്പോള്‍, ഇളക്കങ്ങള്‍, സുഖമോ ദേവി, മഴവില്‍ക്കാവടി, വന്ദനം, ദശരഥം, കാട്ടുകുതി, വാത്സല്യം, മായാമയൂരം, തേന്‍മാവിന്‍ കൊമ്പത്ത്, ഒപ്പം, ഇവിടം സ്വര്‍ഗമാണ്, അരയന്നങ്ങളുടെ വീട്, കാക്ക കുയില്‍, സന്ദേശം, കുടുംബ സമേതം, വടക്കുനാഥന്‍, ബാബാ കല്യാണി ഇതുകൂടാതെ സത്യ എന്ന തമിഴ് സിനിമയിലും പ്രിയുരാലു എന്ന തെലുഗു സിനിമയിലും കവിയൂര്‍ പൊന്നമ്മ വേഷമിട്ടിട്ടുണ്ട്. 2021ല്‍ റിലീസ് ചെയ്‌ത ആണും പെണ്ണും എന്ന സിനിമയാണ് അവസാനമായി അഭിനയിച്ചത്.
കവിയൂര്‍ പൊന്നമ്മയുടെ അഭിനയ ജീവിതം:1965ല്‍ കുടുംബിനി എന്ന ചിത്രത്തില്‍ രണ്ട് കുട്ടികളുടെ അമ്മയായെത്തിയ പൊന്നി പിന്നീട് അമ്മ വേഷങ്ങളില്‍ നിറഞ്ഞു നിന്നു. വാത്സല്യവും സ്‌നേഹവും നിറഞ്ഞു തുളുമ്പുന്ന അമ്മയില്‍ പലരും സ്വന്തം അമ്മയെ കണ്ടു. മലയാള സിനിമയില്‍ 65 വര്‍ഷത്തിനിടയില്‍ നായകന്മാര്‍ പലരും മാറി മാറി വന്നെങ്കിലും ഈ മുഖശ്രീ തിളങ്ങുന്ന പൊന്നമ്മ മാറിയില്ല.
പ്രായത്തില്‍ മൂത്ത സത്യനും നസീറും മധു മുതല്‍ ഇങ്ങ് മോഹന്‍ ലാല്‍, മമ്മൂട്ടി, ദിലീപ് വരെ ഈ വാത്സല്യം തുളുമ്പുന്ന അമ്മയുടെ മക്കളായി മാറി. ഇത്രയും വര്‍ഷം മലയാളത്തിന്‍റെ അമ്മയായി നിറഞ്ഞ് നിന്ന കവിയൂര്‍ പൊന്നമ്മയുടെ അഭിനയ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞ് നോട്ടം.
സംഗീതത്തില്‍ നിന്നും അഭിനയത്തിലേക്ക്:ഒരു നിമിത്തം പോലെയാണ് കവിയൂര്‍ പൊന്നമ്മ അഭിനയ ജീവിതത്തിലേക്ക് വന്നത്. മൂന്നോ നാലോ വയസുള്ളപ്പോള്‍ ഡാന്‍സ് പഠിക്കാനായി അയച്ചു. ഇതിന് ഒരു കാരണമുണ്ട്. നല്ല തടിയുള്ള ഒരു കുട്ടിയായിരുന്നു കവിയൂര്‍ പൊന്നമ്മ. തടി കുറയ്ക്കാന്‍ നൃത്തം നല്ലതായിരിക്കുമെന്ന് വീട്ടുകാര്‍ക്ക് തോന്നി. അങ്ങനെ നൃത്ത പഠനത്തിനായി അയച്ചു. ദിവസങ്ങള്‍ ചെല്ലുന്തോറും തടിയൊന്നും കുറഞ്ഞില്ല. അതോടെ നൃത്ത പഠനവും ഉപേക്ഷിച്ചു. പിന്നീട് സംഗീതത്തിലേക്കായിരുന്നു ശ്രദ്ധ. ഹാര്‍മോണിയത്തിന്‍റെ ശബ്‌ദം കേട്ടാണ് സംഗീതം പഠിക്കാനുള്ള താത്പര്യം പൊന്നമ്മയുടെ ഉള്ളിലുണ്ടായത്. അങ്ങനെ അഞ്ച് വയസ് മുതല്‍ സംഗീതം പഠിച്ചു തുടങ്ങി.
