കേരളം

kerala

ETV Bharat / entertainment

'ബോഡി ഷെയിം ചെയ്‌ത് വേദനിപ്പിക്കരുത്': രോഗബാധിതയെന്ന് വെളിപ്പെടുത്തി നടി അന്ന രാജൻ - Anna Rajan on body shaming comments - ANNA RAJAN ON BODY SHAMING COMMENTS

തൈറോയ്‌ഡ് സംബന്ധിയായ അസുഖബാധിതയാണ് താനെന്ന് അന്ന രാജൻ

ANNA RAJAN VIDEOS  ANNA RAJAN INSTAGRAM POSTS  നടി അന്ന രാജൻ  ANNA RAJAN ABOUT ILLNESS
ANNA RAJAN

By ETV Bharat Kerala Team

Published : May 1, 2024, 11:13 AM IST

നൃത്തം ചെയ്യുന്ന വീഡിയോയുടെ താഴെ ബോഡി ഷെയിമിങ് കമന്‍റ് ഇട്ടവർക്ക് മറുപടിയുമായി നടി അന്ന രാജൻ. താൻ അസുഖ ബാധിതയാണെന്നും വീഡിയോ ഇഷ്‌ടപ്പെട്ടില്ലെന്നുവച്ച് ഇത്തരം കമന്‍റുകൾ പോസ്റ്റ് ചെയ്‌ത് വേദനിപ്പിക്കരുതെന്നും താരം സോഷ്യൽ മീഡിയയിൽ കുറിച്ചു. തൈറോയ്‌ഡ് സംബന്ധിയായ അസുഖബാധിതയാണ് താനെന്നാണ് അന്ന രാജന്‍റെ വെളിപ്പെടുത്തൽ.

ഓട്ടോഇമ്മ്യൂൺ തൈറോയ്‌ഡ് എന്ന അസുഖമുള്ളതുകൊണ്ട് ശരീരം ചിലപ്പോൾ തടിച്ചും ചിലപ്പോൾ മെലിഞ്ഞും ഇരിക്കുമെന്നാണ് അന്ന പറയുന്നത്. മുഖം വീർക്കുകയും സന്ധികളിൽ നീർവീക്കവും വേദനയും ഉണ്ടാകും. അസുഖം ഉണ്ടെന്ന് കരുതി ഒന്നും ചെയ്യാതെയിരിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ താരം തന്‍റെ വീഡിയോകൾ കാണാൻ താത്‌പര്യമില്ലാത്തവർ കാണേണ്ടെന്നും പറഞ്ഞു.

അന്ന രാജന്‍റെ പോസ്റ്റ്

സമൂഹമാധ്യമത്തി‌ൽ താരം പങ്കുവച്ച കുറിപ്പ് ഇങ്ങനെ : ‍'ഞാൻ പോസ്റ്റ് ചെയ്യുന്ന വീഡിയോകളോ എന്നെ തന്നെയോ നിങ്ങൾക്ക് ഇഷ്‌ടമല്ലെങ്കിൽ അത് പറയാം. പക്ഷെ ഇതുപോലെയുള്ള കമന്‍റ് ഇടുന്നതും ആ കമന്‍റിന് മറ്റ് പലരും ലൈക്ക് ചെയ്യുന്നത് കാണുന്നതും ഏറെ വേദനാജനകമാണ്.

ഞാൻ പങ്കുവച്ച നൃത്ത വീഡിയോയിൽ എന്‍റെ ചലനങ്ങൾക്ക് തടസമാകുന്ന നിരവധി കാര്യങ്ങൾ ഉണ്ടായിരുന്നു. ഓട്ടോ ഇമ്മ്യൂൺ തൈറോയ്‌ഡ് എന്ന രോഗത്തിനെതിരെ പോരാടുന്ന ഒരു വ്യക്തിയാണ് ഞാൻ. എന്‍റെ ശരീരത്തിന് ചിലപ്പോൾ വീക്കം അനുഭവപ്പെടും അടുത്ത ദിവസം വളരെ മെലിയും, മറ്റുചിലപ്പോൾ മുഖം വീർക്കുകയും സന്ധികളിൽ നീർവീക്കവും വേദനയും ഉണ്ടാവുകയും ചെയ്യും. ഇത്തരത്തിൽ നിരവധി രോഗലക്ഷണങ്ങൾ ഇടയ്‌ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്.

രണ്ടുവർഷമായി ഞാൻ ഇങ്ങനെ ബുദ്ധിമുട്ടുകയാണ്. എങ്കിലും എന്‍റെ കഴിവിന്‍റെ പരമാവധി കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നു. ഒന്നും ചെയ്യാതെ വീട്ടിൽ ഇരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, കാരണം ഈ ലോകം എന്‍റേത് കൂടിയാണ്. നിങ്ങൾക്ക് എന്‍റെ വീഡിയോകൾ ഇഷ്‌ടപ്പെടുന്നില്ലെങ്കിൽ അത് കാണാതിരിക്കുക. ഇത്തരത്തിലുള്ള കമന്‍റുമായി ദയവായി വരാതിരിക്കുക'.

തന്‍റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കാകുലരായ എല്ലാവർക്കും, പ്രത്യേക കരുതലുള്ള അഭിപ്രായങ്ങൾക്കും വളരെ നന്ദിയെന്നും താരം വീഡിയോയ്‌ക്ക് താഴെ കുറിച്ചു. 'എന്‍റെ വസ്‌ത്രം മൂലം എൻ്റെ നൃത്തച്ചുവടുകളിൽ പരിമിതി ഉണ്ടായിരുന്നുവെന്നു മാത്രമല്ല വളരെ ചൂടുള്ള കാലാവസ്ഥയായിരുന്നു. കൂടാതെ, ഞാൻ ഒരു പ്രൊഫഷണൽ നർത്തകിയല്ല, മറിച്ച് പാഷനേറ്റായ ഒരു നർത്തകി മാത്രമാണ്.

പക്ഷേ പരിമിതികൾക്കിടയിൽ നിന്ന് ശ്രമിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. അടുത്ത തവണ ഒരു തടസവുമില്ലാതെ നൃത്തം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ദയവായി സാഹചര്യം മനസിലാക്കി നിങ്ങളുടെ പിന്തുണ തുടരുക. നിങ്ങൾ എല്ലാവരോടും എനിക്ക് സ്‌നേഹമാണ്...എൻ്റെ ഇൻസ്റ്റയിൽ കമൻ്റിടുന്നവരെല്ലാം എൻ്റെ ആരാധകരാണ്...അതിനാൽ ദയവായി എന്നെ പിന്തുണയ്ക്കു‌ന്നത് തുടരുക'- അന്നയുടെ വാക്കുകൾ ഇങ്ങനെ.

ALSO READ:'കുടുംബ സ്‌ത്രീയും കുഞ്ഞാടും' പൂർത്തിയായി; മുഖ്യവേഷങ്ങളിൽ ധ്യാനും അന്ന രേഷ്‌മയും

ABOUT THE AUTHOR

...view details