ഗായത്രി സുരേഷ് ഇടിവി ഭാരതിനോട് മലയാളികൾക്ക് പരിചയപ്പെടുത്തലിന്‍റെ ആവശ്യമില്ലാത്ത നടിയാണ് ഗായത്രി സുരേഷ്. കുഞ്ചാക്കോ ബോബൻ നായകനായ 'ജമ്‌നപ്യാരി' എന്ന ചിത്രത്തിലൂടെയാണ് മലയാളികൾക്ക് ഗായത്രി സുരേഷ് സുപരിചിതയാവുന്നത്. തുടർന്ന് 'ഒരേ മുഖം', 'ഒരു മെക്‌സിക്കൻ അപാരത', 'ചിൽഡ്രൻസ് പാർക്ക്' തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമയിൽ തന്‍റേതായ സ്ഥാനം ഉറപ്പിക്കാൻ ഗായത്രിക്കായി.
'ബദൽ' ആണ് ഗായത്രിയുടേതായി പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. ഏപ്രിൽ അഞ്ചിന് റിലീസ് ചെയ്യുന്ന 'ബദലി'ൽ നിർണായക കഥാപാത്രത്തെയാണ് ഗായത്രി സുരേഷ് അവതരിപ്പിക്കുന്നത്. തന്‍റെ പുതിയ വിശേഷങ്ങൾ ഇടിവി ഭാരതുമായി പങ്കുവയ്‌ക്കുകയാണ് ഗായത്രി സുരേഷ്.
അജയൻ ആണ് 'ബദൽ' സിനിമയുടെ സംവിധായകൻ. ചിത്രത്തിൽ ശ്വേത മേനോനും ഗായകൻ സിദ്ധാർഥും പ്രധാന വേഷങ്ങളിലുണ്ട്. കാടിന്‍റെ പശ്ചാത്തലത്തിൽ വിപ്ലവാത്മക ആശയങ്ങളുടെ ബാഹുല്യത്തോടെ ഒരുക്കിയിരിക്കുന്ന ഈ ചിത്രം തന്‍റെ കരിയറിലെ രണ്ടാമത്തെ ടേക്ക് ഓഫ് ആണെന്നാണ് ഗായത്രിയുടെ അഭിപ്രായം.
2022ൽ ആയിരുന്നു ഗായത്രി അഭിനയിച്ച 'ഉത്തമി' എന്ന ചിത്രം റിലീസ് ചെയ്യുന്നത്. ഓരോ ചിത്രത്തിനും ശേഷമുള്ള ഇടവേളകൾ പുതിയ കാര്യമല്ലെന്ന് ഗായത്രി പറയുന്നു. കരിയറിന്‍റെ തുടക്കം മുതൽ തന്നെ ഓരോ സിനിമകൾ തമ്മിലുള്ള ഇടവേളകൾ വലുതായിരുന്നു. വിജയമായാലും പരാജയമായാലും ഇതുവരെ അഭിനയിച്ച എല്ലാ സിനിമകളും തനിക്കേറെ പ്രിയപ്പെട്ടവയാണെന്നും ഗായത്രി വ്യക്തമാക്കി.
അതേസമയം, സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ വലിയ രീതിയിലുള്ള ഹേറ്റ് ക്യാമ്പയിനുകൾ നടന്നതായും ഗായത്രി മനസുതുറന്നു. ആദ്യമൊക്കെ സങ്കടം തോന്നിയിരുന്നു. പല ഇന്‍റർവ്യൂകളിലും വളരെ ആധികാരികമായി താൻ പറയുന്ന കാഴ്‌ചപ്പാടുകളെ വിമർശിച്ചും കളിയാക്കിയുമാണ് ഇത്തരം ക്യാമ്പയിനുകൾ നടന്നിട്ടുള്ളതെന്നും ഗായത്രി ചൂണ്ടിക്കാട്ടി.
ഞാൻ സംസാരിക്കുന്നത് വളരെ സത്യസന്ധമായി തന്നെയാണ് എന്നാണ് എന്‍റെ വിശ്വാസം. പല ആൾക്കാരും പല കാഴ്‌ചപ്പാടിലൂടെ അത് കേൾക്കുന്നതിന്‍റെ പ്രശ്‌നമാകാം. ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ ട്രോളുകൾ ഞാൻ ആസ്വദിക്കാറുണ്ട് എന്നതാണ് വാസ്‌തവം.
മൂന്ന് തെലുഗു സിനിമകളിലും ഗായത്രി വേഷമിട്ടിട്ടുണ്ട്. ഒരു ചിത്രത്തിൽ തെലുഗു തൃശൂർ സ്ലാങ്ങിൽ ഡബ്ബ് ചെയ്‌തു എന്ന പേരിൽ താരം കളിയാക്കലുകളും നേരിട്ടിരുന്നു. തെലുഗു തൃശൂർ സ്ലാങ്ങിൽ സംസാരിച്ചു എന്ന വസ്‌തുത താൻ തള്ളിക്കളയുന്നില്ലെന്ന് ഗായത്രി ചൂണ്ടിക്കാട്ടി. തെറ്റുകൾ എല്ലാവർക്കും സംഭവിക്കാം. തെറ്റുകളിലൂടെ വലിയ പാഠങ്ങൾ നമുക്ക് പഠിക്കാൻ ആകും.
'2019 വരെ ജോലിക്ക് ഒപ്പമാണ് സിനിമാഭിനയവും കൊണ്ടുപോയിരുന്നത്. കഴിഞ്ഞ കുറച്ചു നാളുകളിൽ കരിയറിന് എന്തെങ്കിലും സംഭവിച്ചു പോയിട്ടുണ്ടെങ്കിൽ ഇനി അതൊക്കെ തിരിച്ചുപിടിക്കാനുള്ള സമയമാണ്. അതിനുള്ള തുടക്കമാണ് 'ബദൽ' എന്ന ചിത്രം', ഗായത്രി പറയുന്നു.
ALSO READ:'ആ ബാഗ് തിരികെ കിട്ടുന്നതുവരെ ടെൻഷനായിരുന്നു, യഥാർഥ ഹക്കീമിനെ എന്നെങ്കിലും കണ്ടാൽ ഓടിപ്പോയി മുത്തംനൽകും...'