ഹാര്‍മോണിയത്തോടുള്ള ഇഷ്‌ടം കാരണം പെട്ടി ഹാര്‍മോണിയം വേണമെന്ന് പറഞ്ഞ് വാശി പിടിച്ചു നടന്നിരുന്ന ഒരു കുട്ടിയായിരുന്നു. ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ അച്ഛന്‍ ഒരു ഹാര്‍മോണിയം വാങ്ങി കൊടുത്തു. അച്ഛനും സംഗീതത്തില്‍ വലിയ താത്‌പരനായിരുന്നു. വലിയ കച്ചേരിയൊക്കെ നടക്കുന്നിടത്തൊക്കെ അച്ഛന്‍ പൊന്നമയേയും കൂടെ കൂട്ടുമായിരുന്നു. അങ്ങനെ ഒരു ദിവസം തിരുനക്കര മൈതാനത്തുള്ള ഒരു പരിപാടി കാണാന്‍ അച്ഛനോടൊപ്പം പൊന്നമ്മയും പോയി. അവിടെ പാടുന്നത് ഒരു സുന്ദരിയാണ്. വൈരക്കമ്മലും വൈരമാലയുമൊക്കെ അണിഞ്ഞ് നെറ്റിയില്‍ വലിയ കുങ്കുമ പൊട്ടും തൊട്ട് പാടുന്ന സുന്ദരി. അവരുടെ പാട്ടിലേക്കായിരുന്നില്ല പൊന്നമ്മയുടെ ശ്രദ്ധ പോയത്. പകരം അവരുടെ സൗന്ദര്യത്തിലായിരുന്നു. സാക്ഷാല്‍ എംഎസ് സുബ്ബുലക്ഷ്‌മിയായിരുന്നു അത്. താന്‍ വലുതാവുമ്പോള്‍ അവരെ പോലെയാവണം എന്നൊരാഗ്രഹം ഉള്ളിലുദിച്ചിരുന്നു.
കവിയൂര്‍ കമ്മാളത്തകിടിയില്‍ ആയിരുന്നു പൊന്നമ്മയുടെ അരങ്ങേറ്റം. എംഎസ് സുബ്ബുലക്ഷ്‌മിയാണ് പാടുന്നതെന്ന് മനസില്‍ കരുതിയാണ് പാടിയത്. അന്ന് തന്നെയാണ് കവിയൂര്‍ എന്ന പേരും തന്‍റെ പേരിനോടൊപ്പം ചേര്‍ക്കപ്പെട്ടത്.
ആദ്യം പാടിയത് നാടകത്തില്‍:നാടകത്തില്‍ പാടിപ്പിക്കാനായി ദേവരാജന്‍ മാഷും മറ്റും വീട്ടില്‍ വന്നിരുന്നു. എംവിആര്‍ വര്‍മ പറഞ്ഞിട്ടായിരുന്നു അവരെത്തിയത്. അവര്‍ക്ക് മുന്നില്‍ ഒരു കീര്‍ത്തനം പാടി. അങ്ങനെ മൂലധനം എന്ന നാടകത്തില്‍ കവിയൂര്‍ പൊന്നമ്മ പാടി തുടങ്ങി. മൂന്ന് മാസത്തോളമായിരുന്നു റിഹേഴ്‌സല്‍. പക്ഷേ നാലുമാസമായിട്ടും പ്രധാന നടിയെ കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. എല്ലാവരും കൂടി പൊന്നമ്മയ്ക്ക് ഈ റോള്‍ കൊടുത്താലോ എന്ന് പറഞ്ഞു. അതുകേട്ടയുടനെ കരയാന്‍ തുടങ്ങി. പിന്നീട് തോപ്പില്‍ ഭാസി വന്ന് സമാധാനിപ്പിച്ചു. താന്‍ കാണിച്ചു തരുന്നത് പോലെ അങ്ങ് ചെയ്‌താല്‍ മതിയെന്ന് പറഞ്ഞു. അങ്ങനെ മൂലധനത്തില്‍ അഭിനയിച്ചു.